പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ – 8 സുഡാനിലെ നിര്‍ബന്ധിത മത പരിവര്‍ത്തനം 

മറിയം യാഹ്യ ഇബ്രാഹിം ഇഷാക് (Maryam Yaḥyā Ibrahīm Isḥaq) എന്ന സുഡാനി സ്ത്രീയുടെ ജീവിതം ലോകശ്രദ്ധ ആകര്‍ഷിച്ചതാണ്. 2014 -ലാണ് സംഭവം നടക്കുന്നത്. സുഡാനിലെ കോടതി അവള്‍ക്കു ശിക്ഷയായി 100 ചാട്ടവാറടിയും മരണവും വിധിച്ചു. 100 ചാട്ടവാറടി വ്യഭിചാരക്കുറ്റത്തിനും, മരണം ദൈവദൂഷണക്കുറ്റത്തിനും. അവളുടെ അപ്പന്‍ മുസ്ലീമും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. അപ്പന്‍ ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയ അവളെ അമ്മ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ വളര്‍ത്തി. വിവാഹപ്രായം എത്തിയപ്പോള്‍ അമ്മ അവളെ ഒരു ക്രിസ്ത്യനിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. മുസ്ലീം പിതാവിന്‍ നിന്നു ജനിച്ചതിനാല്‍ അവളെ മുസ്ലീം ആയാണ് സുഡാനിലെ നിയമം കണക്കാക്കുന്നത്; അതിനാല്‍ ഒരു ക്രിസ്ത്യന്‍ പുരുഷനെ വിവാഹം കഴിച്ചതിനാല്‍ അത്  വ്യഭിചാരക്കുറ്റമായി സുഡാനിലെ കോടതി കണക്കാക്കി. അതിനാണ് 100 ചാട്ടവാറടി ശിക്ഷയായി വിധിച്ചത്.

താന്‍ ജന്മം മുതല്‍ ഒരു ക്രിസ്ത്യാനിയാണെന്നും ക്രിസ്ത്യാനിയായി ജീവിക്കുകയാണെന്നും അവള്‍ കോടതിയെ അറിയിച്ചു. താന്‍ തന്റെ ഭര്‍ത്താവിന്റെ കൂടെയാണ് ജീവിക്കുന്നത്, അത് വ്യഭിചാരമായി കണക്കാക്കാന്‍ ആവില്ല എന്നും അവള്‍ വാദിച്ചു. അതോടെ ക്രിസ്തുമതം വിട്ട് ഇസ്ലാമിനെ അനുഗമിക്കാന്‍ ജഡ്ജി അവളോട്‌ ആവശ്യപ്പെട്ടു. താന്‍ എന്നും ക്രിസ്ത്യാനിയായി ജീവിക്കും എന്നായിരുന്നു അവുടെ മറുപടി. അതോടെ അവള്‍ ഇസ്ലാമിനെതിരെ പറഞ്ഞു, ദൈവദൂഷണ കുറ്റം ചെയ്തു എന്നായി വാദം. അതിന്റെ പേരില്‍ 2014 മെയ്‌ 15 – ന് അവള്‍ക്കു വധശിക്ഷ വിധിച്ചു.

ഇസ്ലാമിലേയ്ക്ക് മതം മാറാന്‍ അവള്‍ക്കു മൂന്നു ദിവസത്തെ സമയം കൊടുത്തു. പക്ഷേ, അവര്‍ നിരസിച്ചു. “ജീവിതകാലം മുഴുവന്‍ ഞാന്‍ ക്രിസ്ത്യാനിയായിരുന്നു. എനിക്കത് ഉപേക്ഷിക്കാനാവില്ല. കോടതി പറയും പോലെ മാറ്റാന്‍ പറ്റുന്നതല്ല എന്റെ യഥാര്‍ത്ഥ വിശ്വാസം.” ഇതായിരുന്നു അവളുടെ മറുപടി. ഏതായാലും അവളുടെ ഭര്‍ത്താവു ഡാനിയേല്‍ വാണിയുടെ അപ്പീലില്‍  2014 ജൂണ്‍ 14 – ന്  അവള്‍ക്കു ജാമ്യം ലഭിച്ചു. അതിനടുത്ത ദിവസം അമേരിക്കയിലേയ്ക്ക് പോകാന്‍ ശ്രമിച്ച അവളേയും കുടുംബത്തെയും വിമാനത്താവളംത്തില്‍ വച്ച് സുഡാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അപ്പോഴേയ്ക്കും ഈ കേസ് ലോക രാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടന്‍, കാനഡ, നെതര്‍ലന്‍ഡ്‌സ്‌, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടായി.

ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മറിയം ഇബ്രാഹിമിന് അനുകൂലമായും മുസ്ലീം തീവ്ര ഗ്രൂപ്പുകള്‍ എതിരായും പ്രചരണം ആരംഭിച്ചു. 2014 ജൂണ്‍ 24 – ന്  മറിയം ഇബ്രാഹിമും കുടുംബവും അമേരിക്കന്‍ എംബസിയില്‍ അഭയംതേടി. 2014 ജൂലൈ 24 – ന്  മറിയം ഇബ്രാഹിമും കുടുംബവും ഒരു ഇറ്റാലിയന്‍ ഗവര്‍മെന്റ് വിമാനത്തിനു റോമിലെത്തി.
തുടര്‍ന്നു, മറിയം ഇബ്രാഹിമും കുടുംബവും വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് പാപ്പായെ കണ്ടു. അവരുടെ “ധീരതയേയും വിശ്വാസത്തില്‍ ഉള്ള ഉറപ്പിനെയും” പാപ്പാ അഭിനന്ദിച്ചു. ഇപ്പോള്‍ അവര്‍ അമേരിക്കയിലാണ്.

മറിയം ഇബ്രാഹിം പിന്നീട് പറയുകയുണ്ടായി: “ജയിലിലെ എന്റെ ജീവിതം സുഖകരമായിരുന്നില്ല. വിശ്വാസത്തിന്റെ കാര്യത്തില്‍ എന്നെക്കാളും ദുരിതം അനുഭവിക്കുന്നവര്‍ സുഡാനില്‍ ഉണ്ട്. എല്ലാം നിയമത്തിന്റെ മറവിലാണ് അവര്‍ ചെയ്യുന്നത്. സംരക്ഷിക്കുന്നതിനു പകരം ഉപദ്രവിക്കാനാണ് അവര്‍ നിയമം ഉപയോഗിക്കുന്നത്.”

അവള്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. മറിയം ഇബ്രാഹിമിനെപ്പോലെ അനേകലക്ഷംക്രിസ്ത്യാനികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം മത പീഡനത്തിനു കീഴിലാണ്. സുഡാനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി അഹമെദ് ബിലാല്‍ ഓസാം ‘മറിയം ഇബ്രാഹിം സംഭവ’ത്തെ ന്യായീകരിച്ചു നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: സുഡാനില്‍ മാത്രമല്ല, സൗദി അറേബ്യയിലും മറ്റെല്ലാ മുസ്ലീം രാജ്യങ്ങളിലും ഇങ്ങനെയാണ്. ഒരു മുസ്ലീമിന് അവന്റെ മതം മാറാന്‍ അനുവാദം ഇല്ല.” മതം മാറുന്നവനെ കൊല്ലുക എന്നതാണ് നിയമം. ഇസ്ലാമിലേയ്ക്ക് ആരെയും ഏതു രീതി ഉപയോഗിച്ചും മതം മാറ്റം. പക്ഷേ, ഇസ്ലാമില്‍ നിന്ന് ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം മറ്റേതു മതത്തിലേയ്ക്ക് പോയാലും അയാള്‍ക്ക് മരണമാണ് ഈ രാജ്യങ്ങള്‍ വിധിക്കുന്നത്.

സുഡാന്റെ ക്രിസ്തീയ പശ്ചാത്തലം 

ആദ്യ നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം സുഡാനില്‍ – അന്നത്തെ നൂബിയ – എത്തിയിരുന്നു. ഈസ്റ്റേണ്‍ റോമന്‍ സാമ്രാജ്യത്തിന്റെ സ്വാധീനത്തില്‍ ക്രിസ്തുമതം അവിടെ വളര്‍ന്നു. ബൈസന്റ്റൈന്‍ ചക്രവര്‍ത്തി ജെസ്റ്റീനിയന്‍ ഒന്നാമനാണ് ക്രിസ്തുമതത്തെ നൂബിയയില്‍ പ്രബലമാക്കിയത്. എ.ഡി. 580 – ഓടെ അവിടുത്തെ ഔദ്യോഗിക മതമായി ക്രിസ്തുമതം മാറി. കോപ്ടിക് ക്രിസ്ത്യാനികളുടെ കേന്ദ്രമായിരുന്നു നൂബിയ. ഫരാസ് കത്തീധ്രല്‍ കേന്ദ്രമാക്കിയായിരുന്നു ക്രിസ്തുമതത്തിന്റെ വളര്‍ച്ച.

എഴാം നൂറ്റാണ്ടു മുതല്‍ നൂബിയന്‍ ക്രിസ്ത്യന്‍ സാമ്രാജ്യത്തിനു ഭീഷണിയായി മുസ്ലീം അധിനിവേശം ആരംഭിച്ചു. 650 – ല്‍  നൂബിയന്‍ ക്രിസ്ത്യന്‍ രാജ്യമായ നോബതിയയും (Nobatia) 1312 – ല്‍ നൂബിയന്‍ ക്രിസ്ത്യന്‍ രാജ്യമായ മക്കൂരിയയും (Makuria) 1504 – ല്‍  നൂബിയന്‍ ക്രിസ്ത്യന്‍ രാജ്യമായ ആലോദിയയും (Alodia) മുസ്ലീമുകള്‍ കീഴടക്കി. 1504 – ല്‍ മുസ്ലീം ഫുന്‍ജി സുല്‍ത്താനേറ്റ് നിലവില്‍ വന്നു (Muslim Funj Sultanate). പിന്നീട് വിവിധ ഇസ്ലാമിക ഭരണാധികാരികള്‍ അവിടെ ഉണ്ടായി. നൂബിയ ക്രമേണ സുഡാന്‍ എന്ന് അറിയപ്പെട്ടുതുടങ്ങി. 1874 – ഈജിപ്റ്റ്, സുഡാനെ കീഴടക്കി. 1882 – ല്‍ ബ്രിട്ടന്റെ ഈജിപ്റ്റ് അധിനിവേശം നടന്നു; 1898 – ല്‍ സുഡാന്‍ അധിനിവേശവും. 1955 – വരെ ബ്രിട്ടനും ഈജിപ്റ്റും ഒരുമിച്ചു സുഡാനിലെ ഭരണം നടത്തി. 1898 – നും 1955 – നും ഇടയില്‍ സുഡാന്‍ അറിയപ്പെട്ടിരുന്നത് ‘ആഗ്ലോ – ഈജിപ്ഷ്യന്‍ സുഡാന്‍’ എന്നായിരുന്നു.

ഇപ്പോഴത്തെ സുഡാന്‍

വടക്ക് കിഴക്കൻ ആഫ്രിക്കയിലെ മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യമാണ് സുഡാന്‍ (റിപ്പബ്ലിക് ഓഫ് സുഡാന്‍ / ഉത്തര സുഡാന്‍). 1956 – ലാണ് സുഡാന്‍ ബ്രിട്ടന്‍/ഈജിപ്റ്റ്‌ ശക്തികളില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത്. അന്നുമുതല്‍ ആഭ്യന്തരയുദ്ധത്തിന്റെ ചരിത്രവും തുടങ്ങുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള വടക്കന്‍ സുഡാനിലെ ജനങ്ങളും ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ദക്ഷിണ സുഡാനിലെ ജനങ്ങളും തമ്മിലായിരുന്നു ആഭ്യന്തരയുദ്ധം. ആദ്യ രണ്ട് ആഭ്യന്തരയുദ്ധങ്ങള്‍ 1972 ആയപ്പോഴേയ്ക്കും അവസാനിച്ചു.

പക്ഷേ, 1983 – ല്‍ വീണ്ടും കലഹം തുടങ്ങി. പട്ടിണിയും കലാപവും ഒരുമിച്ചു സുഡാനെ കീഴടക്കി എന്നു പറയാം. ദക്ഷിണ സുഡാനില്‍ എണ്ണയുടെ ഉറവിടം കണ്ടുപിടിച്ചതോടെ യുദ്ധം കൂടുതല്‍ രൂക്ഷമായി. 1985 – ല്‍ ക്രിസ്ത്യന്‍ പീഡനവും വര്‍ദ്ധിച്ചു. മുസ്ലീം തീവ്രവാദികള്‍ ക്രിസ്ത്യന്‍ നേതാക്കളെയും പുരോഹിതരെയും കൊന്നൊടുക്കി. പള്ളികള്‍ക്ക് ബോംബിട്ടു. ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ക്കും ആശുപത്രികള്‍ക്കും സ്കൂളുകള്‍ക്കും മിഷന്‍ കേന്ദ്രങ്ങള്‍ക്കും തീയിട്ടു. ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി; കുട്ടികളെ അടിമകളാക്കി.

1989 – ല്‍ തീവ്രവാദിയായ ഒമര്‍ അല്‍-ബഷീര്‍ പ്രസിഡന്റ് ആയതോടെ ക്രിസ്ത്യന്‍ പീഡനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. 2005 – ല്‍ നടന്ന സമാധാന ഉടമ്പടിയോടെ യുദ്ധം അവസാനിച്ചു. പക്ഷേ അതിനിടയില്‍ രണ്ടു മില്ല്യന്‍ ജനങ്ങള്‍ കൊല്ലപ്പെടുകയും നാലു മില്ല്യന്‍ ജനങ്ങള്‍ ചിതറിക്കപ്പെടുകയും ചെയ്തു. 2005 – ലെ സമാധാന ഉടമ്പടി, 2011 – ലെ സുഡാന്‍ വിഭജനത്തിലെത്തി. മുസ്ലീം ഭൂരിപക്ഷമുള്ള സുഡാനും ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ദക്ഷിണ സുഡാനും.

ഒമര്‍ അല്‍-ബഷീറിന്റെ ക്രൈസ്തവ പീഡനം 

1989 മുതല്‍ സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍-ബഷീറിന്റെ ഏകാധിപത്യ ഭരണത്തിന്റെ കീഴിലായിരുന്നു. 2019 – ലാണ് അതിനു മാറ്റം വരുന്നത്. ഒമര്‍ അല്‍-ബഷീറിന്റെ തീവ്ര ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ ക്രിസ്ത്യാനികള്‍ക്ക് വലിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. 2011 – ല്‍ ദക്ഷിണ സുഡാന്‍ പിരിഞ്ഞുപോയത്തിനു ശേഷം പീഡനങ്ങളുടെ തീവ്രത വര്‍ദ്ധിച്ചു. ‘ശരിയ’ നിയമത്തിനു കീഴില്‍ ഇസ്ലാമിക സംസ്ക്കാരവും അറബി ഭാഷയും നിര്‍ബന്ധമാക്കി.

മര്‍ദനങ്ങളും അറസ്റ്റുകളും പീഡനങ്ങളും തുടര്‍ന്നു. വിദേശ ക്രിസ്ത്യാനികളെ പുറത്താക്കി. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ദക്ഷിണ സുഡാനിലെ ക്രിസ്ത്യാനികളുടെതാണ് പള്ളികള്‍ എന്നുപറഞ്ഞു പള്ളികള്‍ തകര്‍ത്തു. ക്രിസ്ത്യാനികള്‍ ദക്ഷിണ സുഡാനിലേയ്ക്ക് പോയില്ലങ്കില്‍ കൊല്ലും എന്നായിരുന്നു ഭീഷണി. ജന്മം കൊണ്ട് ദക്ഷിണ സുഡാനികള്‍ ആയിരുന്നവരെ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തു. ഇനി മുതല്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ലൈസന്‍സ് നല്‍കുകയില്ല എന്ന പ്രഖ്യാപനം 2013-ല്‍ ഉണ്ടായി. 2019 – ല്‍ പ്രസിഡന്റ് ബഷീര്‍ പുറത്താക്കപ്പെടും വരെ സുഡാനില്‍ ഇസ്ലാമൈസേഷന്‍ തുടര്‍ന്നു. സുന്നി ഭൂരിപക്ഷവും ‘ശരിയാ’ നിയമവും ഇസ്ലാമികവല്‍ക്കരണത്തിന് കുടപിടിക്കുകയായിരുന്നു സുഡാനില്‍.

2019 – ല്‍ പുതിയ ഭരണം  

ബഷീര്‍ പുറത്താക്കപ്പെട്ടതിനു ശേഷം സുഡാനിലെ ഔദ്യോഗിക നേതൃത്വത്തിന് ക്രിസ്ത്യാനികളോടുള്ള മനോഭാവത്തിനു മാറ്റം വന്നു എന്നുവേണം കരുതാന്‍. കാരണം 2019 – ലെ ക്രിസ്മസ് ചടങ്ങുകള്‍ക്ക് സീനിയര്‍ ഗവണ്മെന്‍റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഒപ്പം ക്രിസ്മസ് ദേവാലയ ശുശ്രൂഷകള്‍ സുഡാന്‍ ടി.വി. യിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. മാത്രമല്ല ക്രിസ്മസ് പൊതുഅവധിയായി ഗവണ്മെന്‍റ് പ്രഖ്യാപിക്കുകയും ചെയ്തു. 2011 – മുതല്‍ ക്രിസ്മസ് അവധി സുഡാനില്‍ നിരോധിച്ചിരുന്നു.

മത സ്വാതന്ത്ര്യം 

ക്രിസ്മസ് ദിനത്തില്‍ വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച ശേഷം സുഡാനിലെ മതകാര്യ മന്ത്രി നാസര്‍ അല്‍-ഡിന്‍ മുഫ്ര്ഷ്‌, മുന്‍ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ അനുഭവിച്ച മത പീഡനങ്ങള്‍ക്ക് മാപ്പ് പറയുകയുണ്ടായി. “ഞാന്‍ നിങ്ങളോട് മാപ്പ് പറയുന്നു. നിങ്ങള്‍ അനുഭവിച്ച അടിച്ചമര്‍ത്തലിനും നിങ്ങളുടെ ദേവാലയങ്ങള്‍ തകര്‍ത്തതിനും കണ്ടുകെട്ടിയതിനും നിങ്ങളുടെ വസ്തുവകകള്‍ പിടിച്ചെടുത്തതിനും അന്യായമായി അറസ്റ്റ് ചെയ്തതിനും ഞാന്‍ മാപ്പു ചോദിക്കുന്നു.” പിടിച്ചെടുത്ത വസ്തുവകകള്‍ ക്രിസ്ത്യാനികള്‍ക്ക് തിരികെ കൊടുക്കുമെന്നും എല്ലാ മതക്കാര്‍ക്കും അവരവരുടെ മത സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഒരു അന്താരാഷ്ട്ര അറബി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

പുതിയ ഭരണകൂടം പല നിയമങ്ങളിലും മാറ്റം വരുത്തി. ഉദാഹരണത്തിന് ദൈവദൂഷണ കുറ്റത്തിനുള്ള വധ ശിക്ഷ റദ്ദാക്കി. പൊതുനിരത്തില്‍ വച്ചുള്ള ചമ്മട്ടിയടി ശിക്ഷ നിര്‍ത്തലാക്കി. സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു.

തീവ്രഇസ്ലാമിക വാദികളുടെ പ്രതിഷേധം 

പുതിയ ഭരണകൂടത്തിന്റെ തീരുമാനങ്ങളെ ലോകരാഷ്ട്രങ്ങളും സുഡാനിലെ നല്ല മനുഷ്യരും സ്വാഗതം ചെയ്തു. പക്ഷേ, തീവ്ര ഇസ്ലാമിക വാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള ആഹ്വാനം നടത്താനായി സോഷ്യല്‍ മീഡിയ അവര്‍ കൂടുതലായി ഉപയോഗിക്കുന്നു. തീവ്ര ഇസ്ലാമിക വാദിയായ അബ്ദുള്ള യൂസഫ്‌ (തീവ്രവാദ കുറ്റത്തിന്റെ പേരില്‍ സുഡാനില്‍ നിന്ന് പുറത്താക്കപ്പെട്ട് തുര്‍ക്കിയില്‍ കഴിയുകയാണ്), “ഇസ്ലാമിക നിയമത്തിനെതിരെ നീങ്ങുന്ന ഈ ഗവണ്മെന്റിനെ പുറത്താക്കേണ്ടത് ഓരോ മുസ്ലീമിന്റെയും കടമയാണ്” എന്ന പ്രസ്താവനയുമായി രംഗത്ത്‌ എത്തിയിരിക്കുന്നു.

പഴയ പ്രസിഡന്റിന്റെ പാര്‍ട്ടിയായ നാഷണല്‍ കോണ്ഗ്രസ് പാര്‍ട്ടി, വെള്ളിയാഴ്ച നിസ്ക്കാരത്തിന് ശേഷം തെരുവില്‍ ഇറങ്ങാന്‍ ജനങ്ങളെ ആഹ്വാനംചെയ്തു. ‘മതേതരത്വം ഇവിടെ പാടില്ല’, ‘ഇവിടെ ഇസ്ലാമിക നിയമം മാത്രം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി 2020 ജൂലൈ 17 – ന് അവര്‍ പ്രക്ഷോഭം നടത്തുകയും ചെയ്തു.

എങ്കിലും 2020 സെപ്റ്റംബര്‍ മാസത്തില്‍, സുഡാനില്‍ മതവും രാഷ്ട്രീയവും തമ്മില്‍ വേര്‍തിരിക്കാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രി ഒപ്പുവച്ചു.

പുതിയ ഭരണകൂടത്തെ ക്രിസ്ത്യാനികള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പഴയ ഭരണത്തിന് കീഴില്‍ പിടിച്ചെടുക്കപ്പെട്ട തങ്ങളുടെ വസ്തു വകകള്‍ തിരികെ കിട്ടുമെന്ന വിശ്വാസത്തിലാണ് അവര്‍. പക്ഷേ, ഇപ്പോഴും മുഴങ്ങുന്ന തീവ്രവാദികളുടെ മുറവിളി അവരെ ഭയപ്പെടുത്തുന്നു. എങ്കിലും അവര്‍ ദൈവത്തില്‍ ആശ്രയം വച്ച് ജീവിക്കുകയാണ്.

(https://www.churchinchains.ie/country-profiles/sudan-country-profile/, https://www.churchinchains.ie/news-by-country/sub-saharan-africa/sudan/sudan-islamists-protest-against-governments-apostasy-reform/)

തുടരും 

നാളെ: പീഡനങ്ങളുടെ നടുവിലെ വിയറ്റ്നാം ക്രൈസ്തവർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.