പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ – 2 ഇറാനിലെ ക്രിസ്ത്യാനികളുടെ കണ്ണീര്‍

മേരി ഫാത്തെമാ മൊഹമ്മാദി (Mary (Fatemeh) Mohammadi) എന്ന, 21 വയസ്സുകാരി ഇറാനിയന്‍ ക്രിസ്ത്യന്‍ യുവതിക്ക് ജയിലില്‍ ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു. ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേയ്ക്ക് വന്നയാളാണ് മേരി മൊഹമ്മാദി. അതായിരുന്നു അവള്‍ കുറ്റവാളിയായി മുദ്രകുത്തപ്പെടാനുണ്ടായ പ്രധാന കാരണം. ഇസ്ലാം മതത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യുന്നത് ഇറാനിലെ വലിയ കുറ്റമാണ്. ആറു മാസം അവള്‍ക്ക് ജയിലില്‍ കഴിയേണ്ടിവന്നു.

ജയിലില്‍ അവള്‍ക്ക് തുടര്‍ച്ചയായി കൊടിയ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടിവന്നത്. ടോയ്‌ലറ്റുകള്‍ക്കു സമീപം കൊടുംതണുപ്പത്ത് മണിക്കൂറുകളോളം നിര്‍ത്തുക, 24 മണിക്കൂര്‍ സമയം ഒരു ഭക്ഷണവും നല്‍കാതിരിക്കുക, പുരുഷ-വനിതാ ഉദ്യാഗസ്ഥര്‍ മാറിമാറി മര്‍ദ്ദിക്കുക തുടങ്ങിയവ അവള്‍ സഹിച്ച പീഡനങ്ങളില്‍ ചിലതു മാത്രം. രണ്ടുതവണ പരിപൂര്‍ണ്ണ വിവസ്ത്രയാക്കി വനിതാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വസ്ത്രം മാറ്റിയില്ലെങ്കില്‍ ബലമായി വലിച്ചുകീറും എന്നായിരുന്നു ഭീഷണി.

“ഞാന്‍ ജയിലിലായിരുന്നപ്പോള്‍ എന്നെ ഓര്‍മ്മിക്കുകയും എന്റെ അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. എന്റെ ജീവിതത്തിലെ വിഷമമേറിയ സമയങ്ങളില്‍ എന്നോടൊപ്പം നിന്നതിനും നന്ദി.” അവള്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ച വരികളാണിവ.

കഴിഞ്ഞ വര്‍ഷം മേരി ഒരു ക്യാമ്പയിന്‍ നടത്തിയിരുന്നു, ‘കാഹ്മ’ (Kahma) എന്ന പേരില്‍. എല്ലാ ക്രിസ്ത്യാനികള്‍ക്കും പള്ളിയില്‍ പോകാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു ആ പോരാട്ടം. ജന്മം കൊണ്ടുതന്നെ ക്രിസ്ത്യാനികളായവര്‍ക്കും ക്രിസ്തുമതത്തിലേയ്ക്ക് പിന്നീട് കടന്നുവന്നവര്‍ക്കും ഒരുപോലെ ഈ അവകാശം നല്‍കണമെന്ന ആവശ്യമാണ് അവള്‍ ആ ക്യാമ്പയിനിലൂടെ നടത്തിയത്. പീഡനങ്ങള്‍ക്കൊന്നും തങ്ങള്‍ക്ക് ക്രിസ്തുവിലുള്ള വിശ്വാസം ഇല്ലാതാക്കാന്‍ കഴിയുകയില്ല എന്ന സന്ദേശമാണ് അതിലൂടെ അവള്‍ ലോകത്തിനു നല്‍കിയത്. 2020 ഏപ്രില്‍ 21-നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇറാനിയന്‍ ക്രിസ്ത്യാനികള്‍ ഈ കാലഘട്ടത്തില്‍ അനുഭവിക്കുന്ന വലിയ സഹനങ്ങളിലേയ്ക്കുള്ള ഒരു ചൂണ്ടുവിരല്‍ മാത്രമാണ് മേരി മൊഹമ്മാദി എന്ന യുവതിയുടെ അനുഭവം. ഇതുപോലെ അനേക സംഭവങ്ങളാണ് മുസ്ലീം രാഷ്ട്രമായ ഇറാനില്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇറാനില്‍ ക്രിസ്തുമതത്തിന്റെ തുടക്കം 

സത്യത്തില്‍ ക്രിസ്തുമതത്തിന്റെ തുടക്കം മുതല്‍ ഇറാനില്‍ – അന്നത്തെ പേര്‍ഷ്യയില്‍ ക്രിസ്തുമതത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. നടപടി പുസ്തകത്തില്‍ രണ്ടാം അദ്ധ്യായം ഒന്‍പതാം വാക്യത്തില്‍ അതിന്റെ സൂചനകളുണ്ട്. “പെന്തക്കുസ്താ ദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒന്നിച്ചുകൂടിയിരിക്കുകയായിരുന്നു (1)… പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസപ്പൊട്ടോമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും  “…(9). ഇവിടെ പരാമര്‍ശിക്കുന്ന പാര്‍ത്തിയാക്കാര്‍ എന്നാല്‍ പാര്‍ത്തിയായില്‍ നിന്നുള്ളവര്‍ എന്നര്‍ത്ഥം. ‘പാര്‍ത്തിയാ’ ഇന്നത്തെ ഇറാന്റെ ഭാഗമാണ്. ബി.സി. 247 മുതല്‍ എ.ഡി. 224 വരെ നീണ്ടുനിന്ന പാര്‍ത്തിയന്‍ സാമ്രാജ്യം ഇന്നത്തെ ഇറാനിലാണ്. ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇന്‍ ഇറാന്‍’ (A Brief History of Christianity in Iran) എന്ന ലേഖനത്തില്‍ മസൂമേ പ്രൈസ് (Massoumme Price) രേഖപ്പെടുത്തിയിരിക്കുന്നത് ക്രിസ്തുമതം ഇറാനില്‍ വന്നുചേര്‍ന്നത് ‘പാര്‍ത്തിയന്‍ കാലഘട്ട’ ത്തിലാണ് എന്നാണ്. എന്നുവച്ചാല്‍ നടപടി പുസ്തകത്തിലുള്ള സൂചനപോലെ തുടക്കത്തില്‍ തന്നെ പേര്‍ഷ്യയില്‍ ക്രിസ്തുമതം വന്നുചേര്‍ന്നിരുന്നു. അതേ ലേഖനത്തില്‍ തന്നെ അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ പേര്‍ഷ്യന്‍ സഭയില്‍ 230 മെത്രാന്മാര്‍ ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.

തുടക്കം മുതല്‍ പീഡനം 

ആദ്യ കാലഘട്ടത്തിലെ പേര്‍ഷ്യന്‍ ഭരണാധികാരികളില്‍ നിന്നും ക്രിസ്ത്യാനികള്‍ക്ക് നല്ല അനുഭവമായിരുന്നില്ല ഉണ്ടായത്. മര്‍ദ്ദനങ്ങളും പീഡനങ്ങളുമുണ്ടായിരുന്നു. ഇസ്ലാമിന്റെ വരവോടെയും കീഴടക്കലോടെയും മതമര്‍ദ്ദനം അതിന്റെ പൂര്‍ണ്ണതയിലെത്തി. ഇന്ന് നൂറ്റാണ്ടുകള്‍ കടന്നു പോയിട്ടും മുസ്ലീം ഭരണാധികാരികള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് തുടരുന്നു. നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ഇറാനിലെ ക്രിസ്ത്യാനികളുടെ അവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നതും പ്രഘോഷിക്കുന്നതും കുറ്റകരം  

ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രിസ്തു വിശ്വാസം സ്വീകരിക്കുന്ന ക്രൈസ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടര്‍ക്കഥയാണ്. അക്രൈസ്തവരുമായി സുവിശേഷം പങ്കുവെക്കുന്നതും പാഴ്‌സി ഭാഷയിലുള്ള ബൈബിള്‍ കൈവശം വെക്കുന്നതും പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതും ക്രിസ്ത്യന്‍ സാഹിത്യം പ്രചരിപ്പിക്കുന്നതുമെല്ലാം ഇറാനില്‍ കുറ്റകരമാണ്. ഇസ്ലാമില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരാണ് ഇറാനി ക്രൈസ്തവരിലെ ഭൂരിപക്ഷവും. എങ്കിലും ഇവര്‍ക്ക് തങ്ങളുടെ വിശ്വാസം രഹസ്യമാക്കി വെക്കേണ്ട സ്ഥിതിയാണുള്ളത്. കാരണം, 1979-ലെ വിപ്ലവത്തിനുശേഷം ക്രിസ്തുമതത്തിലേയ്ക്ക് മതപരിവര്‍ത്തനം നടത്തുന്ന മുസ്‌ലീങ്ങളെ അറസ്റ്റ് ചെയ്യുകയും ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചിലപ്പോള്‍ കൊന്നുകളയുകയും ചെയ്യുന്നു.

ദേശീയ സുരക്ഷയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പേരിലാണ് അറസ്റ്റും ശിക്ഷയും നടപ്പിലാക്കുക. അസ്സീറിയന്‍, അര്‍മേനിയന്‍ വിഭാഗത്തിലുള്ള ക്രൈസ്തവര്‍ക്ക് വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാനുള്ള അനുവാദമുണ്ടെങ്കിലും അവരും വിവേചനം നേരിടുന്നുണ്ട്. എന്നാല്‍ ഇറാന്റെ ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രം വരുന്ന ക്രൈസ്തവ സമൂഹത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യം വര്‍ദ്ധിച്ചു വരുന്നത് രാജ്യത്തെ ഇസ്ലാമിക ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ക്രൈസ്തവ പീഡനങ്ങളുടെ രീതി 

2020 ലെ വേള്‍ഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ രാജ്യത്തു നിന്ന് 169 ക്രൈസ്തവരെ അറസ്റ്റു ചെയ്തു. അതില്‍ 114 പേരെയും ഒരാഴ്ച സമയത്തിനുള്ളില്‍ അറസ്റ്റ് ചെയ്തതുമാണ്. മതം മാറിയെത്തിയ ക്രൈസ്തവരില്‍ നല്ലൊരു ശതമാനത്തേയും ദീര്‍ഘകാലത്തേയ്ക്ക് ജയില്‍ ശിക്ഷയ്ക്ക് വിധേയരാക്കുന്നു. പലരും വിചാരണ നേരിട്ടുകൊണ്ടുമിരിക്കുന്നു. ഇവരുടെയെല്ലാം കുടുംബങ്ങളെ സമൂഹവും വേട്ടയാടുന്നു. ചിലര്‍ക്കെങ്കിലും നാടും വീടും രാജ്യവും പോലും ഉപേക്ഷിക്കേണ്ടതായും വരുന്നുണ്ട്.

ഇറാനില്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണ്. 2018 ല്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സഹോദരിമാരായ ഷിമായേയും ഷോക്കൗഫെ സനഗാനേയും ഇറാനിയന്‍ പോലീസ് അറസ്റ്റു ചെയ്ത്, അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചതും ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കിയതും വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. ഇതിനു പുറമേ, ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നൂറിലധികം ക്രൈസ്തവര്‍ വിശ്വാസ പരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായതും ഈ അടുത്ത കാലത്താണ്.

ക്രൈസ്തവര്‍ രഹസ്യമായി സമ്മേളിക്കുകയും ആരാധനകള്‍ നടത്തുകയും ചെയ്യുന്ന പല കേന്ദ്രങ്ങളും അധികാരികള്‍ റൈഡ് ചെയ്യുകയും നശിപ്പിക്കുകയും ചെയ്യും. കോടതി വ്യവഹാരങ്ങളില്‍ ക്രൈസ്തവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ വലിയ തുക കെട്ടിവയ്‌ക്കേണ്ടതായി വരുന്നു. ആരാധനകളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ, പ്രത്യേകിച്ച് അവിവാഹിതരായവരെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതും അതുവഴി അവരെയും കുടുംബത്തേയും അപമാനിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ഇവിടെ പതിവാണ്.

ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്   

ഇതൊക്കെയാണെങ്കിലും ഇറാനില്‍, ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്ന് ക്രൈസ്തവ മാധ്യമമായ ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്ക് 2019 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് മുസ്ലീങ്ങള്‍ ഷിയാ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുവെന്ന് നിരവധി റിപ്പോര്‍ട്ടുകളാണ് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍നിന്ന് അവര്‍ പുറത്തുകൊണ്ടുവന്നത്. ഒരുമിച്ച് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ ദേവാലയങ്ങള്‍ പോലുമില്ലെങ്കിലും ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇറാനില്‍ ക്രൈസ്തവസഭയ്ക്ക് ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. കഴിഞ്ഞ 1400 വര്‍ഷങ്ങളില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇറാനില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും രാജ്യത്ത് ക്രിസ്തീയവിശ്വാസം തഴച്ചുവളരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, അതിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്ന ‘ഫെയ്ത്ത് വൈര്‍’ അഭിമുഖവും ശ്രദ്ധേയമായിരുന്നു. ക്രിസ്തുവിശ്വാസം പ്രചരിക്കുന്നത് തടയാന്‍ ഇറാന്‍ നടപ്പാക്കുന്ന ‘ദ്വിമുഖ പദ്ധതി’ ശക്തമാകുമ്പോഴും ഇറാനിലെ യുവജനങ്ങള്‍ക്കിടയില്‍ ക്രിസ്തുവിശ്വാസം പ്രബലമാകുകയാണെന്ന് വ്യക്തമാക്കുന്നതാണ് ‘വോയ്‌സ് ഓഫ് മാര്‍ട്ടയേഴ്‌സ്’ റേഡിയോ അവതാരകന്‍ ടോഡ് നെറ്റ്‌ലെറ്റോണുമായി പ്രമുഖ മാധ്യമമായ ‘ഫെയ്ത്ത് വൈര്‍’ അടുത്തിടെ നടത്തിയ അഭിമുഖം.

യുവജനങ്ങള്‍ക്കിടയില്‍ ക്രിസ്തുവിശ്വാസം പ്രബലമാകുന്നു 

അടുത്ത കാലത്തായി ക്രിസ്തുവിശ്വാസം സ്വീകരിക്കുന്ന ഇറാനികളുടെ എണ്ണം വര്‍ദ്ധിക്കന്നുണ്ടെന്ന് ഇറാന്‍ ഇന്റലിജന്‍സ് വിഭാഗം മന്ത്രി മുഹമ്മദ് അലവി, നാളുകള്‍ക്കുമുമ്പ് ഷിയാ മുസ്ലീം പുരോഹിതരെ അഭിസംബോധന ചെയ്യവേ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നു എന്നതുമാത്രമല്ല, ക്രിസ്തുവിശ്വാസത്തിലേക്കുള്ള ഒഴുക്കു തടയാനുള്ള ഇറാന്റെ ശ്രമങ്ങളും വിഫലമാകുകയാണെന്ന് അഭിമുഖം ചൂണ്ടിക്കാട്ടുന്നു.

ഇറാന്റെ ദ്വിമുഖ പദ്ധതികള്‍

കര്‍ക്കശവും തീവ്രസ്വഭാവം പുലര്‍ത്തുന്നതുമായ ഇസ്ലാമിക പ്രബോധനങ്ങളോടുള്ള വിയോജിപ്പാണ് ഇറാനിയന്‍ യുവജനങ്ങള്‍ മാറി ചിന്തിക്കാനുള്ള കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഇസ്ലാമിക വിശ്വാസത്തില്‍നിന്ന് യുവജനങ്ങള്‍ അകലുന്നത് ഗൗരവമായി എടുത്തുകഴിഞ്ഞു ഭരണകൂടം. ക്രിസ്തീയ വിശ്വാസം വളരുന്നു എന്ന വസ്തുത അംഗീകരിക്കാന്‍ ഭരണകൂടം തയാറല്ലെങ്കിലും, അത് സത്യം തന്നെയാണെന്നതിന് തെളിവാണ് ക്രിസ്തുവിശ്വാസം തടയാന്‍ ഇറാന്‍ നടപ്പാക്കുന്ന ‘ദ്വിമുഖ പദ്ധതി’.

ഇസ്ലാമിക വിശ്വാസപ്രചാരണം കൂടുതല്‍ ശക്തമാക്കുക, ക്രിസ്തുവിശ്വാസം സ്വീകരിച്ച ഇറാന്‍ പൗരന്മാര്‍ക്കെതിരായ നിയമനടപടികള്‍ കര്‍ക്കശമാക്കുക എന്നിവയാണ് ഇറാന്റെ ദ്വിമുഖ പദ്ധതികള്‍. ജയില്‍ ശിക്ഷയും പിഴയും ഉള്‍പ്പെടെയുള്ള നടപടികള്‍ കര്‍ക്കശമാക്കുന്നത് ക്രിസ്തുവിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരെ അതില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുമെന്നാണ് ഭരണകൂടത്തിന്റെ ചിന്ത.

എന്നാല്‍, ഇവയ്‌ക്കൊന്നും ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവരുന്നവരെ തടയാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതൊക്കെയാവണം ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നതും ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങളിലേയ്ക്ക് തിരിയാന്‍ അവരെ പ്രേരിപ്പിക്കുന്നതും. എന്നാല്‍ പീഡനം കൂടുന്തോറും വിശ്വാസത്തിന്റെ തീവ്രതയും തീക്ഷ്ണതയും കൂടുകയാണെന്ന് അവര്‍ മനസിലാക്കുന്നുമില്ല. അഗ്നികുണ്ഡത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷി പറന്നുയരുന്നതു പോലെ വിശ്വാസത്തിന്റെ ചിറകിലേറി കരുത്തോടെ ഉയരത്തിലേയ്ക്ക് കുതിക്കുകയാണ് ഇറാനിലെ ക്രൈസ്തവര്‍.

2020 ജനുവരിയില്‍, ‘ക്രിസ്ത്യാനിറ്റി ടുഡേ’ (https://www.christianitytoday.com/) -യില്‍ ഡാനെ സ്കെല്‍ട്ടന്‍, 222 മിനിസ്ട്രീസിന്റെ സ്ഥാപകന്‍ ലാസറസ് യെഗ്നാസറിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ച ഒരു ആശയം പറഞ്ഞ് ഇത് അവസാനിപ്പിക്കുന്നു.

“പഴയ കാലത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പലപ്പോഴും ആളുകള്‍ ബോധവാന്മാരല്ല. എന്തുകൊണ്ടാണ് ഇസ്ലാമിന്  എഴാം നൂറ്റാണ്ടില്‍ ഇവിടുത്തെ ജനങ്ങളെ കീഴടക്കാന്‍ സാധിച്ചത്?  ഇസ്ലാം എഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ വരുന്നതിനും നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ക്രിസ്ത്യന്‍ സഭ അവിടെ ഉണ്ടായിരുന്നു. പക്ഷേ,  ക്രിസ്ത്യന്‍ സമൂഹത്തിന് അധികാരവും പണവും ഉണ്ടായിരുന്നപ്പോള്‍ അവര്‍ ആളുകളെക്കുറിച്ച് അധികം ബോധവാന്മാരായിരുന്നില്ല.  ക്രിസ്ത്യന്‍ സഭ ഭൂപ്രഭുക്കന്‍മാരാകുകയും യാഥാര്‍ത്ഥ്യം മറന്നു പോകുകയും ചെയ്തു. ദൈവം എന്തിനാണ് നമ്മളെ വിളിച്ചിരിക്കുന്നത് എന്നത് മറന്നുപോയി. ഭൂമിയുടെ ഉപ്പും വെളിച്ചവും ആകുക എന്ന വിളി നമ്മള്‍ വിസ്മരിച്ചു. അങ്ങനെ നമുക്ക് നമ്മുടെ സ്വാധീനം നഷ്ട്ടപ്പെട്ടു. 

ക്രിസ്ത്യന്‍ സഭ ഇപ്പോഴും ദൈവം തന്ന അധികാരം എങ്ങനെ ഒരു രാജ്യത്ത് വിനയോഗിക്കണം എന്നത് പഠിച്ചിട്ടില്ല. എലീഷാ പ്രവാചകന്റെ സേവകന്‍ ഗഹസിയെപ്പോലെ നമ്മള്‍ സമ്പത്ത് അന്വേഷിക്കുന്നു; പക്ഷേ, കുഷ്ടരോഗികളായി മാറുന്നു. ഇസ്ലാം ഇറാനില്‍ വന്നപ്പോള്‍ നമുക്ക് – ക്രിസ്ത്യന്‍ സഭയ്ക്ക് – അവസരം ഇല്ലായിരുന്നു എന്നതല്ല യാഥാര്‍ത്ഥ്യം. നമ്മള്‍ അവസരം നഷ്ട്ടപ്പെടുത്തി എന്നതാണ് സത്യം.”

തുടരും 

നാളെ: സിറിയയിലെ ക്രൈസ്തവര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.