‘ക്രൂശിതാ നിന്നെ എനിക്കെന്തൊരിഷ്ടം’ എന്ന ഗാനത്തിന്റെ പിറവിക്കു പിന്നിലെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ 

സി. സൗമ്യ DSHJ

അമ്പത് നോമ്പിന്റെ ഈ ദിനങ്ങളെ ‘ക്രൂശിതാ നിന്നെ എനിക്കെന്തൊരിഷ്ടം…’ എന്ന ഗാനം കൂടുതൽ ആർദ്രമാക്കുന്നു. ഹൃദയത്തെ തൊടുന്ന ഈ ഗാനത്തിന്റെ വരികൾ പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ക്രൂശിതൻ നൽകുന്ന ആശ്വാസമാണ് എന്നു പറയാതെ വയ്യ. ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച ഫാ. മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ്, ലൈഫ് ഡേ യോട് ഈ ഗാനം എഴുതുവാൻ ഉണ്ടായ സാഹചര്യം വിശദമാക്കുന്നു.

“ചില ഒറ്റപ്പെടുത്തലുകൾ സമ്മാനിക്കുന്ന വേദനയുണ്ട്. ഒരുപാട് സ്നേഹിച്ചിട്ട് ഒരു ദിവസം ഒന്നും പറയാതെ ഇട്ടിട്ട് പോകുമ്പോൾ ഉണ്ടാകുന്ന ചില ഹൃദയം പിളർക്കുന്ന സങ്കടങ്ങളുണ്ട്. അത് പലപ്പോഴും ആരോടും പറഞ്ഞു പങ്കുവെയ്ക്കാൻ പറ്റുന്ന ഒന്നായിരിക്കുകയില്ല. തങ്ങളുടെ സ്വകാര്യ ദുഃഖങ്ങൾ മറ്റാരും അറിയാൻ ആഗ്രഹിക്കാത്ത ഒരുപാട് പേരുണ്ട്. അങ്ങനെയൊരു മാനസിക അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരു വ്യക്തിയുടെ ജീവിതത്തിലെ ചില അനുഭവങ്ങൾ കേട്ടപ്പോൾ ഉണ്ടായ സങ്കടങ്ങളിൽ നിന്നാണ് ഈ പാട്ട് എഴുതിയതും സംഗീതം നൽകിയതും.” മാത്യൂസ് അച്ചൻ പറഞ്ഞു തുടങ്ങി.

2019 -ല്‍ ‘ഒരിടം തരണേ’, 2020 -ല്‍ ‘കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക്’, 2021 -ല്‍ ‘നെഞ്ചില്‍ തറഞ്ഞ ക്രൂശിതമുഖം’ എന്നീ എന്ന പേരുകളിലുള്ള ആത്മീയവിരുന്നാണ് മാത്യൂസ് അച്ചൻ ലൈഫ് ഡേ -യിലൂടെ ഒരുക്കിയത്. ഈ നോമ്പുകാലത്തേക്കായി അച്ചൻ ഒരു പാട്ട് ചെയ്യാൻ ആഗ്രഹിച്ചു. അതിനായി ഒന്ന് രണ്ട് പാട്ടുകൾ ചെയ്യുകയും ചെയ്തു. പക്ഷേ, അതൊന്നും മനസിന് ഒരു സംതൃപ്‌തി നൽകിയില്ല. അങ്ങനെയിരിക്കുമ്പോൾ ആണ് ഒരു വ്യക്തിയുടെ വേദന നിറഞ്ഞ അനുഭവം കേൾക്കാൻ ഇടയായത്.

“അതികഠിനമായ ഒറ്റപ്പെടലിന്റെ, തള്ളിപ്പറച്ചിലിന്റെ, ഒരുപാട് സ്നേഹിച്ചിട്ടും ഒരുവാക്ക് പറയാതെ ഇട്ടിട്ട് പോയപ്പോൾ ഉണ്ടായ ചില സംഘർഷങ്ങളുടെ ജീവിതാനുഭവങ്ങൾ! അത് ആരോടും പങ്കുവെയ്ക്കാൻ സാധിക്കുമായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നെഞ്ചുലക്കുന്ന ആ അനുഭവം കേട്ടപ്പോൾ എന്റെ മനസിലൂടെ കടന്നുപോയ ഒരു ഫീലാണ് ഈ ഗാനത്തിന്റെ സംഗീതമായി രൂപപ്പെട്ടത്’.” – അച്ചൻ ലൈഫ് ഡേ യോട് മനസുതുറന്നു.

വരികളുടെ പിന്നാമ്പുറം 
 

“ഈ പാട്ടിലെ ഓരോ വരിക്കും അതിന്റെതായ അര്‍ത്ഥമുണ്ട്. ‘ആരോടും പറയാത്ത  ഒരുപാട് ദുഃഖങ്ങൾ ക്രൂശിൽ ഒളിപ്പിച്ചു…എനിക്ക് വേറെ എങ്ങും ഒരിടമില്ല അവ ഒളിപ്പിച്ചു വെയ്ക്കാൻ… കാരണം മറ്റുള്ളവരോട് പറയുമ്പോൾ അവർ എടുക്കുന്ന രീതി വ്യത്യസ്തമാണ്, അവർ കാണുന്ന കാഴ്ചപ്പാട് വ്യത്യസ്തമാണ്. ക്രൂശിതൻ കാണുന്ന ഒരു കാഴ്ചപ്പാടുണ്ട്. അതാണ് ഈ ഗാനത്തിലൂടെ പങ്കുവെക്കുവാൻ ശ്രമിക്കുന്നത്. ആ സങ്കടങ്ങൾ കുരിശിൽ ഒളിപ്പിച്ചപ്പോഴും ക്രൂശിതൻ ഒന്നും സംസാരിച്ചില്ല, അവൻ എപ്പോഴും നിശ്ശബ്ദനാണ്. എന്നാൽ, ക്രൂശിതൻ ചെയ്യുന്ന ഒരു കാര്യമുണ്ട്. അവൻ എന്നെ തന്റെ മാറോട് ചേർത്ത് പിടിച്ചിരിക്കുകയാണ്. അങ്ങനെ ചേർത്ത് പിടിച്ചപ്പോൾ ആണ് അവന്റെ മുറിവുകളുടെ ആഴം ഞാന്‍ കണ്ടത്. ആ മുറിവിൽ ഞാനെന്റെ മുഖം അമർത്തി. അവന്റെ മുറിവുകൾ ഞാൻ ഏറ്റുവാങ്ങി. പിന്നെ ഒരിക്കലും ഞാൻ  കരഞ്ഞില്ല. ‘ക്രൂശിതാ നിന്നെ എനിക്കെന്തൊരിഷ്ടം’ – അതാണ് ഈ പാട്ടിന്റെ കോറസ്. കോറസ് തന്നെയാണ് ആ പാട്ടിന്റെ ടൈറ്റിൽ ആയിട്ടും കൊടുത്തിട്ടുള്ളത്.” അച്ചന്റെ വാക്കുകളില്‍ അനുഭവത്തിന്റെ ആഴം!

“അവന്റെ മുറിവുകളിൽ എന്റെ മുറിവുകൾ ചേർത്ത് വെച്ചപ്പോഴാണ് ആ മുറിവുകൾ എന്റെ മുറിവിനേക്കാൾ വലുതാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അപ്പോഴാണ് ആ മുറിവിന്റെ ആഴം ഞാൻ മനസിലാക്കിയത്. പിന്നീടെനിക്ക് എന്റെ സങ്കടങ്ങൾ ഓർത്ത് കരയാൻ സാധിക്കുകയില്ലായിരുന്നു. കാരണം, അത്രമാത്രം എനിക്ക് വേണ്ടി മുറിവേറ്റവനും ക്രൂശിക്കപ്പെട്ടവനുമായിരുന്നു ക്രിസ്തു എന്ന ചിന്തയിലേക്കാണ് അതെന്നെ നയിച്ചത്.” തന്റെ അനുഭവങ്ങൾ അച്ചൻ ഈ ഗാനത്തിന്റെ വരികളിലൂടെ വെളിപ്പെടുത്തുന്നു.

“ജീവിതത്തിൽ സങ്കടപ്പെടാത്തവരായി ആരുമില്ല. എല്ലാ മനുഷ്യരും ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോകുന്നവരാണ്. എന്നാൽ, ആ സങ്കടങ്ങളിൽ എന്റെ മനോഭാവം എന്താണ്? സങ്കടങ്ങൾ വെറുതെ പറഞ്ഞു നടക്കുന്ന വ്യക്തിയാണോ ഞാൻ? അതോ എന്റെ സങ്കടങ്ങളെ ക്രൂശിലേക്ക് ചേർത്ത് വെക്കുന്ന വ്യക്തിയാണോ ഞാൻ? ഇത്തരം ചോദ്യങ്ങളാണ് ഈ പാട്ടിന്റെ കാതൽ. എന്നെ സംബന്ധിച്ച് ഒരു പാട്ട് ജനിക്കുന്നത്, ഞാന്‍ കേൾക്കുകയും കടന്നുപോകുകയും ചെയ്യുന്ന ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.” അച്ചൻ പറയുന്നു.

‘സഹന തീയിൽ വെന്തുരുകുമ്പോഴും ക്രൂശിലേക്ക് എൻ മിഴി ഉയർത്തിടുന്നു…’

ജീവിതത്തിൽ സഹനത്തിലൂടെ കടന്നുപോകാത്ത മനുഷ്യരില്ല. അപ്പോൾ മിഴികൾ ഉയർത്തേണ്ടത് ദൈവത്തിലേക്കാണെന്ന് ഈ ഗാനത്തിന്റെ വരികൾ നമ്മെ അനുസ്മരിപ്പിക്കുന്നു. ഉള്ളലിയിക്കുന്ന സംഗീതംകൊണ്ട്, ഈ നോമ്പുകാലത്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ അനേകരുടെ ഹൃദയത്തിൽ ഇടംപിടിച്ച ഗാനമാണിത്. ദൈവകരുണയാല്‍ നവീകരിക്കപ്പെടുന്നതിനും ദൈവകരുണയുടെ നേര്‍സാക്ഷ്യങ്ങളാകാനുമുള്ള ആഹ്വാനത്തിന്റെ പുണ്യനാളുകളാണല്ലോ നോമ്പുകാലം.

നോമ്പു കാലത്തിലെ ഓരോ ദിനവും ദൈവിക ചിന്തകളാൽ നിറയാനും ക്രൂശിതനിലേക്ക് സർവ്വം സമർപ്പിക്കാനും അന്യന്റെ വേദനകളെ ഏറ്റെടുക്കാനുമൊക്കെ പ്രേരിപ്പിച്ച ഗാനമാണ് ഇത് എന്ന് അനേകർ ഈ പാട്ടിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. നോമ്പിന്റെ ദിനങ്ങളെ കൂടുതൽ ധ്യാനാത്മകമാക്കുവാൻ ഈ ഗാനം കേൾക്കുന്ന എല്ലാവർക്കും സാധിക്കട്ടെ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.