പാക്കിസ്ഥാനിൽ സ്വന്തം സഹോദരിയെ അധിക്ഷേപിക്കുന്നത് തടഞ്ഞ ക്രിസ്ത്യാനിയെ കൊലപ്പെടുത്തി

പാക്കിസ്ഥാനിലെ ഗോജ്രയിൽ സ്വന്തം സഹോദരിയെ ഉപദ്രവിക്കുന്നത് നിറുത്തണമെന്ന് ആവശ്യപ്പെട്ടതിന് ആരിഫ് മസിഹ് എന്ന 32-കാരനായ ക്രൈസ്തവനെ ഒരു കൂട്ടം മുസ്ലീങ്ങൾ കൊലപ്പെടുത്തി. അദ്ദേഹത്തെ മർദ്ദിക്കുകയും തട്ടിക്കൊണ്ടുപോയ ശേഷം വിഷം നൽകി തെരുവിൽ ഉപേക്ഷിക്കുകയുമായിരുന്നു. പരാതികളും സാക്ഷികളുമുണ്ടെങ്കിലും കുറ്റവാളികളെ ഇതുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

താരിഖാബാദിലെ ചക്-370 ഗ്രാമത്തിൽ (ഗോജ്ര, പഞ്ചാബ്) മെയ് 20-നാണ് സംഭവം ആരംഭിച്ചതെന്ന് സഹോദരൻ റിസ്വാൻ മാസിഹ് പറഞ്ഞു. അവരുടെ സഹോദരി റെഹാന ബീബി പാൽ വാങ്ങാനായി ബസാറിൽ പോയിരുന്നു. മുഹമ്മദ് താരിഖ്, മുഹമ്മദ് മാജിദ് എന്നീ രണ്ട് ചെറുപ്പക്കാർ അവളെ ഉപദ്രവിക്കാൻ തുടങ്ങി. രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ ഈ ചെറുപ്പക്കാർ വീട്ടിലും അതിക്രമിച്ചു കയറി, ആരിഫുമായി വഴക്കിട്ടു. തുടർന്ന് ആ രണ്ട് ചെറുപ്പക്കാര്‍ പെൺകുട്ടിയെ ബസാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും വസ്ത്രങ്ങൾ വലിച്ചുകീറി അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെതിരെ ആരിഫ് കേസ് കൊടുത്തു. കേസ് പിൻവലിക്കണമെന്ന് അക്രമം നടത്തിയവർ ആവശ്യപ്പെട്ടെങ്കിലും ആരിഫ് തയ്യാറായില്ല. അതിനെ തുടർന്ന് അവർ ആരിഫിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വ്യക്തമായ സാക്ഷികള്‍  ഉണ്ടായിട്ടും പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മൃതദേഹവുമായി റോഡ് ഉപരോധിച്ചു.

‘അക്വിയത്ത് ഇ തഹഫുസ്’ പാർട്ടി പ്രസിഡന്റായ മനുഷ്യാവകാശ പ്രവർത്തകൻ ബാബ ഇൻറ്റിസാർ ഗിൽ സംഭവത്തെ അപലപിക്കുകയും കുടുംബത്തിന് നീതി ആവശ്യപ്പെടുകയും ചെയ്തു. “കുറ്റവാളികൾക്കെതിരെ സർക്കാർ ഉടനടി നടപടിയെടുക്കുകയും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുകയും വേണം. മതന്യൂനപക്ഷങ്ങൾക്കെതിരായ ഈ സംഭവങ്ങൾ നമ്മുടെ രാജ്യത്ത് പുതിയതല്ല. നിർഭാഗ്യവശാൽ സർക്കാർ ഒരിക്കലും കുറ്റവാളികൾക്കെതിരെ ഉറച്ച നടപടികൾ കൈക്കൊള്ളുന്നില്ല. കുറ്റവാളികളെയൊന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് സങ്കടകരമാണ്” – അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.