സിറിയയിലെ ക്രിസ്തീയ പീഡനങ്ങളിലേയ്ക്ക് കണ്ണുതുറപ്പിച്ച് പതിനൊന്നുകാരിയുടെ ചിത്രം

ആലപ്പോ നഗരം മുസ്ലീം തീവ്രവാദികൾ കൈയ്യടക്കിയപ്പോൾ കുടുംബം അനുഭവിച്ച പീഡനം കാണിക്കുന്ന 11 വയസുകാരി വരച്ച ചിത്രം സിറിയയിലെ ക്രിസ്തീയ പീഡനങ്ങളുടെ ക്രൂരതയുടെ മുഖം വെളിപ്പെടുത്തുന്നു. രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾ അനുഭവിക്കുന്ന വേദനയുടെ നേർച്ചിത്രമാണിത്.

ഫെബ്രുവരി 12 -ന് റോമിൽ ഫ്രാൻസിസ് മാർപാപ്പയുടെ നോമ്പുകാല സന്ദേശത്തിന്റെ കൂട്ടായ അവതരണത്തിൽ പങ്കെടുത്തപ്പോൾ പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ഫോർ ചർച്ച് ഇൻ നീഡ് (എസിഎൻ) പ്രതിനിധി മാർസെല സിമാൻസ്‌കിക്ക് ആണ് ഈ ചിത്രം അവതരിപ്പിച്ചത്. 2016 -ൽ ആലപ്പോ നഗരത്തിന്റെ ഭൂരിഭാഗവും ജിഹാദികൾ ഏറ്റെടുത്തപ്പോൾ അതിനെ എങ്ങനെ അതിജീവിച്ചുവെന്ന് കാണിക്കുന്ന ഒരു ചിത്രം വരയ്ക്കാൻ ടീച്ചർ ആവശ്യപ്പെട്ടു. അതനുസരിച്ചാണ് ഈ ചിത്രം പെൺകുട്ടി വരച്ചത്.

ഈ ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മയും സഹോദരനും സഹോദരിയും കൊല്ലപ്പെട്ടിരുന്നു. അതിന്റെ ദൃശ്യവും ചിത്രത്തിൽ വ്യക്തമാണ്. വൈദ്യുത ആഘാതങ്ങൾ, ആയുധങ്ങൾ, ഗ്രനേഡുകൾ, കത്തികൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും ചിത്രത്തിൽ തീവ്രവാദികളുടെ കൈയിൽ കാണാം. അൽ നുസ്രയിൽ നിന്നുള്ള മൂന്ന് തീവ്രവാദികൾ കറുത്ത തുണികൊണ്ട് മുഖം മറച്ച് സമീപത്തായിട്ടുണ്ട്. നിരവധി പ്രവിശ്യകൾ ജിഹാദി ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്നപ്പോൾ സിറിയയിലെ ക്രിസ്ത്യൻ സമൂഹം അനുഭവിച്ച രക്തസാക്ഷിത്വത്തിന്റെ യഥാർത്ഥ സാക്ഷ്യമാണ് ഈ ചിത്രം. അന്ന് സൈന്യം കൃത്യസമയത്ത് എത്തിയതിനാലാണ് ഈ പെൺകുട്ടി മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.