കുമാറിന്റെ വിവാഹത്തിന് ബാവാ തിരുമേനി എത്തിയ സംഭവം

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

വിവാഹങ്ങൾ വളരെ ആഡംബരമായി നടത്തുന്നതും വിവാഹം മെത്രാന്മാർ ആശീർവദിക്കുന്നതും ഇന്ന് വലിയ പുതുമയുള്ള വാർത്തയല്ല. പക്ഷേ, 2021 ഡിസംബർ മാസം 29 -ന് പത്തനംതിട്ട ജില്ലയിലെ മൈലപ്ര പള്ളിയിൽ ബസേലിയോസ് ക്ളീമീസ് ബാവ തിരുമേനി നടത്തിയ വിവാഹ ആശീർവാദം ഏറെ വേറിട്ടുനിൽക്കുന്നു. അത് കാഴ്ചയില്ലാത്ത, നിറങ്ങളുടെയും വർണ്ണങ്ങളുടെയും ലോകം അന്യമായ രണ്ടു പേരുടെ ഒന്നാകലായിരുന്നു. എന്തുമേതും വാർത്തയാക്കുന്ന ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് ഇതാരും അറിഞ്ഞില്ല എന്നതാണ് നമ്മെ അതിശയിപ്പിക്കേണ്ടത്.

രണ്ടു മാസം മുമ്പ് ഒരിക്കൽ ബാവാ തിരുമേനിയെ ഫോണിൽ വിളിച്ച് കുമാർ എന്ന യുവാവ് സ്വയം പരിചയപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ അമ്പിളിക്കോണമാണ് സ്വദേശമെന്നും അമ്പിളിക്കോണം ഇടവകാംഗമായ താൻ ജന്മനാ അന്ധനാണെന്നും തന്റെ വിവാഹം ഉറപ്പിച്ചെന്നും തന്നെപ്പോലെ അവളും അന്ധയാണെന്നും ഞങ്ങളുടെ വിവാഹം പിതാവ് ആശീർവദിക്കണമെന്നത് വലിയ ആഗ്രഹമാണെന്നുമെല്ലാം പറഞ്ഞു.

കുമാർ നന്നായി കീബോർഡ് വായിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യും. ഇടവക ഗായകസംഘത്തിലെ സജീവാംഗം കൂടിയാണ് കുമാർ. കുമാറിനെയും അവന്റെ സാഹചര്യത്തെയുമെല്ലാം മനസ്സിലാക്കി വിവാഹം ആശീർവദിക്കാൻ നിശ്ചയമായും താൻ എത്തുമെന്ന് പിതാവ് പറഞ്ഞു. തുടർന്നും ആഴ്ച്ചയിൽ ഒരിക്കലെങ്കിലും കുമാർ പിതാവിനെ വിളിച്ചിരുന്നു.

2021 ഡിസംബർ 29 -ന് പാറശ്ശാല രൂപതയിലെ അമ്പിളിക്കോണം ഇടവകാംഗമായ കുമാർ, പത്തനംതിട്ടയിലെ മൈലപ്ര ഇടവകാംഗമായ ജോമോൾ നൈനാനെ താലി ചാർത്തി ജീവിതസഖിയാക്കി കരം ഗ്രഹിച്ചപ്പോൾ ശ്‌ളൈഹീക ആശീർവാദവുമായി അപ്പന്റെ കരുതലോടെ ബാവാ തിരുമേനിയുമുണ്ടായിരുന്നു.

വിവാഹം ആശീർവദിച്ച് ആ മക്കൾക്ക് അനുമോദനങ്ങൾ നേർന്ന് പിതാവ് പറഞ്ഞു: “കുമാറിനും ജോമോൾക്കും കാഴ്ചയില്ലെന്ന് അറിയാം. പക്ഷേ, നിങ്ങൾക്ക് വിശ്വാസത്തിന്റെ ഉൾക്കാഴ്ചകൾ ഉണ്ടെന്ന് ബോധ്യമുള്ളതിനാലാണ് ഈ വിവാഹം ആശീർവദിക്കാനായി ഞാനെത്തിയത്. കാഴ്ചയാലെയല്ല വിശ്വാസത്താലെ ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്ന മക്കളെ, നിങ്ങളെ ഒന്നിപ്പിച്ച ദൈവം നിങ്ങൾ ഇന്ന് ആരംഭിക്കുന്ന കുടുംബജീവിതത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.”

വിവാഹ ആശീർവാദത്തിനു വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്ത മൈലപ്ര ഇടവക വികാരി പോൾ അച്ചനാണ് സഭയുടെ വലിയ ഇടയന്റെ കാരുണ്യത്തിന്റെയും കരുതലിന്റെയും പിതൃഭാവം പങ്കുവച്ചതും.

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.