ഒഡീഷയിൽ ക്രൈസ്തവ ദമ്പതികൾക്ക് തീവ്ര ഹിന്ദുത്വവാദികളുടെ മർദ്ദനം

ഒഡീഷയിൽ ക്രൈസ്തവ ദമ്പതികൾക്ക് തീവ്ര ഹിന്ദുത്വവാദികളുടെ മർദ്ദനം. ഒഡീഷയിൽ നിന്നുള്ള ദേബ മദ്‌കാമിയും ഭാര്യ ജോഗിയും ആണ്, അവർ തങ്ങളുടെ കൃഷിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരകളായത്.

നവംബർ 18 -ന് വടിയും കോടാലിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ തങ്ങളെ ശല്യപ്പെടുത്തുന്നതിന് പ്രദേശവാസികൾക്കെതിരെ പരാതി നൽകിയതിനാലാണ് ഇവർക്കെതിരെ തീവ്ര ഹിന്ദുത്വവാദികൾ ആക്രമണം നടത്തിയത്.

ഉച്ചസമയത്ത് വയലിൽ പണിയെടുക്കുകയായിരുന്ന ദമ്പതികളെ അഞ്ചു പേർ ചേർന്ന് വടിയും കോടാലിയും ഉപയോഗിച്ച് നേരിടുകയായിരുന്നു. ‘നീ പോലീസിൽ പരാതി നൽകി, ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല; നിങ്ങളെ കൊല്ലും’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. മറ്റ് പ്രദേശവാസികളും ആക്രമിക്കാനായി അവരോടൊപ്പം ചേർന്നു.

ദേബയെ വടി കൊണ്ട് തുടരെ മർദ്ദിച്ചു. തലയ്ക്ക് അടി കൊള്ളാതിരിക്കാൻ കൈകൾ കൊണ്ട് തടഞ്ഞപ്പോൾ അക്രമികളിൽ രണ്ടു പേർ അവന്റെ കൈകൾ പിന്നിലേക്ക് പിടിച്ചു. കോടാലി പിടിച്ചയാൾ ദേബയുടെ തലയിൽ ഇടിക്കാൻ തുനിഞ്ഞെങ്കിലും ജോഗി അത് തടയാൻ ശ്രമിച്ചു. എന്നാൽ മറ്റൊരു അക്രമി ജോഗിയെ വടി കൊണ്ട് അടിച്ച് ബോധരഹിതയാക്കി. തുടർന്ന് ദേബയെ കോടാലി കൊണ്ട് അടിച്ച് അബോധാവസ്ഥയിലാക്കിയ അക്രമികൾ അദ്ദേഹത്തെ സമീപത്തുള്ള കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ബോധം വീണ്ടെടുത്ത ജോഗി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. രാത്രി വരെ കാട്ടിൽ ഒളിച്ച ജോഗി പിന്നീട് വീട്ടിൽ മടങ്ങിയെത്തി അവിടെ ഒളിച്ചു താമസിക്കുകയായിരുന്നു.

നവംബർ 19 -ന് പോലീസ് എത്തി ദേബയുടെ ഭാര്യയെ അവരുടെ വീട്ടിൽ നിന്നും കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേബയും ജോഗിയും ഇപ്പോൾ ആശുപത്രിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.