ക്രിസ്ത്യാനിയായതിന്റെ പേരിൽ വിവേചനം നേരിട്ട് പാക്കിസ്ഥാൻ ബാങ്ക് ഉദ്യോഗസ്ഥൻ

ക്രൈസ്തവ വിശ്വാസി ആയതിന്റെ പേരിൽ വ്യാജ ആരോപണം നടത്തി ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട് പാക്കിസ്ഥാനിലെ ബാങ്ക് ഉദ്യോഗസ്ഥൻ. നാഷണൽ ബാങ്ക് ഓഫ് പാക്കിസ്ഥാനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനായ വസീം മക്ബൂ ആണ്, തനിക്ക് നീതി നടത്തിത്തരണം എന്ന ആവശ്യവുമായി കാത്തലിക് ചർച്ച് ജസ്റ്റിസ് കമ്മീഷനെ സമീപിച്ചത്. വ്യാജ വഞ്ചനാക്കുറ്റം ആരോപിച്ചാണ് ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കിയത്.

എഫ്ബിആർ ഉപയോക്തൃ ഐഡന്റിറ്റിയും പാസ്‌വേഡും മുസ്ലിം വിശ്വാസിയായ ഓഫീസ് ബാലനുമായി പങ്കിട്ടു എന്ന ആരോപണം ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഈ ഓഫീസ് ബാലനെ പിന്നീട് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയിരുന്നു. എന്നാൽ 2016 -ൽ ലാഹോർ റീജിയണൽ ഓഫീസിലേക്ക് മാറ്റിയതുമുതൽ താൻ ബ്രാഞ്ച് മാനേജരുടെ നിർദ്ദേശങ്ങൾ പാലിക്കുകയായിരുന്നു എന്നും അദ്ദേഹത്തിന് തന്റെ പാസ്‌വേഡ് ഉപയോഗിക്കുവാൻ കഴിയുമായിരുന്നു എന്നും വസീം വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥൻ നടത്തിയ തിരിമറികൾ പിന്നീട് തന്റെ മേൽ ആരോപിക്കപ്പെടുകയായിരുന്നു എന്നും സംഭവത്തിൽ പങ്കുണ്ടായിരുന്നു മുസ്ലീങ്ങളെ നിരപരാധികളാക്കുകയും തെറ്റ് ചെയ്യാതിരുന്നിട്ടും തന്നെ കുറ്റക്കാരനാക്കി എന്നും വസിം വെളിപ്പെടുത്തി.

കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട വസീമും കുടുംബവും മറ്റൊരു ജോലി എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിൽ ആണ്. പലപ്പോഴും ക്രിസ്ത്യൻ മത ന്യൂനപക്ഷ വിശ്വാസികൾ ജോലിസ്ഥലങ്ങളിൽ വ്യാജ ആരോപണങ്ങൾക്ക് വിധേയരാവുകയും തൊഴിൽ മേഖലയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഈ പ്രവണത വലിയ തോതിൽ വർദ്ധിക്കുന്നുണ്ട് എന്ന് കാത്തലിക് ചർച്ച് ജസ്റ്റിസ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഉയർന്ന ജോലികളിൽ ക്രിസ്ത്യാനികൾ തഴയപ്പെടുകയും താഴെക്കിടയിലുള്ള ജോലികൾ ചെയ്യുവാൻ നിർബന്ധിതരാവുകയും ചെയ്യുന്ന അവസ്ഥയാണ് പാക്കിസ്ഥാനിൽ നിലനിൽക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.