പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് ഏഴ് വർഷമായി ജയിലിൽ കഴിയുന്ന ക്രൈസ്തവനെ കുറ്റവിമുക്തനാക്കി

പാക്കിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള സവാൻ മാസിഹ് എന്ന ക്രിസ്ത്യാനിയെ ലാഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കി. കഴിഞ്ഞ ഏഴ് വർഷമായി മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട് അദ്ദേഹം ജയിലിൽ ആയിരുന്നു. പാക്കിസ്ഥാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്.

മുൻ ആരോഗ്യ പ്രവർത്തകനായ സവാൻ മാസിഹ് (38) അറസ്റ്റിലായിട്ട് ഏഴു വർഷത്തിലേറെയായി. പ്രവാചകനെ അപമാനിച്ചുവെന്നാരോപിച്ച് പ്രകോപിതനായ 3,000 -ത്തിലധികം ആളുകൾ 2013 മാർച്ച് 8 -ന് നഗരത്തിലെ ജോസഫ് കോളനിയിൽ 150 വീടുകൾ കത്തിച്ചു. 75 കടകളും രണ്ട് പള്ളികളും ആക്രമണത്തിനിരയായി.

“സവാൻ മതനിന്ദ നടത്തിയിട്ടില്ലെന്ന കോടതിയുടെ വിധിയിൽ സന്തോഷമുണ്ട്. എന്നാൽ, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വിലയേറിയ ഏഴുവർഷമാണ് തൻ്റെ കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ടി വന്നത്. അതിന് കരണക്കാരായിട്ടുള്ളവർക്കെതിരെ യാതൊരു ശിക്ഷാ നടപടിയും ഇല്ല,” – സവാനെ കുറ്റവിമുക്തനാക്കിയതിന് മറുപടിയായി നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആന്റ് പീസ് (എൻ‌സി‌ജെ‌പി) എക്സിക്യൂട്ടീവ് ഡയറക്ടർ സെസിൽ ഷെയ്ൻ ചൗധരി പറഞ്ഞു.

മാസിഹിനും ഭാര്യ സോബിയയ്ക്കും മൂന്ന് മക്കളുണ്ട്. ഇപ്പോൾ പതിനാറ് വയസുള്ള നൂർ, പതിനാല് വയസ്സുള്ള സാമി, പന്ത്രണ്ട് വയസുകാരി റെബേക്ക. എന്നാൽ ഇവരുടെ കുട്ടിക്കാലം മുഴുവൻ അദ്ദേഹം ജയിലിലായിരുന്നു. ക്രിസ്ത്യാനികളെ ജോസഫ് കോളനിയിൽ നിന്ന് പുറത്താക്കാനും വ്യാവസായിക ആവശ്യങ്ങൾക്കായി ഭൂമി കൈവശമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ മതനിന്ദ ആരോപണവും അതിൻറെ അനന്തരഫലങ്ങളും എന്ന് വർഷങ്ങളായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.

കേസിലുടനീളം നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും മാസിഹിനെ 2014 മാർച്ച് 27 -ന് ലാഹോർ ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.