‘ക്രിസ്തി മാത്രി’ – മരിയന്‍ സഭാ പഠനങ്ങള്‍ 3

ക്രിസ്തി മാത്രി (Christi Matri): പോൾ ആറാമൻ മാർപാപ്പയുടെ ചാക്രിക ലേഖനം

പശ്ചാത്തലം 

ക്രിസ്തി മാത്രി (Christi Matri) എന്ന പേരിലുള്ള ഈ ചാക്രിക ലേഖനം സമാധാനത്തിനുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന പോൾ ആറാമൻ മാർപാപ്പയുടെ അഭ്യർത്ഥനയാണ്. ഒരു വർഷം മുമ്പ് 1965 ഒക്ടോബർ 4ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് നടത്തിയ സമാധാനത്തിനുള്ള ആഹ്വാനമാണ് ഈ ചാക്രികലേഖനത്തിന്റെ പശ്ചാത്തലമായി   പരിശുദ്ധ പിതാവ് പരാമർശിക്കുന്നത്.

1965- ൽ യു.എന്‍. സന്ദർശനവേളയിൽ സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിന്റേതുപോലുള്ള സമാധാന മനോഭാവം സ്വീകരിക്കാൻ മാർപ്പാപ്പ രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു. അന്നത്തെ ലോകത്തിന്റെ പ്രശ്നങ്ങളായ കിഴക്കൻ ഏഷ്യയിലെ യുദ്ധം, ആണവായുധങ്ങൾ, അതിരുകടന്ന ദേശീയ വാദം, വിപ്ലവാസക്തി, വര്‍ണ്ണവിവേചനം, നിരപരാധികളുടെ വധം തുടങ്ങിയവ വലിയ ദുരന്തത്തിന് സാധ്യതയുള്ളവയായി മാർപാപ്പ കാണുകയും ലോകരാഷ്ട്രങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

മുന്നറിയിപ്പ്

തിന്മകളെക്കുറിച്ചുള്ള പരാമർശത്തിനും സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ആഹ്വാനത്തിനും ശേഷം, ചിലരെ മറ്റുള്ളവരെക്കാൾ താഴ്ന്നവരായിരിക്കാൻ അനുവദിക്കുന്നതിനെതിരെയും മറ്റുള്ളവരെ ആക്രമിക്കാൻ ചിലരെ അനുവദിക്കുന്നതിനെതിരെയും മാർപാപ്പ മുന്നറിയിപ്പ് നൽകിയത് ആവർത്തിക്കുന്നുണ്ട്. എല്ലാവരും തങ്ങളുടെ പരിശ്രമവും തീക്ഷ്ണതയും സമാധാനം സ്ഥാപിക്കുന്നതിൽ  കാണിക്കണം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. അതിനുശേഷം, ഇങ്ങനെയുള്ള തിന്മകളാകുന്ന അഗ്നി ലോകത്തെ നശിപ്പിക്കുന്നരീതിയിൽ പടരാതെ അവ എത്രയും പെട്ടെന്ന് അണയ്ക്കണമെന്ന് രാഷ്ട്രങ്ങളെ ഭരിക്കുന്നവരോട് അടിയന്തിരമായി അഭ്യർത്ഥിക്കുന്നു. മനുഷ്യരാശിയുടെ സുരക്ഷ കയ്യാളുന്നവരുടെ മനസാക്ഷിയുടെ വളരെ ഗുരുതരമായ ബാധ്യതയാണ് ഇവ നിയന്ത്രിക്കാനും അകറ്റാനുമുള്ളതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ദൈവമാതാവിലേക്ക് പ്രാര്‍ത്ഥനകള്‍ 

തുടർന്ന്, അനിശ്ചിതത്വത്തിലും ഉത്കണ്ഠയിലും സഭ പതിവായി ചെയ്യുന്നതുപോലെ ഏറ്റവും സഹായസന്നദ്ധയായ  അവളുടെ അമ്മയോട്  മദ്ധ്യസ്ഥ സഹായം തേടാൻ എല്ലാ വിശ്വാസികളോടും മാർപാപ്പാ ആവശ്യപ്പെടുന്നു. ഈയവസരത്തിൽ, സമാധാനത്തിന്റെ രാജ്ഞിയായ  ദൈവമാതാവിലേക്ക് മുഴുവൻ ക്രൈസ്തവരുടെയും പ്രാർത്ഥനകൾ ഉയരുന്നതിനേക്കാൾ കൂടുതൽ ഉചിതവും മൂല്യവത്തായതുമായ മറ്റൊന്നും തനിക്ക് തോന്നുന്നില്ല എന്നും പാപ്പാ പറയുന്നു. കാരണം, ജപമാല പ്രാർത്ഥന ദൈവജനത്തിന്റെ ഭക്തിക്ക് അനുയോജ്യവും, ദൈവമാതാവിന് ഏറ്റവും പ്രസാദകരവും സ്വർഗ്ഗത്തിന്റെ അനുഗ്രഹം നേടുന്നതിൽ ഏറ്റവും ഫലപ്രദവുമാണ്. കൂടാതെ, തിന്മകളെ അകറ്റുന്നതിലും വിപത്തുകൾ തടയുന്നതിലും ജപമാല പ്രാർത്ഥന വളരെഫലപ്രദമാണ് എന്ന് സഭയുടെ ചരിത്രം വ്യക്തമാക്കുന്നു. തിന്മകൾ വർദ്ധിക്കുമ്പോൾ ദൈവജനത്തിന്റെ പ്രാർത്ഥനകളും വർദ്ധിക്കണം. അതിനാൽ, ജപമാല ചൊല്ലിക്കൊണ്ട് ഏറ്റവും കരുണയുള്ള അമ്മയായ മറിയത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും നേതൃത്വം നൽകണമെന്ന് പരിശുദ്ധ പിതാവ് മെത്രാന്മാരോട് അഭ്യർത്ഥിക്കുന്നു. ഈ വിധത്തിൽ, ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സഭയുടെ ഒരൊറ്റ ശബ്ദത്താൽ സ്വർഗ്ഗം ചലിപ്പിക്കപ്പെടും എന്ന് മാർപാപ്പ പ്രത്യാശിക്കുന്നു.

പാപ്പായുടെ പ്രാര്‍ത്ഥന 

താഴെ വരുന്ന പ്രാർത്ഥനയോടെ മാർപാപ്പ തന്റെ ചാക്രികലേഖനം അവസാനിപ്പിക്കുന്നു.

“ഏറ്റവും അനുഗ്രഹീതയായ കന്യകയെ, അങ്ങയുടെ എല്ലാ മക്കളെയും കരുണയോടെ നോക്കണമേ. നോക്കൂ. തങ്ങളുടെ ആട്ടിൻകൂട്ടം ഭയാനകമായ തിന്മയുടെ കൊടുങ്കാറ്റാൽ ഉപദ്രവിക്കപ്പെടുമെന്ന ഇടയന്മാരുടെ ഭയാശങ്കകളെ  പരിഗണിക്കണമേ. തങ്ങളുടെ  ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലായവരും പ്രയാസങ്ങളും കരുതലുകളും നേരിടുന്നവരുമായ പിതാക്കന്മാരും  അമ്മമാരും ആയ നിരവധി ആളുകളുടെ മനോവേദന അങ്ങ് ശ്രദ്ധിക്കണമേ. യുദ്ധകെടുതിയിൽ ഉള്ളവരുടെ മനസ്സിനെ സാന്ത്വനപ്പെടുത്തുകയും സമാധാനചിന്തകളാൽ അവരെ പ്രചോദിപ്പിക്കുകയും ചെയ്യണമേ. അങ്ങയുടെ മധ്യസ്ഥതയിലൂടെ, അന്യായത്തോട് പ്രതികാരം ചെയ്യുന്നവനായ ദൈവം കരുണയോടെ കടാക്ഷിക്കട്ടെ. രാഷ്ട്രങ്ങൾ ആഗ്രഹിക്കുന്ന സമാധാനം ദൈവം അവർക്ക് തിരികെ നൽകുകയും യഥാർത്ഥ സമൃദ്ധിയുടെ ശാശ്വത യുഗത്തിലേക്ക് അവരെ തിരികെ കൊണ്ടുവരികയും ചെയ്യട്ടെ.”

ഡോ. സെബാസ്റ്യന്‍ മുട്ടംതൊട്ടില്‍ mcbs 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.