മുഖംമൂടികളില്ലാതെ ജീവിച്ച ക്രിസ്തു

യേശു ജീവിച്ചു. ഒരു പച്ചമനുഷ്യനായി. ദൈവപുത്രന്റെ പരിവേഷങ്ങളില്ലാതെ, പ്രകടനങ്ങളില്ലാതെ, മുഖംമൂടിയില്ലാതെ 33 വര്‍ഷം. അതില്‍ 30 വര്‍ഷം ഏതൊരു സാധാരണക്കാരന്റേതു പോലെയുമുള്ള ജീവിതം. പിന്നീടുള്ള മൂന്നു വര്‍ഷം സമൂഹമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് കുറെയൊക്കെ സംഭവബഹുലമായ ഒരു വിപ്ലവകാരിയുടേതു പോലെയുള്ള ജീവിതം. എങ്കിലും മറ്റെല്ലാവരില്‍ നിന്നും അവിടുത്തെ വ്യത്യസ്തനാക്കിയത് ആ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും എന്തിന് നോട്ടത്തില്‍ പോലും നിറഞ്ഞുനിന്നിരുന്ന സ്‌നേഹത്തിന്റെ ആര്‍ദ്രതയും അലിവിന്റെ നനവും കാരുണ്യത്തിന്റെ ചൂടുമായിരുന്നു.

തങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് ഉറപ്പുള്ളിടത്ത് ജനം തടിച്ചുകൂടുക സ്വാഭാവികമാണല്ലോ. യേശുവിന് ചുറ്റുമുണ്ടായിരുന്നു വലിയ ജനക്കൂട്ടങ്ങള്‍. വെള്ളം വീഞ്ഞാക്കിയപ്പോള്‍, അപ്പം വര്‍ദ്ധിപ്പിച്ചപ്പോള്‍, രോഗികളെ സുഖപ്പെടുത്തിയപ്പോള്‍, ദൈവരാജ്യത്തെക്കുറിച്ച് പ്രഘോഷിച്ചപ്പോള്‍… എന്നാല്‍ അതിനപ്പുറമുള്ള ഒരു സന്ദേശമായിരുന്നു യേശു തന്റെ ജീവിതത്തിലൂടെ പകർന്നത്. യേശുവിന്റെ കുരിശുമരണവും ഉത്ഥാനവും ആ സന്ദേശമാണ് നമുക്ക് വെളിപ്പെടുത്തി തരുന്നത്.

തന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അസൂയ മൂത്തവന്‍ തനിക്കായി മരണക്കെണി ഒരുക്കുന്നുണ്ടെന്നും തന്റെ പ്രബോധനങ്ങള്‍ കേട്ട് അസ്വസ്ഥരായവര്‍ തന്നെ കുടുക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്നും ഇന്ന് തനിക്കു ചുറ്റുമുള്ള ഇതേ ജനം തന്നെ, ഇവനെ ക്രൂശിക്കുക എന്ന് ആര്‍പ്പുവിളിക്കുമെന്നും തന്റെ ശിഷ്യന്മാരെന്നെ പേരില്‍ തന്നോട് ചേര്‍ന്നുനടക്കുന്നവര്‍ പോലും അവസാന നിമിഷം ഓടിയൊളിക്കുമെന്ന് അറിഞ്ഞിട്ടും അവിടുന്ന് തളര്‍ന്നില്ല; ജീവിച്ചു. താന്‍ ആയിരിക്കുന്നതുപോലെ, തന്റെ ദൗത്യം നിറവേറ്റിക്കൊണ്ട്.

പിതാവിനാല്‍ അയയ്ക്കപ്പെട്ടവനായി അവിടുന്ന് വന്നു. പിതാവ് ഏല്‍പിച്ച ദൗത്യങ്ങള്‍ നിറവേറ്റി. പിതാവിന്റെ കരങ്ങളില്‍ ആത്മാവിനെ സമര്‍പ്പിച്ച് തന്റെ ഈ ലോകത്തിലെ ഹ്രസ്വജീവിതം അവസാനിപ്പിച്ചു. ആരെല്ലാം തന്റെ പരിശുദ്ധി തിരിച്ചറിഞ്ഞെന്നോ, ആരെല്ലാം തന്റെ പരിശുദ്ധി വിശ്വസിച്ചെന്നോ, ആരെല്ലാം തന്നെ മനസിലാക്കിയെന്നോ ഓര്‍ത്ത് അവിടുന്ന് ആകുലപ്പെട്ടില്ല. ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തുവാന്‍ അവിടുന്ന് പരിശ്രമിച്ചതുമില്ല. എല്ലാം തന്റെ പിതാവിന് വിട്ടുകൊടുത്തു. സമയത്തിന്റെ പൂര്‍ത്തിയില്‍ ലോകം എല്ലാം തിരിച്ചറിയും എന്ന ബോദ്ധ്യത്തോടെ.

കപടതകളില്ലാതെ നമുക്ക് ജീവിക്കാന്‍ പരിശ്രമിക്കാം. എന്തിനാണ് നമുക്ക് ഈ മൂടുപടങ്ങള്‍? എന്തിനാണ് ഇത്രയേറെ പ്രകടനങ്ങള്‍? പച്ചമനുഷ്യനായി ജീവിക്കുക. ഏല്‍പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിറവേറ്റുക. ബാക്കിയെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക.

സി. ആഗ്നൽ വട്ടേലി DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.