എല്ലാവരേയും വീണ്ടെടുക്കാൻ ക്രിസ്തു ആഗ്രഹിക്കുന്നു: പാപ്പാ

ദൈവത്തിനു രക്ഷിക്കാൻ കഴിയാത്ത വിധത്തിൽ ഒരു സൃഷ്ടിയും അകന്നു പോയിട്ടില്ല എന്ന് ഫ്രാൻസിസ് പാപ്പാ. റോം രൂപതയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഔട്ട് റീച്ച് മിനിസ്ട്രിയിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പാ.

ക്രിസ്തുവിനു വേണ്ടാത്തതായി ഒരു ഹൃദയവും ഇല്ല. അവിടുത്തെ കാരുണ്യത്താൽ നവീകരിക്കപ്പെടാത്ത ഒരു വ്യക്തിയും ഇല്ല. ഈ ഒരു ചിന്ത ഓരോ പ്രവർത്തി ചെയ്യുമ്പോഴും നിങ്ങളുടെ ഉള്ളിൽ ഉണ്ടാകണം. അതിനാൽ ദൈവത്തിലേക്ക് എത്തുന്നതിനും മറ്റുള്ളവരെ ദൈവത്തിലേക്ക് എത്തിക്കുന്നതിനും സാധിക്കുന്ന വിശ്വാസത്തിന്റെ വഴികൾ നാം കണ്ടെത്തണം. പാപ്പാ ഓർമ്മിപ്പിച്ചു.

പാപം ചെയ്യുമ്പോൾ നാം നമ്മുടെ ആത്മാവിനെ നഷ്ടപ്പെടുത്തുകയും ദൈവത്തിൽ നിന്ന് അകലുകയും ചെയ്യുന്നു. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള ദൈവാലയം പാപം മൂലം നാം നശിപ്പിക്കുന്നു. എന്നാൽ അത് തുടർന്നു പോകുന്ന ഒരു അവസ്ഥയല്ല. തകർന്ന ദൈവാലയം, പാപം മൂലം ദൈവത്തിൽ നിന്നകന്ന നമ്മുടെ ഹൃദയം പുനർസൃഷ്ടിക്കാൻ ദൈവത്തിനു മൂന്നു ദിവസം മാത്രമേ ആവശ്യമുള്ളൂ എന്ന് ഓർക്കുക. എത്ര പാപിയായിരുന്നാലും അവൻ ദൈവത്തിന്റെ കരുണയിൽ നിന്ന് ഒരിക്കലും മാറ്റി നിർത്തപ്പെടുന്നില്ല. പാപ്പാ വ്യക്തമാക്കി.

അവിശ്വാസം, ശത്രുത തുടങ്ങിയ കാരണങ്ങളാണ് സാധാരണ ദൈവത്തിലേയ്ക്ക് ക്രിസ്ത്യാനികൾ എത്തിച്ചേരുന്നതിനു തടസമായി നിൽക്കുന്നത്. ഇത്തരം കാരണങ്ങളാൽ ദൈവത്തിന്റെ സ്നേഹം ശരിയായി പകരുവാൻ കഴിയാതെ വരുന്നു. അതിനാൽ സ്നേഹത്തിന്റെ സഹവർത്തിത്വത്തിന്റെ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കാം. പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.