ആണിപ്പഴുതുകള്‍ അടയാളമാക്കിയ രാജാവ്‌ – ഈശോ

പള്ളിക്കൂദാശക്കാലം നാലാം ഞായര്‍ മത്തായി 22: 41-46 

പീലാത്തോസ് പ്രത്തോറിയത്തില്‍ വച്ച് അതീവ നിര്‍ണ്ണായകമായ ഈ ചോദ്യം ചോദിച്ചു. “നീ യഹൂദരുടെ രാജാവാണോ?” ഈശോമിശിഹാ അതിന് മറുപടിയായി തന്റെ രാജത്വത്തിന്റെ ഔന്നത്യം പ്രഖ്യാപിക്കുന്നു. “എന്റെ രാജ്യം ഐഹികമല്ല.ന്റെ രാജാധികാരത്തിന്റെ ആടയാഭരണവും ചെങ്കോലുമൊക്കെ ‘ബാഹുബലി’ കാലയളവില്‍ ജീവിക്കുന്ന നമുക്ക് പെട്ടെന്ന് ഭാവന ചെയ്യുവാനാവും. അധികാരം ലഹരിയാക്കുമ്പോള്‍ മനുഷ്യന്‍ പിശാചാവുന്നത് ബൈബിള്‍ താളുകളില്‍ മാത്രമല്ല, ചരിത്രത്താളുകളിലും വായിച്ചെടുക്കാനാവും.

ദുഷ്ടരും ശിഷ്ടരുമായ രാജാക്കന്മാരുടെ ചരിത്രത്തിലൂടെ കടന്നുപോയ ഈ ലോകത്തിന് യഥാര്‍ത്ഥ രാജത്വം എന്താണെന്ന് മനസ്സിലാകണമെങ്കില്‍, രാജാക്കന്മാരുടെ രാജാവും കര്‍ത്താവുമായവന്റെ രാജ്യത്തെ മനസ്സിലാക്കാനാവണം. മരണത്തോടടുക്കുന്ന ഈശോമിശിഹായെ നോക്കി ആ കള്ളന്‍ പറയുകയാണ്. “നാഥാ, നിന്റെ രാജ്യത്തിലേയ്ക്ക് വരുമ്പോള്‍ നീ എന്നെ കൂടെ ഓര്‍ക്കണമേ.” മിശിഹായുടെ കുരിശില്‍ നോക്കിയപ്പോള്‍, അതുവരെ ആരും ഒരുറപ്പും കൊടുക്കാത്ത മരണത്തിനപ്പുറമുള്ള യഥാര്‍ത്ഥരാജ്യം ആ കള്ളന്‍ കണ്ടു. “ഇന്നു നീയും എന്നോടൊപ്പം പറുദീസായിലായിരിക്കും” എന്നുള്ള അവന്റെ മറുപടി നാളെയോ നാളെകഴിഞ്ഞോ എന്നല്ല, മരണം എനിക്കുള്ള അവസാന വാക്കല്ല ജീവിതപൂര്‍ണ്ണതയിലേയ്ക്കുള്ള കടന്നുപോക്കാണ് എന്നായിരുന്നു അവന്റെ മറുപടി. മരണത്തെ കീഴടക്കിയ രാജാവാണ് ക്രിസ്തു, ഈ ലോകത്തിലെ എല്ലാ രാജാക്കന്മാരും രാജ്യങ്ങളും മരണത്തിനു മുമ്പില്‍ കീഴടങ്ങി. ക്രിസ്തു മരണത്തെ അതിജീവിച്ച് ഉയര്‍ത്തു. അവന്റെ രാജ്യത്തിന് അവസാനമില്ല. ചരിത്രത്തില്‍ ജലരേഖ പോലെ ഇല്ലാതെയായി മണ്‍മറഞ്ഞ് ശൂന്യമായിത്തീര്‍ന്ന നിരവധി രാജാക്കന്മാരും രാജ്യങ്ങളുമുണ്ട്. എന്നാല്‍ ക്രിസ്തുരാജന്‍ ഇന്നലെയും ഇന്നും എന്നും എന്നേയ്ക്കും ജീവിക്കുന്നു.

വിദഗ്ധനായ കൈനോട്ടക്കാരന്റെ അടുത്തുചെന്ന കൊച്ചു നെപ്പോളിയന്‍ കൈനീട്ടി ചോദിച്ചു. “ഞാന്‍ രാജാവാകുമോ?” കൈനോട്ടക്കാരന്‍ കൈകള്‍ പരിശോധിച്ചു. അയാള്‍ പറഞ്ഞു; “ഇല്ല, നീ രാജാവാകില്ല. നിന്റെ കൈരേഖ ഇവിടെ അവസാനിക്കുകയാണ്.” കൊച്ചു നെപ്പോളിയന്‍ കത്തിയെടുത്ത് തന്റെ കൈയ്യിലെ ചാല് കീറി രേഖ വലുതാക്കി. അത്ഭുതസ്തംഭനായ ഹസ്തരേഖ വിദഗ്ധന്‍ പറഞ്ഞു; “നീ രാജാവല്ല ചക്രവര്‍ത്തിയാകും.”

ഈശോമിശിഹാ രാജാവായി ഇന്ന് എന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഓര്‍ക്കണം, പച്ചമാംസത്തെ തുളച്ച് പച്ചിരുമ്പില്‍ സൃഷ്ടിക്കപ്പെട്ട ആണിപ്പഴുതുകളാണ് അവന്റെ രാജത്വത്തിന്റെ അടയാളം. കുന്തം കൊണ്ട് തുളച്ച് തകര്‍ക്കപ്പെട്ട തിരുവിലാവാണവന്റെ രാജത്വത്തിന്റെ അടയാളം. അധികാരത്തിന്റെ ചെങ്കോല്‍ ഉപയോഗിക്കാതെ ശുശ്രൂഷയുടെ ദാസ്യപദം അലങ്കരിച്ച് ശിഷ്യരുടെ പാദം കഴുകി. വിശുദ്ധ കാഹളം മുഴക്കി അണികളെ ചാവേറാക്കി, തനിക്കെതിരായെന്ന് തോന്നിയവരെ ചുട്ടരിച്ചില്ല. മറിച്ച് അവന്‍ എന്നെന്നേയ്ക്കുമായി രക്തം ചിന്തി; അവസാനത്തുള്ളി രക്തം പോലും.

ഈ ലോകത്തിലെ ശിഷ്യന്മാര്‍ക്കുപോലും ക്രിസ്തുരാജനേയോ അവന്റെ രാജ്യത്തെയോ മനസ്സിലാക്കാനായില്ല. രാജ്യം സ്ഥാപിച്ച് അടക്കിവാഴുന്നു. അധികാരത്തിന്റെ രാജ്യത്തിലായിരുന്നു അവരുടെ പ്രതീക്ഷ. രാജത്വത്തിരുനാളില്‍ ദാവീദിന്റെ പുത്രനെക്കുറിച്ചുള്ള പരാമര്‍ശം (മത്തായി 22:41-16) സൂചിപ്പിക്കുക, മിശിഹായെ ഭൗതികമാനങ്ങളില്‍ ഒതുക്കാനുള്ള ശ്രമത്തോടുള്ള ദൈവപുത്രന്റെ അതിശക്തമായ വിയോജിപ്പാണ്.

Dan Brown-ന്റെ Da vnici code-ലെ ബന്ധമല്ല, കര്‍മ്മബന്ധത്തിലും രക്തബന്ധത്തിനും മീതെ ആത്മബന്ധത്തില്‍, പരിശുദ്ധ ആത്മബന്ധത്തില്‍ അവിടുന്ന് സ്വന്തം രക്തം പരിശുദ്ധ കുര്‍ബാനയായി അവിടുന്ന് നല്‍കി. രാജകീയപൗരോഹിത്യത്തില്‍ ദൈവത്തെയും ജനത്തേയും സേവിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ ക്രിസ്ത്യാനിയും. “നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍ നിന്നു തന്റെ അത്ഭുതകരമായ പ്രകാശത്തിലേയ്ക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം (1 പത്രോസ് 2:9). നിയമജ്ഞരും ഫരിസേയരും രാജസിംഹാസനത്തിലിരിക്കുന്നു. നിങ്ങള്‍ അവരെപ്പോലെയാകരുത്. ഈശോയുടെ രക്തം കുടിച്ച് അവന്റെ ബലിയില്‍ പങ്കുപറ്റുന്നവര്‍ ഈശോയുടെ രാജകീയത ജീവിക്കണം. യഥാര്‍ത്ഥ രാജാവായ ഈശോയുടെ രക്തം സിരകളിലൂടെ ഒഴുക്കുന്ന നാം സ്വയം ശൂന്യവല്‍കരിച്ച് ശുശ്രൂഷയുടെ രാജത്വം നിര്‍വഹിക്കുന്നവരാകണം. എല്ലാവരുടെയും പുകഴ്ചയും കൈയ്യടിയുമല്ല, അപരനുവേണ്ടി മുറിയപ്പെടുന്നവരെ പരിപാലിക്കുന്ന മുറിയപ്പെടുന്ന അപ്പം സ്വീകരിച്ച് മുറിച്ച് നല്‍കപ്പെടാനാവട്ടെ.

അധികാരത്തിന്റെ ഗര്‍വ്വ് കാണിക്കാനല്ല മറിച്ച് ആധികാരികതയോടു കൂടി ശുശ്രൂഷ ചെയ്യാനാണ് രാജത്വത്തിരുനാള്‍ നമ്മെ കടമപ്പെടുത്തുക. ‘Let us go to periphery” എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രശസ്ത വാക്കുകള്‍ സുരക്ഷിതത്വം വിട്ട് ഇറങ്ങാന്‍, ഈശോയുടെ രാജകീയശുശ്രൂഷ ചെയ്യുവാന്‍ നമ്മെ വെല്ലുവിളിക്കുന്നു. നമ്മുടെ സഭാസ്ഥാപനങ്ങളിലും സെമിനാരികളിലും സ്‌കൂളുകളിലും കുടുംബങ്ങളിലും ഈശോമിശിഹാ രാജാവായി വാഴുക എന്നതിനര്‍ത്ഥം ഈശോമിശിഹായ്ക്ക് ഡയറക്ടറായി, സുപ്പീരിയറായി, റെക്ടറായി, കുടുംബനാഥനായി ഇരിക്കാനാവാത്ത ഒരു സാഹചര്യവും ഉണ്ടാക്കരുത് എന്നു തന്നെയാണ്. ഈശോയാണ് അധികാരത്തിലെങ്കില്‍ എന്താണോ അതാണ് നേതൃത്വവും ചെയ്യേണ്ടത് എന്നാണ് ഇതിന് അര്‍ത്ഥം. ശുശ്രൂഷയുടെ ഈ രാജത്വം ജീവിക്കുവാന്‍ നമുക്ക് കഴിയട്ടെ.

രാജേഷ് വയലുങ്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.