ഓറഞ്ച് രൂപതയിലെ ക്രൈസ്റ്റ് കത്തീഡ്രല്‍ ഇനി വിശ്വാസികള്‍ക്ക് സ്വന്തം

ക്രൈസ്റ്റ് കത്തീഡ്രല്‍, വിശ്വാസികള്‍ക്ക് സമര്‍പ്പിച്ച് കാലിഫോര്‍ണിയയിലെ ഓറഞ്ച് രൂപത. 10,000-ലധികം ഗ്ലാസ് പാനുകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണരീതിയാണ് ഈ കത്തീഡ്രലിനെ ആകര്‍ഷകവും വ്യത്യസ്തവുമാക്കുന്നത്. ഏഴ് വര്‍ഷം ദീര്‍ഘിച്ച നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ 17-നാണ് കത്തീഡ്രല്‍ വിശ്വാസ സമൂഹത്തിന് സമര്‍പ്പിച്ചത്.

പ്രൊട്ടസ്റ്റന്റ് കമ്മ്യൂണിറ്റിയുടെ ആരാധനാകേന്ദ്രമായിരുന്ന കത്തീഡ്രല്‍ കത്തോലിക്കാ ആരാധനാകേന്ദ്രമാക്കി മാറ്റിയെടുക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന് കത്തീഡ്രല്‍ അധികാരികള്‍ വെളിപ്പെടുത്തി. നാല് മണിക്കൂര്‍ നീണ്ടുനിന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകാന്‍ 3,000-ല്‍പരം പേര്‍ എത്തിയിരുന്നു.

ഇത് ദൈവത്തിന്റെ ആലയമാണെന്നും പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കു വേണമെങ്കിലും ഇവിടെ ഒരുമിക്കാമെന്നും കത്തീഡ്രല്‍ അധികൃതര്‍ വ്യക്തമാക്കി. 2012 ഫെബ്രുവരിയില്‍, 57.5 ഡോളറിനാണ് പ്രൊട്ടസ്റ്റെന്റ് സമൂഹത്തില്‍ നിന്ന് ഓറഞ്ച് രൂപത അമൂല്യമായ ശില്‍പസമാനമായ കത്തീഡ്രല്‍ വാങ്ങിയത്. 34 എക്കറില്‍ ഏഴ് കെട്ടിടങ്ങളായാണ് ക്രൈസ്റ്റ് കത്തീഡ്രല്‍ കാമ്പസ് വ്യാപിച്ചിരിക്കുന്നത്. ആരാധനയ്ക്കും ദിവ്യബലി അര്‍പ്പിക്കുന്നതിനുമായി വാരാന്ത്യങ്ങളില്‍ കത്തീഡ്രല്‍ തുറന്നുനല്‍കും.