ക്രിസ്തുവും സീസറും നമ്മുടെ ക്രിസ്തുമസും

ലോകത്തിൽ ഏറ്റവുമധികം അറിയപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതുമായ തിരുനാളാണ് ക്രിസ്തുമസ്. ക്രിസ്തുവിന്റെ ജനനം മനുഷ്യചരിത്രത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നതിനാൽ എല്ലാ ജന്മങ്ങളും യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുൽക്കൂട്, ക്രിസ്തുമസ് പപ്പാ (സാന്താക്ലോസ്), ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് നക്ഷത്രങ്ങൾ, ക്രിസ്തുമസ് കാർഡ്, ക്രിസ്തുമസ് കരോൾ തുടങ്ങി ഒരുപാടു പ്രതീകങ്ങൾ ക്രിസ്തുമസ് കൊണ്ടാടുന്നതുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. ഇന്ന് പല രാജ്യങ്ങളിലും ക്രിസ്തുമസ് അവിടുത്തെ ഏറ്റവും വലിയ വാണിജ്യ-വ്യവസായ മേളകളുടെ സമയവുമാണ്.

ബാഹ്യമായ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കുമപ്പുറം യേശുവിന്റെ ജനനത്തിന് നമ്മുടെ ജീവിതവുമായിട്ടുള്ള ബന്ധവും അതുവഴിയായി നമ്മുടെ ജീവിതത്തിന് ആഴവും അർത്ഥവും ഉണ്ടായതും ക്രിസ്തുമസ് കാലയളവിൽ കൂടുതലായി നാം വിശകലനവിധേയയമാക്കണം. ക്രിസ്തുമസിന്റെ യഥാർത്ഥ ചൈതന്യം ക്രിസ്തുവിനെ എല്ലായിടത്തും സന്നിഹിതമാക്കുന്നതിലാണ്‌. അതിന്റെ ആത്മീയ അർത്ഥതലങ്ങൾ ബാഹ്യാനുഷ്ഠാനങ്ങളേക്കാൾ നമുക്ക് വിലപ്പെട്ടതാണ്. ക്രിസ്തു നമ്മെ സംബന്ധിച്ച് പണ്ടെങ്ങോ ജീവിച്ച് മരിച്ചുപോയ ഒരു വ്യക്തിയല്ല. പിന്നെയോ ഇന്നും ജീവിക്കുന്ന യാഥാർഥ്യമാണ്. ഒരു ചരിത്രപുരുഷൻ എന്നതുപോലെ തന്നെ ചരിത്രാതീതനും ചരിത്രത്തിന്റെയെല്ലാം കേന്ദ്രവുമാണ് യേശു. ലൂക്കാ സുവിശേഷകൻ പറയുന്ന ചില ചരിത്രയാഥാർത്ഥ്യങ്ങളേയും അന്നത്തെ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവുമായിരുന്ന സീസർ ചക്രവർത്തിയെയും ബന്ധപ്പെടുത്തി യേശുവിന്റെ ജനനത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ചിത്രകാരനും ഭിഷഗ്വരനുമായിരുന്ന ലൂക്കാ സുവിശേഷകൻ ഒരു നല്ല ചരിത്രകാരന്റെ അവധാനതയോടെ യേശുവിന്റെ ജനനം വിവരിക്കുന്നു. “അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽ നിന്ന് കല്പന പുറപ്പെട്ടു” (ലൂക്കാ 2:1). മനുഷ്യകുലത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അങ്ങനെ “ലോകമാസകലമുള്ള” ഒരു ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. ഭൂമിയിലുള്ള എല്ലാ ജനങ്ങളും ജീവിതങ്ങളും ചക്രവർത്തിയായ സീസർ അഗസ്റ്റസിന്റെ ജീവിതവും ഭരണവുമായി ബന്ധപ്പെട്ടിരിക്കണം എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിലൊരു കണക്കെടുപ്പ് ഉദയം ചെയ്യുന്നത്.

വിശാല റോമൻ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തിയായിരുന്നു സീസർ അഗസ്റ്റസ് (63 BC -AD 14). “പാക്സ് റോമാനാ” (Pax Romana) എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന 200 വർഷം നീണ്ടുനിന്ന ദീർഘമായ “സമാധാന യുഗം”   ആരംഭിക്കുന്നത് ഇദ്ദേഹത്തിന്റെ കാലത്തോടെയാണ്. അഗസ്റ്റസിന്റെ ഭരണം വഴി സാമ്രാജ്യത്തിലുടനീളം സമാധാനം കൈവന്നു. കാരണം ലോകത്തിൽ സമാധാനം സംജാതമാക്കാൻ വേണ്ടി ജനിച്ചവനാണ് സീസർ അഗസ്റ്റസ്. ഗായിയുസ് ഒക്റ്റാവിയുസ് (Gaius Octavius) എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ നാമം. കാലാന്തരത്തിൽ അത് സീസർ ദിവി ഫിലിയൂസ് അഗസ്റ്റസ് (Caesar Divi Filius Augustus) ആയി മാറുന്നു. “ദിവി ഫിലിയൂസ്” എന്നാൽ “ദൈവത്തിന്റെ മകൻ” എന്ന് അർത്ഥം. റോമൻ സെനറ്റ്  ബി.സി. 31 -ൽ അഗസ്റ്റസിന്റെ മരിച്ചുപോയ പിതാവ് ജൂലിയസ് സീസറിനു (അഗസ്റ്റസിനെ ഇദ്ദേഹം ദത്തെടുത്തതാണ്) ദൈവത്വം കല്പിച്ചു കൊടുക്കുകയും അഗസ്റ്റസ് സീസറിനെ “ദൈവപുത്രനായി” പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ദൈവീകമായ ഉത്ഭവം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അത് സ്ഥിരമാക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം അഗസ്റ്റസ് എന്ന നാമം സ്വീകരിച്ചത്. ആ പേരിന്റെ അർത്ഥം “വിശിഷ്ടനായ വ്യക്തി”, “ആരാധനക്കു യോഗ്യൻ” എന്നൊക്കെയാണ്. പ്രസിദ്ധ റോമൻ കവിയായ വെർജിൽ, അഗസ്റ്റസ് ചക്രവർത്തിയെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു: “നിങ്ങൾ പലപ്പോഴും കേൾക്കുന്ന വാഗ്ദാനം ചെയ്യപ്പെട്ട മനുഷ്യൻ, ദൈവത്തിന്റെ മകനായ, അഗസ്റ്റസ് സീസർ ഇവനാണ്. അവൻ നമുക്ക് വീണ്ടും ഒരു സുവർണ്ണ കാലഘട്ടം സംജാതമാകും” (Aeneid 1.286-90). റോമൻ സാമ്രാജ്യം ഭരിക്കുന്ന ചക്രവർത്തി അങ്ങനെ ഭൂമിയിലെ കാണപ്പെടുന്ന ദൈവരൂപമായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ ദൈവത്തിന്റെ പുത്രനായ  സീസറിന്റെ പേരിൽ രാജ്യത്തുടനീളം അമ്പലങ്ങൾ സ്ഥാപിച്ച് ജനങ്ങൾ ആരാധന നടത്തിയിരുന്നു. ഇത് റോമൻ പൗരൻ എന്ന നിലയിലുള്ള മതപരവും രാഷ്ട്രീയവുമായ കർത്തവ്യത്തിന്റെ ഭാഗമായിരുന്നു.

സീസർ ചക്രവർത്തിയുടെ വരവോടെ റോമൻ സാമ്രാജ്യത്തിൽ ഒരു സമാധാനയുഗത്തിന് ആരംഭം കുറിച്ചെങ്കിൽ യേശുവിന്റെ മനുഷ്യാവതാരത്തോടെ ലോകത്തിന് നിത്യസമാധാനത്തിനുള്ള വഴിയാണ് ലഭിച്ചിരിക്കുന്നത്. രക്ഷകന്റെ  ജനനം “സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയും” (ലൂക്കാ 2:10). അതുപോലെ തന്നെ “ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം” (ലൂക്കാ 2:14) ലഭിക്കുന്നതിനുള്ള അവസരവുമാണ്. അങ്ങനെ “പാക്സ് റോമാനാ” എന്നത് “പാക്സ് ക്രിസ്റ്റി”യായി മാറിയിക്കുന്നു. യേശു തന്നെ പറയുന്നു: “എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു. ലോകം നൽകുന്നതു പോലെയല്ല ഞാൻ നൽകുന്നത്” (യോഹ. 14:27). അതുപോലെ തന്നെ സീസർ ചക്രവർത്തി ദൈവപുത്രനായി ജനങ്ങളുടെ ഇടയിൽ കാണപ്പെട്ടെങ്കിൽ അതിന്റെ യഥാര്‍ത്ഥ അവകാശി ബേത്‌ലഹേമിലെ പുൽക്കുടിലിൽ ഭൂജാതനായ യേശുവാണ്‌. കാരണം അവിടുന്നാണ്  ഭൂമിയിൽ ദൈവത്തിന്റെ പ്രതിരൂപം. യേശു തന്റെ ശിഷ്യന്മാരോട് പറയുന്നു: “എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു” (യോഹ. 14:9). വി. പൗലോസ് ശ്ലീഹാ പല പ്രാവശ്യം ഈ സത്യം എടുത്തുപറയുന്നു: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും ആണ്” (കൊളോ. 1:15). റോമൻ സാമ്രാജ്യം ചക്രവർത്തിയുടെ പേരിൽ ദേവാലയങ്ങൾ പടുത്തുയർത്തിയെങ്കിൽ, തന്റെ ശരീരമായിരുന്നു ദേവാലയമായി യേശു നമുക്കു വേണ്ടി സമർപ്പിച്ചത്. യേശുവിന്റെ അധികാരത്തിന് അടയാളം ആവശ്യപ്പെട്ട യഹൂദന്മാർക്ക് യേശു കൊടുത്ത വലിയ അടയാളം ഈ ദേവാലയം നശിപ്പിക്കുക മൂന്നു ദിവസത്തിനകം ഞാൻ അത് പുനരുദ്ധരിക്കും എന്നാണ്. സുവിശേഷകൻ പറയുന്നു: “എന്നാൽ അവൻ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്” (യോഹ. 2:21). ബെനഡിക്ട് 16-ാമന്‍ മാർപാപ്പ എഴുതുന്നു: “പഴയ ആലയത്തിന്റെ യുഗം അവസാനിച്ചു. മനുഷ്യനിർമ്മിതമല്ലാത്ത ഒരു ആലയത്തിൽ പുതിയ ആരാധന അർപ്പിക്കപ്പെടുന്നു. ഈ ദേവാലയം യേശുവിന്റെ ഉയർപ്പിക്കപ്പെട്ട ശരീരമാണ്. തന്റെ ശരീര-രക്തങ്ങളുടെ പങ്കുവയ്ക്കലിലൂടെ സകലതിനെയും അവൻ ഒന്നിപ്പിക്കുന്നു. അവൻ തന്നെയാണ് മനുഷ്യരാശിയുടെ പുതിയ ആലയം” (നസറെത്തിലെ യേശു, വാല്യം II, 21-22).

സീസർ ചക്രവർത്തിയുടെ സാമ്രാജ്യ വിപുലീകരണത്തിന്റെയും സത്ഭരണത്തിന്റെയും ലക്ഷ്യം ഇങ്ങനെയൊരു ഭരണാധികാരി തനിക്കു മുൻപോ, തനിക്കു ശേഷമോ ലോകത്തിൽ ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു. ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടുന്ന, ലോകത്തിന്റെ മുഴുവൻ അധിപനായി അറിയപ്പെടുന്ന ആളായി മാറാൻ വേണ്ടുന്നതെല്ലാം അദ്ദേഹം ചെയ്തു. വലിയ പ്രചാരണത്തിലൂടെ ഇങ്ങനെ ഒരു രാജാവ് ഭൂമിയിൽ അവതരിച്ചില്ലായിരുന്നെങ്കിൽ തങ്ങളുടെ ജീവിതം ദുരിതപൂർണ്ണവും അർത്ഥമില്ലാത്തതമായി മാറിയേനെ എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ചക്രവർത്തിക്കുണ്ടായ പുതുജന്മത്തിന്റെ പ്രതീകമായി ചരിത്രത്തിൽ അഗസ്റ്റസ് എന്ന നാമധേയത്തിൽ അദ്ദേഹം പിന്നീട് അറിയപ്പെടാൻ തുടങ്ങി.

സീസറിനെക്കുറിച്ച് പറയപ്പെടുന്ന പ്രവചനങ്ങൾ യഥാർത്ഥത്തിൽ കൃത്യമായി നിറവേറ്റപ്പെട്ടിരിക്കുന്നത് ക്രിസ്തുവിലാണ്. ഏശയ്യാ പ്രവാചകൻ പറയുന്നു: “എന്തെന്നാൽ, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും;  വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്‌; അവന്റെ സമാധാനം അനന്തവും” (ഏശയ്യാ 9:6-7).

ആരാധനക്കു യോഗ്യൻ ദൈവം മാത്രമാണ്. വെളിപാട് പുസ്തകത്തിൽ നാം വായിക്കുന്നു: “കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്വീകരിക്കാൻ യോഗ്യനാണ്” (വെളി. 5:12). നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാകുന്നത് യേശുവിനോട് ബന്ധപ്പെട്ടിരിക്കുമ്പോഴാണ്. അവിടുന്നാണ് നമ്മുടെ പ്രയാസങ്ങൾക്കും കഷ്ടതകൾക്കും അറുതി വരുത്തുന്നത് (മത്തായി 11:28-30). പത്രോസ് ശ്ലീഹ പറയുന്നു: “ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ, നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. അവിടുന്ന് നിങ്ങളുടെ  കാര്യത്തിൽ ശ്രദ്ധാലുവാണ്” (1 പത്രോസ്  5:6-7).

അഗസ്റ്റസ് സീസറിന്റെ പ്രധാനപ്പെട്ട സ്ഥാനനാമങ്ങളിൽ ഒന്നായിരുന്നു “പോന്റിഫസ്‌ മാക്സിമസ്” (Pontifex Maximus) എന്നത്. “മഹാനായ പുരോഹിതൻ” എന്നാണ് ആ വാക്കിന്റെ അർത്ഥം. അഗസ്റ്റസ് ഭരണത്തിലേറുന്നതിന് മുൻപു തന്നെ പുരാതന റോമിൽ നിലനിന്നിരുന്ന ഒരു വലിയ പദവിയാണിത്. രാജ്യത്തെ പ്രധാന പുരോഹിതന്മാർ ചേർന്ന് തിരഞ്ഞെടുക്കുന്ന മുഖ്യ മഹാപുരോഹിതനായിരുന്നു “പോന്റിഫസ് മാക്സിമസ്” (ഏറ്റവും വലിയ പുരോഹിതൻ). റോമൻ സാമ്രാജ്യത്തിലെ പൗരോഹിത്യത്തിന്റെ ഏറ്റം ഉന്നത പദവിയായിരുന്നു ഇത്. തന്റെ അധികാരം അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടി സീസർ അനധികൃതമായി ഏറ്റെടുത്തിരുന്ന ഒരു സ്ഥാനമായിരുന്നു ഇത്. അങ്ങനെ ആത്മീയവും ഭൗതികവുമായ അധികാരങ്ങൾ സീസറിൽ കേന്ദ്രീകരിച്ചു.

പ്രധാന പുരോഹിതൻ എന്ന സ്ഥാനം സ്വാഭാവികമായിത്തന്നെ യേശുവിലുണ്ടായിരുന്നു. ബലിയർപ്പിക്കുക മാത്രമല്ല അവിടുന്ന് നമുക്കെല്ലാം തന്നെത്തന്നെ മുഴുവനായി ബലിയായി നൽകുകയും ചെയ്തു. ഹെബ്രായർക്കുള്ള ലേഖനത്തിൽ നിരവധി പ്രാവശ്യം നമ്മുടെ പ്രധാന പുരോഹിതനായി യേശുവിനെ അവതരിപ്പിച്ചിരിക്കുന്നു: “അവിടുന്ന് വീണ്ടും പറയുന്നു: മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്” (ഹെബ്രാ. 5:6). കത്തോലിക്കാ സഭയുടെ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവരക്കണക്ക് പുസ്തകത്തിൽ (ആനുവാരിയോ പോന്റിഫിചോ – Annuario Pontificio) നൽകിയിരിക്കുന്ന മാർപാപ്പയുടെ ഔദ്യോഗിക പേരിൽ നാലാമതായി കൊടുത്തിരിക്കുന്നതാണ് “സുപ്രീം പോന്റിഫ്” (Supreme Pontiff) എന്നത്. മാർപാപ്പ സഭയുടെ പ്രധാന പുരോഹിതൻ എന്ന അർത്ഥത്തിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്.

സീസറുമായി ഏറ്റം അടുത്ത് ബന്ധമുള്ള, നമുക്കൊക്കെ വളരെ പരിചിതമായ, ഒരു വാചകം ഇടയന്മാർക്കുള്ള സന്ദേശത്തിൽ മാലാഖമാർ ഉപയോഗിക്കുന്നുണ്ട്. “ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു” (ലൂക്കാ 2:10). “ഏവൻഗേലിസോ” എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് “സദ്വാർത്ത” എന്ന മലയാള  പദം വന്നിരിക്കുന്നത്. നമ്മുടെ കുർബാന മദ്ധ്യേയുള്ള സുവിശേഷവായന സമയത്ത്‌ ഏവൻഗേലിയോൻ എന്ന ഗ്രീക്ക് വാക്കു തന്നെയാണ് പുരോഹിതൻ ഉപയോഗിക്കുന്നത്. യേശുവിന്റെ ജനനസമയത്ത് ഇത് സീസർ ചക്രവർത്തിക്കു മാത്രം ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്ന ഒരു പദമാണ്. ബെനഡിക്ട് 16 -ാമൻ മാർപ്പാപ്പ പറയുന്നു. ചക്രവർത്തി തന്നെത്തന്നെ ജനങ്ങളുടെ മുമ്പിൽ അവർക്ക് രക്ഷയും ജീവനും നൽകുന്നവനായി അവതരിപ്പിച്ചു. സീസറിന്റെ സന്ദേശങ്ങൾ എല്ലാം തന്നെ അതിന്റെ ഉള്ളടക്കം എന്തുതന്നെ ആയിരുന്നാലും സാധാരണക്കാർക്ക് ‘ഏവൻഗേലിയോൻ’ ആയിരുന്നു. ചക്രവർത്തിയുടെ നാവിൽ നിന്ന് വരുന്നതെന്തും ഒരു സാധാരണ വർത്തമാനം അല്ല മറിച്ച് അത് കേൾക്കുന്നവർക്ക് രക്ഷയും സൗഖ്യവും പ്രദാനം ചെയ്യുന്ന സന്ദേശമായിരുന്നു. അത് കേൾക്കുന്നതു വഴിയായി സാധാരണ ജനങ്ങൾ കൂടുതൽ പൂർണ്ണരാകുന്നു. “ചക്രവർത്തി അനധികൃതമായി അവകാശപ്പെട്ടിരുന്ന ഈ കാര്യങ്ങൾ യേശുവിൽ നിയമാനുസൃതം അന്വർത്ഥമായിരിക്കുന്നു. യേശുവിൽ ഈ ഏവൻഗേലിയോൻ മനുഷ്യരൂപം പ്രാപിച്ച് ലോകത്തിൽ പ്രവേശിച്ച്, എല്ലാവരുടെയും രക്ഷയ്ക്ക് കാരണമായിത്തീർന്നു” (നസറത്തിലെ യേശു, വാല്യം I, 47). ഇന്ന് യേശുവാണ് നമ്മുടെ ഏവൻഗേലിയോൻ. അവൻ വെറും വാർത്ത മാത്രമല്ല, നാമോരോരുത്തരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തിയുമാണ്.

പ്രസിദ്ധ അമേരിക്കൻ ചിന്തകനും ചരിത്രകാരനും എഴുത്തുകാരനുമായ വിൽ ഡുറാന്റ് (Will Durant) “നാഗരികതയുടെ കഥ” (The Story of Civilization) എന്ന പേരിൽ പതിനൊന്നു വാല്യങ്ങളിലായി എഴുതിയ പരമ്പരയിലെ മൂന്നാമത്തെ ബൃഹത്തായ കൃതിയാണ് “സീസറും ക്രിസ്തുവും” (Caesar and Christ). ഈ ഗ്രന്ഥത്തിൽ റോമിന്റെ ചരിത്രവും കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലം വരെയുള്ള ക്രിസ്തീയ വിശ്വാസത്തിന്റെ വളർച്ചയുടെ ചരിത്രവുമാണ് 752 പേജുകളിലായി എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ ചില വാചകങ്ങൾ ചുവടെ ചേർക്കുന്നു.

(എന്റെ പരിഭാഷ): “പല ചക്രവർത്തിമാരാലും അവഹേളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും എന്നാൽ അവയെല്ലാം ധൈര്യത്തോടെ നേരിടുകയും നിശബ്ദമായി വളരുകയും വ്യവസ്ഥിതികൾ രൂപപ്പെടുത്തുകയും അങ്ങനെ അതുവരെയുള്ള മനുഷ്യചരിത്രത്തിലെ ഏറ്റം വലിയ സാമ്രാജ്യത്തെ തോൽപ്പിക്കുകയും ചെയ്ത ഒരേയൊരു പ്രസ്ഥാനമേയുള്ളൂ. ശത്രുക്കൾ കുഴപ്പങ്ങൾ സൃഷ്ടിച്ചപ്പോഴും വാളിനോട് വചനം കൊണ്ട് പോരാടുകയും ക്രൂരതയെ പ്രത്യാശയും സ്നേഹവും കൊണ്ട് തോൽപ്പിക്കുകയും ചെയ്തവരാണ് അന്നത്തെ ക്രിസ്ത്യാനികൾ. സീസറും ക്രിസ്തുവും ലോകത്തിന്റെ ഈ അരങ്ങിൽ റോമിൽ വച്ചു കണ്ടുമുട്ടി, അന്നു മുതൽ ക്രിസ്തു വിജയിച്ചു” (ദി സ്റ്റോറി ഓഫ് സിവിലൈസേഷൻ, വാല്യം III, 652).

വളരെ ആലങ്കരികമായി വിൽ ഡുറാന്റ് പറഞ്ഞിരിക്കുന്ന ഈ വാചകങ്ങളിൽ ഒരുപാടു സത്യങ്ങൾ അടങ്ങിയിട്ടുണ്ട്. സീസർ ലോകത്തിന്റെ രക്ഷകനും സമാധാനം പ്രദാനം ചെയ്യുന്നവനും ദൈവപുത്രനും പ്രധാന പുരോഹിതനും ചരിത്രത്തിന്റെ കേന്ദ്രബിന്ദുവും പ്രവചനകളുടെ പൂർത്തീകരണവും ഒക്കെയായി യേശുവിന്റെ ജനനസമയത്ത് വാഴ്ത്തപ്പെട്ടിരുന്നുവെങ്കിൽ ഈ യാഥാർത്ഥ്യങ്ങളൊക്കെ പൂർത്തീകരിച്ചിരിക്കുന്നത് യേശുവിലാണെന്നു നാം തിരിച്ചറിയുന്നു. സീസർ ചക്രവർത്തി ഇപ്പോൾ ചരിത്രപുസ്തകങ്ങളുടെ കുറച്ചു പേജുകൾ അലങ്കരിക്കുമ്പോൾ ക്രിസ്തു ഇന്നും ജീവിക്കുന്നു. സീസറിനെക്കുറിച്ചു പുസ്തകത്തിലൂടെ നാം വായിച്ചറിയുന്നു, ക്രിസ്തുവിനെ ജീവിതത്തിലൂടെ നാം അനുഭവിച്ചറിയുന്നു. വലിയവനെന്നു തോന്നിയ സീസറിന് ചാർത്തിക്കൊടുത്തിരുന്ന മഹത്വങ്ങൾ യഥാർത്ഥത്തിൽ കാണപ്പെടുന്നത് ആരും കാണാതെ, സീസറിന്റെ “ലോകമാസകലമുള്ള ജനങ്ങളുടെ” കണക്കെടുപ്പിലെ അധികം ശ്രദ്ധിക്കപ്പടാതെ പോയ ഒരു പേരായ യേശുവിന്റേതായിരുന്നു. ക്രിസ്തു ലോകത്തെ കീഴടക്കിയത് യുദ്ധവും അധികാരവും ഉപയോഗിച്ചല്ല, പിന്നെയോ സ്നേഹം കൊണ്ടാണ്. ആരെയും കൊന്നൊടുക്കിക്കൊണ്ടല്ല, അനേകർക്കു വേണ്ടി തന്റെ ജീവൻ തന്നെ നൽകിക്കൊണ്ടാണ്.

സീസർ കൊട്ടാരത്തിൽ പിറന്നു വലിയ ഭരണാധികാരിയായിത്തീർന്നെങ്കിൽ, ജനനം മുതൽ തന്നെ അവശരോടും നിരാലംബരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യേശുവിന്റെ ജീവിതം. സീസറിന്റെ കാനേഷുമാരിയിലെ അധികം ശ്രദ്ധിക്കാതെ പോയ ആരുമറിയാത്ത ഒരു പേരായിരുന്നു യേശു എന്നത്. എന്നാൽ കാലക്രമത്തിൽ ലോകം ഭരിച്ചുവെന്നു കരുതിയ സീസറിന്റെ സാമ്രാജ്യം മുഴുവൻ ക്രിസ്തു പിടിച്ചടക്കുന്നു. ഇന്ന് സീസർ ജനിച്ചതും ഭരിച്ചതുമായ വർഷമൊക്കെ ലോകം അറിയുന്നത്, യേശു ജനിച്ച വർഷത്തോട് ബന്ധപ്പെടുത്തിയാണ്. അവന്റെ മാർഗ്ഗം സമാധാനത്തിന്റേതായിരുന്നു, അവന്റെ പടയാളികൾ സ്നേഹത്തിന്റെ സന്ദേശവാഹകരായിരുന്നു. സീസറിന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോം തന്നെയും മുഴുവനായി ക്രിസ്തു നേടിയെടുത്തു. ഇന്നും ക്രിസ്തു ജീവിക്കുന്നു – ചരിത്ര പുസ്‌തകത്താളുകളില്ല, പിന്നെയോ അനേകരുടെ ഹൃദയങ്ങളിൽ.

യേശു ജനിച്ച പുൽക്കൂട്ടിൽ സീസറിന്റെ കൊട്ടാരവുമായി യാതൊരു സാമ്യവുമില്ലായിരുന്നുവെങ്കിലും ഈ ലോകത്തിനു തന്നെ ഉൾക്കൊള്ളാൻ കഴിയാത്തവിധം വലിയനാണ് യേശു എന്ന് ഇന്നു നാം തിരിച്ചറിയുന്നു. അതുപോലെ തന്നെ, എന്റെ ചെറിയ ഹൃദയത്തിലും കയറിയിരിക്കാൻ കഴിയുംവിധം വീണ്ടും വീണ്ടും ചെറുതാക്കാൻ വലിയ മനസുള്ളവനുമാണവൻ. വാതിലുകളില്ലത്ത പുൽക്കൂട് വലിയ മതിലുകളാൽ ആവരണം ചെയ്ത സീസറിന്റെ കൊട്ടാരത്തേക്കാൾ മഹത്തരമാണ്. മതില് കെട്ടി എന്റെ ഹൃദയവാതിൽ ഞാൻ അടച്ചാൽ പാവപ്പെട്ടവരുടെ ഹൃദയങ്ങളിൽ അവൻ ഇടം കണ്ടെത്തും. വലിയൊരു ദൈവീക രാജ്യത്തിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത് ഈ എളിമയിൽ നിന്നും, ഇല്ലായ്മയിൽ നിന്നുമാണ്. കൊട്ടാരമല്ല നമുക്കിനിയും വേണ്ടത്. യേശു നിറയുന്ന പുൽക്കുടിലുകളാണ്. നമ്മുടെ ഭവനങ്ങളെ പുൽക്കൂടിലായി പുനർനിർമ്മിക്കാനുള്ള പരിശ്രമത്തിലായിരിക്കണം നാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.