ദൈവത്തിനു സാക്ഷ്യം നല്‍കി ക്രിസ് പ്രാറ്റ്

വാഷിംഗ്ടണ്‍: പണവും പ്രശസ്തിയും മിക്ക താരങ്ങളുടെയും വിശ്വാസ ജീവിതത്തെ പ്രതികൂലമായി ബാധിക്കാറാണ് പതിവ്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ക്രിസ് പ്രാറ്റ് എന്ന ഹോളിവുഡ് നടന്‍. ഉത്തമ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഉടമയാണ് ഹോളിവുഡിലെ ഈ തിളക്കമുള്ള നടന്‍.

അഭിമുഖങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും  ‘ക്രിസ്തുവിന്റെ പിന്‍ഗാമിയാണ് ഞാന്‍’ എന്ന് വിശ്വാസ സാക്ഷ്യം നല്‍കുവാന്‍ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ഉള്ളിലെ ക്രൈസ്തവ വിശ്വാസം മറച്ചുപിടിക്കുവാന്‍ ക്രിസ് പ്രാറ്റ് ശ്രമിച്ചിട്ടില്ലായെന്നതാണ് ശ്രദ്ധേയമായ കാര്യം. മദ്യപാനത്തിന്റെയും മറ്റ് പാപങ്ങളുടെയും പടുകുഴിയിലേക്ക് വീണു കൊണ്ടിരുന്ന ഒരാള്‍ എങ്ങനെയാണ് ക്രിസ്തുവിനെ അറിഞ്ഞതെന്ന് വാനിറ്റി ഫെയര്‍ എന്ന മാസികയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ക്രിസ് പ്രാറ്റ് വെളിപ്പെടുത്തുന്നുണ്ട്.

ആ സംഭവം അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു.  ഹവായി ബീച്ചിന്റെ തീരത്തുള്ള ഒരു കടയില്‍ മദ്യത്തിനായിരുന്നു കാത്തിരിക്കുമ്പോഴാണ് ഹെന്റ്റി എന്നു പേരുള്ള ഒരാള്‍ പ്രാറ്റിനെ തേടി വന്നത്. കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്ന രീതിയിലുള്ള അയാളുടെ സംസാരത്തിന് മറുപടിയായി മദ്യപിക്കാനും  ക്ലബുകളില്‍ പെണ്‍കുട്ടികളുടെ കൂടെ ഉല്ലസിക്കുവാനും പോകുകയാണെന്ന് പ്രാറ്റ് പറഞ്ഞു.

എന്തിനാണ് ഇത്തരം കാര്യങ്ങള്‍ തിരക്കുന്നതെന്ന് പ്രാറ്റ് ഹെന്റ്റിയോട് ചോദിച്ചപ്പോള്‍ ‘നിങ്ങളോട് സംസാരിക്കണമെന്ന് യേശു എന്നോടു പറഞ്ഞു’ എന്നായിരുന്നു ഹെന്റ്റിയുടെ മറുപടി. അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം പ്രാറ്റ് ഹെന്റ്റിയുടെ കൂടെ പോയി. ”പാപത്തിലേക്ക് വീഴുവാന്‍ നിമിഷങ്ങളുടെ അകലം മാത്രമുള്ളപ്പോള്‍ ഒരു ദൈവദൂതനെ പോലെ ഹെന്റ്റി എന്നെ അതില്‍ നിന്നും അകറ്റി. ദേവാലയത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി, എനിക്ക് യേശുവിനെ കാണിച്ചു നല്‍കി. എന്റെ  മാറ്റം കൂട്ടുകാരെ അമ്പരിപ്പിച്ചു.” ക്രിസ് പ്രാറ്റ് തന്റെ ജീവിതാനുഭവം വാനിറ്റി ഫെയര്‍ മാഗസിനില്‍ പറയുന്നു. ഇതിന് ശേഷമാണ്  ക്രിസ് പ്രാറ്റിനെ ഹവാനയിലെ ഒരു റെസ്റ്റോറന്‍ഡില്‍ വച്ച് ചലച്ചിത്ര സംവിധായകന്‍ പരിചയപ്പെടുന്നതും സിനിമയില്‍ അവസരം നല്‍കുന്നതും. ഹൊറര്‍ കോമഡി ചലച്ചിത്രമായ ‘കേഴ്‌സിഡ് പാര്‍ട്ട് ത്രീ’ യിലൂടെ ഹോളിവുഡിലെ ഏറ്റവും മൂല്യമുള്ള നടനായി ക്രിസ് പ്രാറ്റ് മാറി.

ക്രിസ് പ്രാറ്റിന്റെ കുഞ്ഞിന്റെ ജനനം മാസം തികയാതെയായിരുന്നു. പൂര്‍ണ്ണവളര്‍ച്ച എത്തിയിട്ടില്ലാത്ത കുഞ്ഞിന്റെ ഭാരം വെറും 3 പൗണ്ട് മാത്രമായിരുന്നു. തുടര്‍ന്നു കുഞ്ഞ് ഇന്‍ക്യുബേറ്ററിലായി. ക്രിസും അദ്ദേഹത്തിന്റെ ഭാര്യ അന്ന ഫാരിസും മാസങ്ങളോളം കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി കരഞ്ഞ് പ്രാര്‍ത്ഥിച്ചു. ദൈവം മകനെ സുഖപ്പെടുത്തി. ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെ വീണ്ടും ആഴത്തില്‍ ഉറപ്പിക്കുന്നതിന് ഈ പരീക്ഷണം തന്നെയും ഭാര്യയേയും സഹായിച്ചുവെന്ന് അഭിമുഖത്തില്‍ ക്രിസ് പ്രാറ്റ് വിവരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.