‘ബൈബിള്‍’, ‘ദൈവം’, ‘ഈശോ’ പോലുള്ള പദങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പാഠഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്ത് ചൈനീസ് സര്‍ക്കാര്‍

ക്രിസ്ത്യന്‍ മതത്തെ കൂടുതല്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ബൈബിള്‍, ദൈവം, ഈശോ പോലുള്ള പദങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പാഠഭാഗത്തില്‍ നിന്ന് നീക്കം ചെയ്ത് ചൈനീസ് സര്‍ക്കാര്‍. ‘റോബിന്‍സണ്‍ ക്രൂസോ’, ‘ദി ലിറ്റില്‍ മാച്ച് ഗേള്‍’ പോലുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ഇതിഹാസകൃതികളില്‍ നിന്നുമുള്ള ഇത്തരം വാക്കുകളാണ് നീക്കം ചെയ്യാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്.

ഡാനിയല്‍ ഡീഫോയുടെ റോബിന്‍സണ്‍ ക്രൂസോ നോവലില്‍, ദ്വീപില്‍ കഴിയുന്ന കാലഘട്ടത്തില്‍ കപ്പല്‍ അവശിഷ്ടങ്ങളില്‍ നിന്നും മൂന്ന് ബൈബിളുകള്‍ ക്രൂസോ കണ്ടെത്തുന്നതായുള്ള സുപ്രധാന ഭാഗമുണ്ട്. ഈ ബൈബിളുകള്‍ പിന്നീട് ദ്വീപിലെ തന്റെ ജീവിതത്തില്‍ റോബിന്‍സണ്‍ ക്രൂസോയ്ക്ക് നവോത്മേഷം നല്‍കുകയും ആത്മീയധൈര്യം പകര്‍ന്നുനല്‍കുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നുമുണ്ട്.

എന്നാല്‍, ബൈബിളുകള്‍ കണ്ടെത്തി എന്നതിന് പകരം ‘ചില പുസ്തകങ്ങള്‍ ക്രൂസോ കണ്ടെത്തി’ എന്ന വിധത്തിലുള്ള തിരുത്തലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ‘ദി ലിറ്റില്‍ മാച്ച് ഗേള്‍’ എന്ന പുസ്തകത്തില്‍ ‘നക്ഷത്രം താഴേയ്ക്ക് വീഴുമ്പോള്‍ ദൈവത്തോട് കൂടിയായിരിക്കാന്‍ ഒരു ആത്മാവ് യാത്രയാകുന്നു’ എന്നൊരു ഭാഗമുണ്ട്. എന്നാല്‍ ചൈനീസ് പതിപ്പില്‍ നക്ഷത്രം താഴേയ്ക്ക് വീഴുമ്പോള്‍, ഒരു ആത്മാവ് ഈ ലോകം വിട്ടുപോകുന്നു എന്ന വിധമാക്കിയാണ് തിരുത്തിയിരിക്കുന്നത്.