17 വർഷം മുൻപ് കാണാതായ ചൈനീസ് ബിഷപ്പ് മരിച്ചതായി സൂചന

17 വർഷം മുമ്പ് കാണാതായ ചൈനീസ് ഭൂഗർഭ സഭയിലെ ബിഷപ്പ് മരിച്ചതായി റിപ്പോർട്ടുകൾ. ഹെബെയ് പ്രവിശ്യയിലുള്ള ബൗഡിംഗിലെ ബിഷപ്പ് ജെയിംസ് സു ഷിമിനെ 2003 -ൽ ആണ് അവസാനമായി ബൗഡിംഗിലെ ഒരു ആശുപത്രിയിൽവെച്ച് കാണുന്നത്.

അദ്ദേഹം അറസ്റ്റിലായി ആറ് വർഷത്തിന് ശേഷമായിരുന്നു അത്. ഒരു കത്തോലിക്കാനാണ് അദ്ദേഹത്തെ കണ്ടത്. എന്നാൽ, പിന്നീട് അദ്ദേഹത്തെ ആരും ഇതുവരെ കണ്ടിട്ടില്ല. 1997 -ൽ സർക്കാർ അംഗീകാരം നൽകിയ ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനിൽ (സിസിപിഎ) അംഗമാകാൻ വിസമ്മതിച്ചതിനാണ് ബിഷപ്പ് സു അറസ്റ്റിലായത്. ബിഷപ്പ് ഫ്രാൻസിസ് ആൻ ഷുക്സിനെ ബൗഡിംഗിലെ ബിഷപ്പായി നിയമിക്കാൻ അധികൃതർ വത്തിക്കാനോട് അഭ്യർത്ഥിച്ചതായി ബിഷപ്പ് സു വിന്റെ പിൻഗാമി സു ടിയാൻയൂ പറഞ്ഞു. ഈ ഒരു കാരണത്താലാണ് അദ്ദേഹം മരിച്ചിരിക്കാം എന്ന അനുമാനത്തിലേയ്ക്ക് അവർ എത്തിയത്.

എന്നാൽ, ബിഷപ്പ് സു ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന വാർത്ത സർക്കാർ ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വത്തിക്കാനോട് വിശ്വസ്തത പുലർത്തുന്ന ഭൂഗർഭ സഭയെ ശക്തമായി അനുകൂലിച്ച  ബിഷപ്പ് സുയെ സംസ്ഥാനത്തെ അധികാരികൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പകരം, അദ്ദേഹത്തിന്റെ സഹായി ബിഷപ്പ് ആനെ ബൗഡിംഗിലെ ബിഷപ്പായി അവർ കണക്കാക്കി.

1932 -ൽ ജനിച്ച ബിഷപ്പ് സുയെ എട്ട് തവണ അറസ്റ്റ് ചെയ്യുകയോ ജയിലിലടയ്ക്കുകയോ വീട്ടുതടങ്കലിൽ പാർപ്പിക്കുകയോ 30 വർഷത്തിലേറെയായി ലേബർ ക്യാമ്പുകളിലൂടെ പാർപ്പിക്കുകയോ ചെയ്തിട്ടുണ്ട്. 1981 -ൽ പുരോഹിതനായ ശേഷം അദ്ദേഹം 1992 -ലാണ് ബൗഡിംഗിലെ ബിഷപ്പായി നിയമിതനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.