ചൈനയിൽ തടവുകാരിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട്

ചൈനയില്‍ തടവുകാരില്‍ നിന്ന് അവയവങ്ങള്‍ നീക്കം ചെയ്യുന്നതായി കണ്ടെത്തല്‍. ശരീരാവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനായി തടവുകാരെ വ്യാപകമായി കൊലപ്പെടുത്തുന്നുണ്ടെന്നും ഒരു ചൈനീസ് സ്വതന്ത്ര അനേഷണ കമ്മീഷന്‍ കണ്ടെത്തി. ചൈനയില്‍ ദിനംപ്രതി വളരുന്ന ആരോഗ്യരംഗത്തെ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്കായാണ് ഇത്തരത്തില്‍ വ്യാപകമായി തടവുകാരില്‍ നിന്നും അവയവങ്ങള്‍ നീക്കം ചെയ്ത് അവയവമാറ്റം നടത്തുന്നത്.

വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന നിര്‍ബന്ധിത അവയവ നീക്കംചെയ്യല്‍ ചൈനയില്‍ ഇന്നും വന്‍തോതില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ ചൈന തയ്യാറായിട്ടില്ലെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി.

ഔദ്യോഗികമായ കണക്കുകളെക്കാള്‍ വളരെ വലുതാണ് അനൗദ്യോഗികമായ കണക്കുകള്‍ എന്നതാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. തടവുശിക്ഷ അനുഭവിക്കുന്നവരില്‍ നിന്നാണ് ഇത്തരത്തില്‍ അവയവങ്ങള്‍ നിര്‍ബന്ധിതമായി നീക്കംചെയ്യുന്നത്. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങള്‍ അനുസരിച്ചാണ് അവയവമാറ്റം നടക്കുന്നതെന്നാണ് ചൈന അവകാശപ്പെടുന്നത്.

തടവുകാരില്‍ നിന്നും അവയവങ്ങള്‍ എടുക്കുന്നത് നിര്‍ത്തലാക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ 2014-ല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി.