ദേവാലയം പൊളിക്കാന്‍ എത്തിയ അധികാരികള്‍ക്ക് മുന്നില്‍ മനുഷ്യ ബാരിക്കേഡുകള്‍ തീര്‍ത്ത് വിശ്വാസികള്‍

ദേവാലയം പൊളിക്കാന്‍ എത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രതിനിധികളായ അധികാരികള്‍ക്ക് മുന്നില്‍ മനുഷ്യ ബാരിക്കേഡുകള്‍ തീര്‍ത്ത് വിശ്വാസികള്‍ പ്രതിരോധം തീര്‍ത്തു. ചൈനയുടെ വടക്ക് ഭാഗത്തുള്ള ഹെബേയി ജില്ലയിലെ ഗുവാന്റാവോയിലെ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന വു ഗാവോ സാങ് ദേവാലയം മതിയായ അനുമതിയില്ലെന്ന് പറഞ്ഞുകൊണ്ട് തകര്‍ക്കുവാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിശ്വാസികള്‍ ഒന്നടങ്കം സംഘടിച്ചത്.

വൈദികര്‍ അധികാരികളുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചുവെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് ഒക്ടോബര്‍ 31 വ്യാഴാഴ്ച ദേവാലയത്തിന് ചുറ്റും മുട്ടിന്മേല്‍ നിന്നുകൊണ്ട് ഉപവാസവുമായി വിശ്വാസികള്‍ പ്രതിരോധ മതില്‍ തീര്‍ത്തത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2017 സെപ്റ്റംബറില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നതിനു ശേഷം മതിയായ രേഖകള്‍ ഇല്ലെന്നു ആരോപിച്ച് നിരവധി ദേവാലയങ്ങളാണ് തകര്‍ത്തത്.