കുഞ്ഞുപ്രാർത്ഥനകൾ ചൊല്ലാം; ഉണ്ണീശോയോട് കൂട്ട് കൂടാം: കുഞ്ഞുമക്കൾക്കൊരു വഴികാട്ടി

ഉണ്ണീശോയെ വരവേൽക്കാൻ ഒരുങ്ങുന്ന സമയമാണ് ഇത്. ക്രിസ്തുമസ് ദിനത്തിൽ ഉണ്ണിക്കു കൊടുക്കുവാനുള്ള ആത്മീയമായ സമ്മാനങ്ങളുമായുള്ള യാത്രയിലാണ് കുഞ്ഞുകൂട്ടുകാർ. ഈ സമയം കുഞ്ഞുങ്ങൾക്ക്, ഉണ്ണീശോയോട് പ്രാർത്ഥിക്കുവാൻ സഹായിക്കുന്ന ഏതാനും ലളിതമായ പ്രാർത്ഥനകൾ ഇതാ. കുട്ടികളെ ഈ പ്രാർത്ഥനകൾ പഠിപ്പിച്ചുകൊണ്ട് ഉണ്ണിയെ സ്വീകരിക്കുവാൻ മാതാപിതാക്കളും ശ്രദ്ധിക്കുമല്ലോ അല്ലേ?

  • രക്ഷകനായ യേശുവേ, എന്നിൽ വന്ന് പിറക്കണമേ.
  • എന്റെ ഉണ്ണീശോയേ, നിന്നെയല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കാതിരിക്കട്ടെ.
  • ഉണ്ണീശോയേ, എന്റെ ഹൃദയം അങ്ങേയ്ക്കായി തുടിക്കുന്നു.
  • ഓ! ഉണ്ണീശോയേ, നിന്റെ സ്നേഹാഗ്നിയിൽ എന്നെ പ്രകാശിപ്പിക്കേണമേ.
  • എന്റെ ഉണ്ണീശോയേ, എന്റെ ഹൃദയത്തെ നിന്റെ സ്നേഹം കൊണ്ടു നിറയ്ക്കണമേ.
  • പരിശുദ്ധിയെ സ്നേഹിക്കുന്ന ഉണ്ണീശോയേ, എന്റെ ഹൃദയവും പരിശുദ്ധമാക്കണമേ.
  • ഓ! ഉണ്ണീശോയേ, നിന്റെ പ്രസാദവരം കൊണ്ട് എന്നെ നിറയ്ക്കണമേ.
  • ഓ! ഉണ്ണീശോയേ, നിന്റെ ശാന്തതയും എളിമയും എനിക്കു തരണമേ.
  • ഉണ്ണീശോയേ, അങ്ങേ പിഞ്ചുകരങ്ങളാൽ എന്നെ കൈപിടിച്ചു നടത്തണമേ.
  • എന്റെ ഉണ്ണീശോയേ, നിന്റെ ശാന്തത എനിക്ക് തരണമേ.
  • പുൽക്കൂട്ടിൽ വന്നു പിറന്ന ഉണ്ണീശോയെ, എന്റെ ഹൃദയത്തിലും പിറക്കണമേ.
  • എന്റെ ഉണ്ണീശോയേ, നീ സ്നേഹിച്ചതുപോലെ എല്ലാവരെയും സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ.
  • രക്ഷകനായ ഉണ്ണീശോയേ, എന്നെ രക്ഷിക്കാൻ വേഗം വരണമേ.
  • ലോകത്തിന്റെ പ്രകാശമായ ഉണ്ണീശോയെ, എന്നെ പ്രകാശിപ്പിക്കണമേ.
  • ഉണ്ണീശോയെ, എന്റെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ.
  • ഉണ്ണീശോയേ എന്റെ കൂടെ കളിക്കുവാൻ വരണമേ.
  • രക്ഷകനായി ഭൂമിയിൽ അവതരിച്ച ഉണ്ണീശോയേ, അങ്ങ് എന്നിൽ വന്ന് പിറക്കണമേ.
  • ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്ന ഉണ്ണീശോയേ, അങ്ങയെപ്പോലെ വളർന്നു വരുവാനുള്ള അനുഗ്രഹം തരണമേ.
  • മാതാപിതാക്കൾക്ക് കീഴ്പ്പെട്ടു ജീവിച്ച ഉണ്ണീശോ, എന്റെ മാതാപിതാക്കളെ അനുസരിക്കാൻ കൃപ തരണമേ.
  • വി. യൗസേപ്പിതാവിനേയും അവിടുത്തെ അമ്മയായ പരിശുദ്ധ കന്യാമറിയത്തേയും ജോലികാര്യങ്ങളിൽ സഹായിച്ച ഉണ്ണീശോയേ, ഞങ്ങളുടെ മാതാപിതാക്കളെ സഹായിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.