വീട്ടുജോലികളിൽ മാതാപിതാക്കളെ സഹായിക്കുന്ന ശീലം കുട്ടികളിൽ വളർത്താം, ഈ മാർഗ്ഗങ്ങളിലൂടെ…

നിങ്ങളുടെ കുട്ടികൾ വീട്ടുജോലികളിൽ നിങ്ങളെ സഹായിക്കാറുണ്ടോ? ചിലപ്പോഴൊക്കെ അത് അമ്മമാർക്കും വീട്ടിലുള്ള മറ്റുള്ളവർക്കും ഇരട്ടിപ്പണിയാകാറുണ്ട്. അവരുടെ ‘സഹായങ്ങൾ’ ചെയ്തുകഴിഞ്ഞാൽ പിന്നെ നമുക്ക് സഹായത്തിന് ആരെയെങ്കിലും വിളിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. എങ്കിലും കുഞ്ഞുങ്ങൾ അടുക്കളയിൽ നമ്മെ സഹായിക്കാൻ എപ്പോഴും താല്പര്യം കാണിക്കുന്നുണ്ടെങ്കിൽ അവരെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അങ്ങനെ ചെയ്താൽ ഇന്നത്തെ ഈ ആഭ്യന്തരയുദ്ധക്കളം എന്ന അടുക്കളയെ നമുക്ക് അവരുടെ നാളേയ്ക്കുള്ള മികച്ച ഇടമാക്കിത്തീർക്കാൻ സാധിക്കും.

കാരണം നാം ഏൽപ്പിക്കുന്ന ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ ഭാവിയിൽ അവരുടെ ജോലി ചെയ്യാനുള്ള താത്പര്യം വർദ്ധിപ്പിക്കും. കാര്യങ്ങളെ എങ്ങനെ ഏറ്റവും മികച്ച രീതിയിൽ ചെയ്തു തീർക്കാം എന്ന് പഠിപ്പിക്കാനുള്ള ഒരു പരിശീലനക്കളരിയായി അടുക്കള മാറട്ടെ. അതിലേക്കായുള്ള ചില മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്…

1. ചെറുപ്പം മുതൽ അവർ സഹായിക്കട്ടെ

കുട്ടികൾ എപ്പോഴും അവരുടെ മാതാപിതാക്കളെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. അവർ ചെയ്യുന്നതെല്ലാം ചെയ്യാൻ കുട്ടികളും ഇഷ്ടപ്പെടുന്നു. അവർ എന്തെങ്കിലും സഹായവാഗ്ദാനവുമായി വന്നാൽ തന്നെ, തിരക്കുള്ളതിനാൽ മാതാപിതാക്കൾ അവ നിരസിക്കുകയാണ് ചെയ്യുക. എന്നാൽ ചെറുപ്പം മുതൽ തന്നെ അവരെ എല്ലാ കാര്യത്തിലും ഉൾപ്പെടുത്തുന്നത് നിങ്ങൾ അവർക്കായി നൽകുന്ന ഏറ്റവും മികച്ച ഒരു ട്രെയിനിങ് പ്രോഗ്രാം ആയി കണക്കാക്കാവുന്നതാണ്. അവരുടെ വളർച്ചയിൽ നാം അറിയാതെ തന്നെ അവർക്ക് ഏറ്റവും ഉയർന്ന രീതിയിലുള്ള ആത്മവിശ്വാസം നൽകാൻ സഹായിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

2. ക്ഷമ

കുട്ടികൾ ഒരു തവണ കൊണ്ട് മുതിർന്നവർ ചെയ്യുന്നതുപോലെ പൂർണ്ണതയിലും വൃത്തിയിലും കാര്യങ്ങൾ ചെയ്യുകയില്ല. അതിനാൽ തന്നെ ഒരു കാര്യം അവരെ ഏൽപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾ അവർക്ക് മാർഗ്ഗനിർദ്ദേശങ്ങളും തിരുത്തലുകളും ഇടയ്ക്കിടെ നൽകേണ്ടതായി വരും. അതുകൊണ്ട് ക്ഷമയോടെ കാര്യങ്ങളെ നോക്കിക്കാണാൻ ശ്രമിക്കേണ്ടത് അനിവാര്യമാണ്.

ഒരു കാര്യം തന്നെ പല തവണ ആവർത്തിക്കേണ്ടതായി വരാം. എന്നാലും ക്ഷമയോടെ അവയെല്ലാം ചെയ്തുകൊടുത്താൽ, ഭാവിയിൽ അവരെ ഒരു കാര്യം ഏൽപ്പിച്ചാൽ പിന്നീട് മറ്റാരും അതിന്റെ പുറകെ നടക്കേണ്ട ആവശ്യം വരില്ല. അവർ ഏറ്റവും മികച്ച രീതിയിൽ അത് ചെയ്യുമെന്ന് ഉറപ്പാണ്. അതിനാൽ തന്നെ ഇപ്പോൾ നാം അവർക്കായി ചിലവഴിക്കുന്ന ഈ ‘തിരുത്തൽ’ സമയം ഭാവിയിൽ നമ്മുടെ അഭിമാന നിമിഷമായി നമുക്ക് തിരികെ ലഭിക്കുമെന്നതിൽ സംശയമില്ല.

3. ഒരുമിച്ചുള്ള സമയം

കുടുംബത്തിലെ എല്ലാവരും ചേർന്ന് ഒരുമിച്ച് ജോലികൾ ചെയ്യുമ്പോൾ അത് കൂടുതൽ ആസ്വാദ്യവും ഗുണകരവുമായി മാറുന്നു. ഉദാഹരണത്തിന് അത്താഴത്തിനു ശേഷം എല്ലാവരും ഒരുമിച്ച് അടുക്കള വൃത്തിയാക്കുക, സംഗീതം കേൾക്കുക, സംസാരിക്കുക, ചിരിക്കുക, പൂന്തോട്ടം നിർമ്മിക്കുക തുടങ്ങിയവയെല്ലാം ഒരുമിച്ച് ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. എന്നാൽ എല്ലാ ജോലികളും അങ്ങനെ പറ്റില്ല. പക്ഷേ, എല്ലാവർക്കും ഒരുമിച്ച് ചെയ്യാൻ സാധിക്കുന്നത് അങ്ങനെ തന്നെ ചെയ്യുക. എല്ലാ ജോലിയും എല്ലാവർക്കും ചെയ്യാൻ സാധിക്കും എന്ന ബോധ്യം കുട്ടികളിൽ ചെറുപ്പത്തിലേ ഉറപ്പിക്കുവാൻ ഇത്തരം കാര്യങ്ങൾ കൊണ്ട് സാധിക്കും.

4. ഉടമസ്ഥാവകാശം

കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള ചില ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി ഏൽപ്പിച്ചു കൊടുക്കുക. തുണികൾ മടക്കിവയ്ക്കുക, ചെടി നനയ്ക്കുക, ആഴ്ചയിലൊരിക്കൽ സ്വന്തം മുറി വൃത്തിയാക്കുക, ഇളയ കുട്ടികളെ പഠിപ്പിക്കുക, തുടങ്ങിയവയെല്ലാം നമുക്ക് അവരെ ഏൽപ്പിക്കാവുന്നതാണ്.

ആദ്യം നിങ്ങൾ അവർ ചെയ്യുന്ന കാര്യങ്ങൾ വീക്ഷിക്കുക. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ ദേഷ്യപ്പെടാതെ അവരെ പറഞ്ഞു മനസ്സിലാക്കിക്കുകയും വേണം. അതിനു ശേഷം അവർ എല്ലാം ഏറ്റവും മനോഹരമായി ചെയ്യാൻ ആരംഭിക്കും. എങ്കിലും വല്ലപ്പോഴും നിങ്ങൾ അവർ ചെയ്യുന്നത് ശ്രദ്ധിക്കുക. അപ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെയും വൃത്തിയോടെയും ചെയ്യാൻ അവർക്ക് ഉത്സാഹം ഉണ്ടാകും. അത് ഒരു ഭാരമെന്നവണ്ണം ഏൽപ്പിക്കാതെ ഏറ്റവും ആസ്വദിച്ച് ചെയ്യാൻ സാധിക്കുന്ന ഒന്നാണെന്ന് അവരെ നിങ്ങളുടെ മാതൃക കൊണ്ടും വാക്കുകൾ കൊണ്ടും ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.