കുഞ്ഞുങ്ങളെ മൊബൈൽ ഫോണിൽ നിന്നും അകറ്റി നിർത്താം; ആരോഗ്യമുള്ളവരാക്കാം 

കുഞ്ഞുകുട്ടികൾ ജനിച്ച് മാസങ്ങൾ കഴിയുന്നതു മുതൽ അവർക്ക് കളിക്കാൻ ഫോൺ കൊടുക്കുന്നവരാണ് മിക്ക മാതാപിതാക്കളും. മൂന്നാം മാസം മുതൽ കുട്ടികൾക്ക് കാർട്ടൂണും പാട്ടുകളും വച്ചു കൊടുത്ത് അവരുടെ കരച്ചിൽ മാറ്റി, ഭക്ഷണം കഴിപ്പിച്ച് ആശ്വാസം കണ്ടെത്തുന്ന മാതാപിതാക്കളുടെ ഉറക്കം കെടുത്താൻ പോകുന്നവയാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തൽ. മൊബൈൽ ഫോണിന്റെ ഉപയോഗവും വീഡിയോ ദൃശ്യങ്ങളും കുഞ്ഞുങ്ങളിൽ സാരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന പഠിപ്പിക്കുന്നത്.

അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കു മുന്നിൽ മൊബൈൽ, ടിവി, ഡിജിറ്റൽ മീഡിയ സ്ക്രീൻ എന്നിവ വഴിയുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് സംഘടന. ഒരു വയസിൽ താഴെയുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്ക്രീനുകൾ കാണിക്കാനേ പാടില്ല. അഞ്ചു വയസ്സു വരെയുള്ള കുഞ്ഞുങ്ങളെ ദിവസവും ഒരു മണിക്കൂർ മാത്രമേ വീഡിയോ കാണിക്കാവൂ എന്നുമാണ് നിർദ്ദേശം. കുട്ടികൾ കളിച്ചും ഉറങ്ങിയും അവരുടെ കായികക്ഷമതയും ബുദ്ധിശക്തിയും നിലനിർത്തണം. ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇത് സഹായിക്കും എന്നാണു വിദഗ്ധരുടെ അഭിപ്രായം.

ഒന്നു മുതൽ നാലു വയസ് വരെയുള്ള കുട്ടികൾ മൂന്നു മണിക്കൂറെങ്കിലും കായികവിനോദത്തിൽ ഏർപ്പെടണമെന്നും ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികൾ തറയിലിരുന്നു കളിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അവരുടെ സാന്നിധ്യത്തിൽ നിന്ന് എല്ലാവിധ ഇലക്ട്രോണിക് സ്‌ക്രീനുകളും ഒഴിവാക്കണം എന്നതു തന്നെയാണ് സംഘടന ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ലോകാരോഗ്യ സംഘടന ആദ്യമായിട്ടാണ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്. അപ്പോൾ അതിനു തക്ക പ്രാധാന്യം ഉണ്ടാകുമല്ലോ?

വെറുതെ നടത്തിയ ചില ഊഹാപോഹങ്ങളുടെ വെളിച്ചത്തിലല്ല ലോകാരോഗ്യ സംഘടന ഈ കാര്യം ലോകത്തിലെ മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്. ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്‌ള്യൂ എച്ച് ഓ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

കുഞ്ഞുങ്ങൾ, അവരാണ് നാളെയുടെ പ്രതീക്ഷകൾ. പണ്ടൊക്കെ മുത്തശ്ശിമാരുടെ കഥകൾ കേട്ട് ഭാവനകളിൽ വൈവിധ്യങ്ങളായ ആശയങ്ങളും ദൃശ്യങ്ങളും കൊണ്ടുവന്ന കുഞ്ഞുങ്ങൾക്ക് ആശയങ്ങൾക്ക് ദാരിദ്ര്യമോ, ബന്ധങ്ങൾക്ക്‌ തടസങ്ങളോ, ആരോഗ്യപ്രശ്നങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടിൽ വച്ചുണ്ടാക്കിയ ആഹാരം കഴിച്ച് അവർ വളർന്നു ആരോഗ്യത്തോടെ. എന്നാൽ ഇന്നോ?

വ്യാജമില്ലാത്ത ജീവിതവും മാധ്യമങ്ങളുടെ അതിപ്രസരവും ടെക്‌നോളജിയുടെ അമിതമായ സ്വാധീനവും ഒപ്പം ജങ്ക് ഫുഡും കുട്ടികളെ രോഗികളാക്കി. ചിന്തിക്കുന്നതിനുള്ള ശേഷി നഷ്ടപ്പെടുത്തി. ആശയവിനിമയത്തിന്റെ, സ്നേഹത്തിന്റെ, പങ്കുവയ്ക്കലിന്റെ മൂല്യങ്ങളെ മാറ്റിയെഴുതി. ഇനിയും വൈകിക്കൂടാ. കുഞ്ഞുങ്ങളിൽ നിന്ന് മാധ്യമങ്ങളെ അകറ്റിനിർത്താം. വിഷമില്ലാത്ത ഭക്ഷണവും സ്നേഹമുള്ള ചുറ്റുപാടും കഥകളും മണ്ണിലെ കളികളും ഒക്കെയായി അവർ വളരട്ടെ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.