
അനുവര്‍ഷം ഏപ്രില്‍ 16-നാണ് ബാല അടിമത്ത വിരുദ്ധ ലോകദിനം. ക്രിസ്തീയ സാംസ്കാരിക പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ അന്താരാഷ്ട്ര ദിനാചരണം.
തൊഴില്‍പരമായ ചൂഷണത്തിനിരകളാകുന്ന കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ടി പരിശ്രമിച്ച 12 വയസ്സുകാരനായ ബാലന് ഇഖ്ബാല്‍ മസി പാക്കിസ്ഥാനില്‍ 1995-ല്‍ വധിക്കപ്പെട്ട ദിനമാണ് ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഒരു ദരിദ്ര ക്രൈസ്തവകുടുംബത്തില് 1983-ല്‍ ജനിച്ച ഇഖ്ബാല്‍, 4 വയസ്സു മുതല്‍ കുടുംബത്തിനു വേണ്ടി ജോലി ചെയ്യാന്‍ തുടങ്ങി. താന്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നു തിരച്ചറിഞ്ഞ കുട്ടി പത്തു വയസ്സു പ്രായമുള്ളപ്പോള്‍ ചൂഷകനായ തൊഴില്‍ദാതാവിന്റെ പിടിയില്‍ നിന്ന് രക്ഷപെടുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പൊലീസാകട്ടെ കുട്ടിയെ പിടിച്ച് തൊഴില്‍ദാതാവിനെ തിരികെ എല്പിക്കുകയാണ് ചെയ്തത്. വീണ്ടും രക്ഷപ്പെട്ട ഇഖ്ബാല്‍ അടിമത്ത തൊഴില്‍ വിമോചന മുന്നണിയില്‍ ചേരുകയും അടിമപ്പണിയിലേര്പ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിലേര്‍പ്പെടുകയും ചെയ്തു.
രണ്ടു വര്‍ഷം കൊണ്ട് മൂവായിരത്തോളം കുട്ടികളെ സഹായിക്കാന്‍ ഇഖ്ബാലിനു സാധിക്കുകയും അടിമത്ത തൊഴില്‍ വിമോചന മുന്നണി വഴി അമേരിക്കന്‍ ഐക്യനാടുകളുള്പ്പടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ 1995 ഏപ്രില്‍ 16-ന് ഉയിര്‍പ്പു ഞായറാഴ്ച പരവതാനി നിര്‍മ്മാണ മാഫിയയുടെ വെടിയേറ്റ് ഇഖ്ബാല്‍ മസി മരണമടഞ്ഞു.
‘ബാല അടിമത്തം അവസാനിപ്പിക്കുക’ എന്ന ഹാഷ്ടാഗോടു കൂടി ഫ്രാന്‍സിസ് പാപ്പാ പ്രസ്തുത ദിനത്തിന്റെ സന്ദേശവും നല്കുകയുണ്ടായി.
“ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ ലോകത്തില്‍ നിര്‍ഭാഗ്യവശാല്‍, ഇപ്പോഴും മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ കഴിയുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരും ഉപദ്രവിക്കപ്പെടുന്നവരും അടിമകളാക്കപ്പെടുന്നവരും അഭയാര്‍ത്ഥികളുമായ അനേകം കുട്ടികള്‍ ഉണ്ട്. ഇന്ന് ഇത് തിരിച്ചറിയുന്ന നാം ദൈവതിരുമുമ്പാകെ, പൈതലായിത്തീര്ന്ന ദൈവത്തിനു മുന്നില്‍ ലജ്ജിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.