സ്വന്തം ഓപ്പറേഷന് വേണ്ടി പണം കണ്ടെത്തുവാൻ ചിത്രം വരയ്ക്കുന്ന കുഞ്ഞു ഡാനിയൽ

പതിമൂന്നുകാരനായ ബ്രസീലിയൻ ബാലൻ ഡാനിയേൽ നെവേസ് സ്വന്തം ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി വിശുദ്ധരുടെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും ചിത്രം വരച്ച് വിൽപ്പന നടത്തി സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ജനിച്ച് എട്ടു മാസം പ്രായമുള്ളപ്പോൾ പോളി സിസ്റ്റിക് വൃക്ക രോഗം, കരൾ ഫൈബ്രോസിസ്, പ്ലീഹ പ്രശ്നങ്ങൾ എന്നീ അസുഖങ്ങൾ കാരണം ഡാനിയേലിന്റെ കുട്ടിക്കാലം മുഴുവൻ ആശുപത്രികളിലായിരുന്നു ചെലവഴിച്ചിരുന്നത്. അതിനു ശേഷം അഞ്ചു വയസ്സായപ്പോൾ അവന്റെ വൃക്കകൾ രണ്ടും പൂർണ്ണമായും പ്രവർത്തന രഹിതമാകുകയും എല്ലാ ആഴ്ചയും ഡയാലിസിസിന് വിധേയമാക്കപ്പെടുകയും ചെയ്തു. ആശുപത്രിയിൽ വെച്ച് സമയം പോകുവാനായി കണ്ടെത്തിയ ഒരു ഉപാധിയായിരുന്നു ഡാനിയേലിനു ആ സമയങ്ങളിൽ ചിത്രം വര. പക്ഷെ പിന്നീട് തന്റെ തന്നെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി തന്റെ കഴിവുകളെ അവൻ വിനിയോഗിക്കുകയായിരുന്നു.

ഗ്വാനമ്പി സ്വദേശിയായ ഡാനിയേൽ ഇപ്പോൾ സാൽവദോറിലെ ഒരു വാടക വീട്ടിലാണ് താമസം. മൂന്നുമാസം കൂടുമ്പോൾ അവിടെനിന്നു സാവോപോളോയിലെ ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്ന ബാലന്റെ കുടുംബം കനത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയുമായി വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സ്വന്തം ചിത്രത്തെ വിൽക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഡാനിയേലിന്റെ പരിചരണാർത്ഥം അമ്മയായ ക്ലെയ്‌ഡ്‌ നെവേസിന് ജോലിക്ക് പോകുവാൻ സാധിക്കാതെ വന്നതും ജീവിതം കൂടുതൽ കഷ്ടത്തിലാക്കി. ഓൺലൈൻ മാധ്യമങ്ങളിലൂടെയും നേരിട്ടും തന്റെ ആശുപത്രിയിലെ സുഹൃത്തുക്കൾ വഴിയും ഡാനിയേൽ തന്റെ ചിത്രങ്ങളുടെ വില്പനയ്ക്ക് വഴിയൊരുക്കി. ഇത് മനസ്സിലാക്കിയ ഒരു നെറ്റ്‌വർക്ക്, ഡാനിയേലിന്റെ കഥ സമൂഹമാധ്യമങ്ങളിൽ പങ്കു വെയ്ക്കുകയും ബാലന്റെ മുന്നോട്ടുള്ള ചികിത്സയ്ക്ക് പണം സമാഹരിക്കുവാൻ സഹായിക്കുകയും ചെയ്തു. ആവശ്യമുള്ളതിലും ഇരട്ടി പണം സംഭാവനയായി ലഭിച്ചതിൽ, സഹായിച്ച എല്ലാ സുമനസ്സുകളോടും ദൈവത്തിനും നന്ദി പറയുന്നുവെന്നു അമ്മ ക്ലെയ്‌ഡ്‌ നെവേസ് അറിയിച്ചു.

വിശുദ്ധരുടെ ചിത്രങ്ങളായിരുന്നു പൊതുവെ വരച്ചുകൊണ്ടിരിക്കുന്നതെങ്കിലും അവർ ലേഡി ഓഫ് കിഡ്‌നി എന്ന പരിശുദ്ധ അമ്മയുടെ ചിത്രം സ്വയം ഒരു പ്രാർത്ഥനയായി വരയ്ക്കുകയും അതിലൂടെ ചികിത്സയിലുടനീളം പരിശുദ്ധ അമ്മ അവനെ സഹായിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു എന്ന് ഡാനിയേൽ പറഞ്ഞു. ലോകത്തിലെ എല്ലായിടങ്ങളിലും ഡാനിയേലിന്റെ ചിത്രങ്ങൾ എത്തിച്ചേർന്നിട്ടുണ്ടെങ്കിലും തന്റെ ചിത്ര രചനയും വില്പനയും ഇപ്പോളും ഒരു പ്രാർത്ഥനയായി ഡാനിയേൽ തുടരുന്നുണ്ട് .

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.