
ഓർത്തഡോക്സ്യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇതര ക്രിസ്ത്യൻ സഭകളുടെ മേലധ്യക്ഷന്മാരുമായും സഭാപ്രതിനിധികളുമായും ചർച്ച നടത്തി. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ , കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത, സിഎസ്ഐ ബിഷപ്പ് റവ. ഡോ. ഉമ്മൻ ജോർജ് , മലബാർ സ്വതന്ത്ര സുറിയാനി സഭാധിപൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, കൽദായസഭാ ബിഷപ്പ് ഓജീൻ മാർ കുര്യാക്കോസ്, ക്നാനായ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
തർക്കം പരിഹരിക്കുന്നതിനും സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളെ സഭാമേലധ്യക്ഷന്മാർ അഭിനന്ദിച്ചു. ഇരുവിഭാഗങ്ങളുമായുള്ള ആശയ വിനിമയം മുഖ്യമന്ത്രി തുടരണമെന്ന് അവർ അഭ്യർത്ഥിച്ചു. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ തർക്കം പരിഹരിക്കുന്നതിന് ചില നിർദേശങ്ങൾ സഭാ മേധവികൾ മുന്നോട്ടുവച്ചു. ഓർത്തഡോക്സ്, യാക്കോബായ സഭകൾ ഒന്നിച്ചുപോകാനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തിൽ വിദൂരമായതുകൊണ്ട് ആരാധനാലയങ്ങളിൽ ഭൂരിപക്ഷ അഭിപ്രായം മാനിച്ചുള്ള സംവിധാനം ഉണ്ടാക്കണം. പൊതുയോഗത്തിലൂടെ നിർണയിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് പള്ളിയും സ്വത്തുക്കളും വിട്ടുകൊടുക്കണം.
എന്നാൽ ഇടവകയിലെ ന്യൂനപക്ഷത്തിന് ആരാധന നടത്താനുള്ള സാഹചര്യം ഭൂരിപക്ഷത്തിന്റെ സഹകരണത്തോടെ ഉണ്ടാക്കണം. ആരാധനാലയങ്ങളിൽ സമയക്രമം നിശ്ചയിച്ച് പ്രാർഥന അനുവദിക്കുകയോ സമീപത്തുതന്നെ മറ്റൊരു ദേവാലയം ന്യൂനപക്ഷത്തിനു വേണ്ടി പണിയുകയോ ചെയ്യാം. അതിനുള്ള പിന്തുണ ഭൂരിപക്ഷവിഭാഗം നൽകണം. ഒരു ദേവാലയം ഭൂരിപക്ഷ അഭിപ്രായപ്രകാരം ഏതെങ്കിലുമൊരു വിഭാഗത്തിനു വിട്ടുകൊടുത്താൽ തന്നെ, വിശേഷ ദിവസങ്ങളിൽ ഇതര വിഭാഗത്തിനും അവിടെ പ്രാർഥന നടത്താൻ കഴിയണം. സെമിത്തേരി വലിയ വികാരമായിട്ടാണ് വിശ്വാസികൾ കാണുന്നത്.
ഇരുവിഭാഗത്തിനും സെമിത്തേരി ഉപയോഗിക്കാനും പ്രാർഥന നടത്താനും സൗകര്യമുണ്ടാകണം. ചരിത്രപ്രാധാന്യമുള്ളതും ഒരു വിഭാഗത്തിന് വൈകാരിക ബന്ധമുള്ളതുമായ ചില ദേവാലയങ്ങളുണ്ട്. അവിടെ മറ്റൊരു വിഭാഗം ആധിപത്യം സ്ഥാപിക്കുന്നത് സംഘർഷമുണ്ടാക്കും. അതിനാൽ വിട്ടുവീഴ്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിർദേശങ്ങളാണ് പൊതുവേ ചർച്ചയിൽ ഉയർന്നത്. സെമിത്തേരിയിൽ എല്ലാവർക്കും അവകാശം നൽകുന്നതിന് ഗവൺമെന്റ് ഓർഡിനൻസ് കൊണ്ടുവന്നതിനെ സഭാനേതാക്കൾ അഭിനന്ദിച്ചു.