ചിക്കാഗോ സിറോമലബാർ രൂപത മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂജേഴ്‌സി സോമർസെറ്റ് ഫൊറോനാ ദൈവാലയം ആതിഥേയത്വം വഹിക്കുന്നു

അമേരിക്കയിലെ ചിക്കാഗോ സിറോമലബാർ രൂപതയുടെ ചെറുപുഷ്പം മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂജേഴ്‌സി സോമർസെറ്റ് സെന്റ്  തോമസ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ ദൈവാലയം ആതിഥേയത്വം വഹിക്കുന്നതായി ചെറുപുഷ്പം മിഷൻ ലീഗിന്റെ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ അറിയിച്ചു.

ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതയിൽ പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ബിഷപ്പ് മാർ. ജോയ് ആലപ്പാട്ട്‌ എന്നിവരുടെ സാന്നിധ്യം ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആത്മീയ ഉണർവ്വേകും. വിവിധ ഇടവകകളിൽ നിന്നുമുള്ള വൈദികർ, സിസ്റ്റേഴ്‌സ്‌ എന്നിവരും സന്നിഹിതരായിരിക്കും.

ഒക്ടോബർ 22-ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പതാക ഉയർത്തിക്കൊണ്ട് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്നു നടക്കുന്ന സെമിനാറിൽ സഭാപിതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും.

ഉച്ചകഴിഞ്ഞു നടക്കുന്ന വർണ്ണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിതറാലിയിൽ നാല് ഫൊറോനാകളിൽ (ബ്രോൺസ് ന്യൂയോർക്ക്, സോമർസെറ്റ് ന്യൂജേഴ്‌സി, ഫിലാഡൽഫിയ, ഹെംസ്റ്റഡ് ന്യൂയോർക്ക്) നിന്നുള്ള മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും. ഇരുപതോളം ഇടവകകളിൽ നിന്നുള്ള പ്രതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്. സോമർസെറ്റ് ദൈവാലയത്തിലെ ജോസഫ് ഫാദേഴ്സ് ഗ്രൂപ്പിന്റെ ചെണ്ടമേളവും മറ്റു ദൈവാലയങ്ങളിൽ നിന്നുള്ള വാദ്യമേളങ്ങളുടെ അകമ്പടിയും പ്രേഷിതറാലി കൂടുതൽ ആകർഷകമാക്കും.

ഉച്ചതിരിഞ്ഞു നടക്കുന്ന പൊതുയോഗത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, പ്രഗത്ഭരുമായുള്ള സംവാദങ്ങൾ, വിനോദപരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേഷിതറാലിക്കു ശേഷം ഫെല്ലോഷിപ്പ് ഹാളിൽ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനച്ചടങ്ങും നടത്തപ്പെടും.

സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മൂല്യങ്ങളിൽ സമർപ്പിതമായ കുഞ്ഞു മിഷിനറിമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഷ്പ മിഷൻ ലീഗ് ലോകമെമ്പാടും പ്രവർത്തിച്ചു വരുന്നത്. പ്രേഷിതസൂനം എന്ന് അറിയപ്പെടുന്ന കൊച്ചുതേസ്യ ആണ് മിഷൻ ലീഗിന്റെ മദ്ധ്യസ്ഥ. 50,000 ദൈവവിളികൾ സഭക്ക് സംഭാവന നൽകാൻ സംഘടനക്ക് ഇതിനോടകം സാധിച്ചു. ഇതിൽ 52-ൽപരം പേർ വൈദികമേലദ്ധ്യക്ഷന്മാരാണ്.

1947-ൽ ഇന്ത്യയിലെ ഭരണങ്ങാനത്ത് എബ്രഹാം പല്ലാട്ടുകുന്നേലിന്റെയും ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും നേതൃത്വത്തിൽ സ്ഥാപിച്ച ചെറുപുഷ്‌പ മിഷൻലീഗ് ഇന്ന് അന്തർദേശീയ സംഘടനയായി വളർന്നിരിക്കുന്നു. 75 വർഷങ്ങൾക്കു മുമ്പ് ഒക്ടോബർ മൂന്നിന് കോട്ടയം മെത്രാനായിരുന്ന മാർ തോമസ് തറയിലായിരുന്നു മിഷൻ ലീഗ് ഉദ്ഘാടനം ചെയ്‌തത്.

ഇന്ന് അമേരിക്കയിലെ ചിക്കാഗോ സീറോമലബാർ രൂപതയിലെ ഭൂരിഭാഗം ദൈവാലയങ്ങളിലും ക്നാനായ കത്തോലിക്കാ റീജിയണിലെ എല്ലാ ഇടവകളിലും മിഷൻ ലീഗ് സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്ക് ഒന്നിച്ചുകൂടാനും വിവിധ ഇടവകകളിലെ കുട്ടികളുമായി സൗഹൃദം പങ്കിടാനും ആരോഗ്യകരമായ ആശയവിനിമയം നടത്താനും ഇത്തരം കൂടിച്ചേരലുകളിലൂടെ സാധിക്കുമെന്നും ഈ വർഷാവസാനത്തോടെ എല്ലാ ഇടവകകളിലും മിഷനുകളിലും മിഷൻ ലീഗ് യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലുമാണ് സംഘാടകർ.

സി.എം.ൽ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, ഫാ. ഡെൽസ് അലക്സ് (അസിസ്റ്റൻറ് ഡയറക്ടർ), ഫാ. ബിൻസ് ജോസ് ചെതാലിൽ (അസിസ്റ്റൻറ് ഡയറക്ടർ), റവ. സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ (ജോയിന്റ് ഡയറക്ടർ), സിജോ സിറിയക് (പ്രസിഡന്റ്), ജിമ്മിച്ചൻ മുളവനാൽ (വൈസ്  പ്രസിഡന്റ്), റ്റിസൺ തോമസ് (സെക്രട്ടറി), സോഫിയ മാത്യു (ജോ. സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന ലിറ്റിൽ ഫ്‌ളവർ മിഷൻ ലീഗ് എക്സിക്യൂട്ടീവ് കമ്മിറ്റി മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

സോമർസെറ്റ് ദേവാലയത്തിൽ നടത്തപ്പെടുന്ന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഇടവക വികാരി വെരി. റവ. ഫാ. ആൻ്റണി പുല്ലുകാട്ടിടാ ആത്മീയനേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവരുന്നതായി കോ-ഓർഡിനേറ്റർ പ്രിയ കുരിയൻ അറിയിച്ചു.

സെബാസ്റ്റ്യൻ ആൻ്റണി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.