ക്യാര കൊർബെല്ല: മാതൃദിനത്തിലെ അമ്മ സുവിശേഷം

ജെയ്സൺ കുന്നേൽ

ഇരുപത്തിയെട്ടാം വയസ്സിൽ സ്വർഗ്ഗത്തിലേക്കു യാത്രയായ ക്യാരയുടെ ജീവിതം അമ്മ ദിനത്തിൻ്റെ ചൈതന്യമാണ്. വി. ജിയന്നാ ബറേറ്റാ മോളയുടെ നാടായ ഇറ്റലിയിൽ നിന്നു അതേ ചൈതന്യം സ്വീകരിച്ച മറ്റൊരു വിശുദ്ധ കൂടി പിറക്കാൻ ഒരുങ്ങുന്നു. ഇരുപത്തിയെട്ടുകാരി ക്യാര കൊർബെല്ലയുടെ അത്ഭുതപ്പെടുത്തുന്ന ജീവിത കഥ.

പല തവണ ക്യാരയുടെയും എൻറികൊയുടെയും കഥ ഞാൻ വായിച്ചച്ചെങ്കിലും ഈ പ്രഭാതത്തിൽ വീണ്ടും വായിച്ചപ്പോൾ ആ കഥ അറിയാത്തവർക്കായി ഒന്നു കുറിക്കാമെന്നു കരുതി. തീർച്ചയായും എല്ലാ നവദമ്പതികൾ വായിച്ചിരിക്കേണ്ട നല്ല സുവിശേഷമാണ് ക്യാര കൊർബെല്ലയുടെയും (Chiara Corbella) ഭർത്താവ് എൻറികൊ പെത്രില്ലൊയുടെയും (Enrico Petrillo) ജീവിതം.

ക്യാരയും എൻറികൊയും അവരുടെ മകൻ ഫ്രാൻസിസ്കോയെ സ്വീകരിക്കാൻ ഒരുങ്ങുമ്പോഴാണ് ഇടിത്തീപ്പോലെ ആ വാർത്ത അറിയുന്നത്. ക്യാര മാരകമായ ക്യാൻസറിനു അടിമപ്പെട്ടിരിക്കുന്നു. അസുഖത്തിനു ചികത്സ തുടങ്ങിയാൽ ഉദരത്തിൽ വളരുന്ന കുഞ്ഞിനു എന്തു സംഭവിക്കാം, അവർ ചികത്സ കുഞ്ഞിന്റെ ആരോഗ്യത്തിനായി നീട്ടിവച്ചു. ഫ്രാാൻസിസ്കോ ജനിച്ചതിനു ഒരു വർഷത്തിനു ശേഷം ഇരുപത്തിതിയെട്ടാം വയസ്സിൽ ക്യാര മരണത്തിനു കീഴടങ്ങി.

2002 ലെ വേനൽ അവധിക്കാലത്തു മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗറിയിലാണ് ക്യാരയും എൻറികൊയും ആദ്യമായി കണ്ടുമുട്ടുന്നത്. ആറു വർഷങ്ങൾക്കു ശേഷം 2008 സെപ്റ്റംബർ മാസം 21-ാം തീയതി വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനം അവർ വിവാഹിതരായി. കുറച്ചു മാസങ്ങൾക്കു ശേഷം ക്യാര ഗർഭവതിയായി. ദുരിതങ്ങളുടെ തുടക്കമായി അതു ആദ്യ അൾട്രാസൗണ്ടു സ്കാനിങ്ങിൽ തന്നെ മനസ്സിൽ ഇടിത്തീ മിന്നി. ഗർഭസ്ഥ ശിശുവിൽ തലച്ചോറിൽ വളർച്ച  ഇല്ലാത്ത  അവസ്ഥ (anencephaly) തിരിച്ചറിഞ്ഞു.

സാധാരണ ഗതിയിൽ ഇത്തരം ശിശുക്കൾ ജനിച്ച ഉടനെ മരണത്തിനു കീഴടങ്ങുകയാണ് പതിവ്. മരണ വിധിയെ കൂട്ടുപിടിച്ചു മരിയ ഗ്രാസിയേ ലെറ്റീസിയാ എന്ന പെൺകുഞ്ഞു അവരുടെ ജീവിതത്തിലേക്കു വന്നു. എങ്കിലും ആ കുഞ്ഞു മാലാഖ അവരുടെ ഹൃദയം തുറക്കുകയും കൃപയുടെ വാതിലുകൾ നിത്യതയോടുള്ള  സ്നേഹമാണെന്നു പഠിപ്പിക്കുകയും ചെയ്തു.

ഗർഭവസ്ഥ ശിശുവിന്റെ ഓരോ ചവിട്ടുകളും വലിയ ദാനമായാണ് ക്യാര മനസ്സിലാക്കിയിരുന്നത്. വെറും അരമണിക്കൂറേ മരിയാ ഗ്രാസിയായിക്ക് ഈ ഭൂമിയിൽ ആയുസ്സുണ്ടായിരുന്നുള്ളു. അവൾക്കു വേണ്ടി എൻറികൊ ഒരു സ്മരണിക ഉണ്ടാക്കി അതിൽ ഇപ്രകാരം എഴുതിയിരുന്നു: ‘ഒരിക്കലും മരിക്കാതിരിക്കുന്നതിനാണ് ഞങ്ങൾ ജനിച്ചിരിക്കുന്നത്.’ (We are born never to die). ആദ്യമായാണ് അവന്റെ വീട്ടുകാരും സുഹൃത്തുക്കളും ആ വാചകം കാണുന്നത്. ഈ പേരിൽ എൻറികൊ തന്റെ ഓർമ്മക്കുറിപ്പുകൾ  ഒരു ഗ്രന്ഥമായി പിന്നിടു പ്രസദ്ധീകരിച്ചട്ടുണ്ട്.

ക്യാര വീണ്ടും ഗർഭിണിയായി, ആദ്യ കുട്ടിക്കുണ്ടായിരുന്ന അതേ പ്രശ്നങ്ങൾ ദാവിദ് ജിയോവാനിക്കും ഉണ്ടായിരുന്നു. എന്തിനാണ് വീണ്ടും ഒരു ഗർഭധാരണത്തിനു തയ്യാറായത് എന്നു മറ്റുള്ളവർ ചോദിക്കുമ്പോൾ “ദൈവം നിത്യതയ്ക്കു വേണ്ടിയാണ് ജീവൻ സൃഷ്ടിച്ചതെങ്കിൽ അതിനോടു എതിരു പറയാൻ ഞങ്ങൾ ആരാണ്” എന്ന മറു ചോദ്യം ആ ദമ്പതികൾ ചോദിക്കുമായിരുന്നു.

“ഇരുളടഞ്ഞ വീഥികളിലൂടെ നമ്മൾ നടക്കുമ്പോൾ നയിക്കാനായി ആരെങ്കിലും  ഉണ്ടെങ്കിൽ, അവരെ നമുക്കു കാണാൻ കഴിയില്ലങ്കിലും, അവനിൽ ശരണപ്പെടുക എത്രയോ മനോഹരമാണ്. അതു മാനുഷിക യുക്തിക്കപ്പുറമാണ്”

ഈ ഭൂമിയിൽ ജനിച്ചതിനു 38 മിനിറ്റുകൾക്കു ശേഷം ദാവീദ് സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയി. രണ്ടു സംഭവങ്ങളിലും ഭ്രൂണഹത്യ എന്ന വാക്കു പോലും തങ്ങളുടെ മനസ്സിലേക്കു വന്നില്ലാ എൻറികൊ സാക്ഷ്യപ്പെടുത്തുന്നു. അവർക്കു തിരഞ്ഞെടുപ്പിന്റെ ഒരു പ്രശ്നം നിലനിന്നിരുന്നില്ല.

രണ്ടു അനുഭവങ്ങൾക്കു ശേഷം മൂന്നാമതായി ഒരു കുഞ്ഞിനു വേണ്ടി പരിശ്രമിക്കേണ്ടാ എന്നു പലരും നിർബന്ധിച്ചു. കാത്തിരിക്കാൻ മറ്റു ചിലർ ആവശ്യപ്പെട്ടു. ക്യാരയുടെ വാക്കിൽ പറഞ്ഞാൽ കാത്തിരിക്കാനുള്ള ആശയം അവളെ ദു:ഖിതയാക്കി. ക്യാര വീണ്ടും ഗർഭം ധരിച്ചു. ഗർഭാവസ്ഥ പുരോഗമിക്കുമ്പോൾ ഒരു ദിവസം അവളുടെ നാവിൽ ഒരു ചെറിയ മുറിവ് ഉണ്ടായതു ശ്രദ്ധയിൽപ്പെട്ടെങ്കിലും അതിനു വല്യ ഗൗരവ്വം നൽകിയില്ല. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കനുസരിച്ചു വായിലെ വ്രണവും വളർന്നു. പരിശോധന നടത്തിയപ്പോൾ ഫ്രാൻസിസ്കോ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനാണ്.

ഇതിനിടയിൽ ദമ്പതികൾ അസ്സീസിയിലേക്കു ഒരു തീർത്ഥയാത്ര നടത്തി. അവിടെ വച്ചു അവർ തങ്ങളുടെ ആത്മീയ നിയന്താവായ ഫാ. വീറ്റോയെ കണ്ടുമുട്ടി. ക്യാരയുടെ നാവിലെ മുറിവു വളരാൻ തുടങ്ങി. പരിശോധനകൾക്കു ശേഷം  നാവിൽ ക്യാൻസറാണന്നു തിരിച്ചറിഞ്ഞു. 2011 മാർച്ചിൽ അവൾ ഒരു ശസ്ത്രക്രിയക്കു വിധേയയായി. പരാതി കടാതെ പുതിയ പരീക്ഷണവും പുഞ്ചിരിയോടെ അവൾ സ്വീകരിച്ചു. അക്കാലത്തെക്കുറിച്ചു എൻറികൊ പറയുന്നതു ഇങ്ങനെ:

“ഞങ്ങൾ അഭിമുഖീകരിച്ച കുരിശുകൾക്കപ്പുറം ദൈവസാന്നിധ്യം ഞങ്ങൾ അടുത്തറിഞ്ഞു, അതിനാൽ അവസാന നിമിഷം വരെ ഞങ്ങൾ ചിരിക്കുകയും തമാശകൾ പറയുകയും ചെയ്തിരുന്നു. എപ്പോഴും പുഞ്ചരിക്കുന്ന ക്യാരയുടെ മുഖം ഒരു അതിശയം തന്നെയായിരുന്നു.”

ചില സമയങ്ങളിൽ സംസാരിക്കാനോ ഭക്ഷണം ഇറക്കാനോ ക്യാരക്കു കഴിഞ്ഞുരുന്നില്ല. വേദന ചില അവസരങ്ങളിൽ അതികഠിനമായിരുന്നെങ്കിലും ഉദരത്തിൽ വളരുന്ന കുഞ്ഞിനു വേണ്ടി വേദനസംഹാരികൾ അവൾ ഉപേക്ഷിച്ചു.  മാർച്ചിലെ ചികത്സകൾ ആദ്യപടി മാത്രമായിരുന്നു. കീമോ തെറാപ്പിയും റേഡിയേഷനും ക്യാരയ്ക്കൂ വളരെ അത്യാവശ്യമായിരുന്നതിനാൽ ഏഴാം മാസത്തിൽ തന്നെ പ്രസവം നടത്താൻ ഡോക്ടർമാർ നിർബദ്ധിച്ചെങ്കിലും ദമ്പതികൾ നിരസിച്ചു. ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ആരോഗ്യം മാത്രമായിരുന്നു അവളുടെ ഏക ശ്രദ്ധ. ഫ്രാൻസിസ്കോയിക്കു വേണ്ടി ഏതു റിസ്ക്കും എടുക്കാൻ തയ്യാറായ ആ ദമ്പതികൾക്കു ഗർഭവസ്ഥയുടെ മുപ്പത്തിയേഴാം ആഴ്ചയിൽ 2011 മെയ് മാസം തീയതി ഫ്രാൻസിസ്കോ ജനിച്ചു.

രണ്ടു ദിവസങ്ങൾക്കു ശേഷം ക്യാരയുടെ ഗ്രന്ഥികൾ വൃത്തിയാക്കുന്ന രണ്ടാം ശസ്ത്രക്രിയയും നടന്നു.

ദുഃഖവെള്ളിയാഴ്ചയിലെ ക്രിസ്തുവിനെയാണ് രോഗവസ്ഥയിലെ ക്യാരയിൽ കണ്ടതെന്ന് അവളുടെ ആത്മീയ പിതാവ് ഫാ. വീറ്റോ പറയുന്നു. യേശു കുരിശിൽ ആയിരിക്കുമ്പോൾ അവനോടു സംസാരിച്ചത് അവനെ ഇഷ്ടപ്പെട്ട മറ്റൊരു ക്രൂശിതൻ ആയിരുന്നു.

“സഹനത്തിന്റെ സമയങ്ങളിലൂടെ നമ്മൾ കടന്നു പോകുമ്പോൾ ദൈവവുമായുള്ള നമ്മുടെ സുഹൃത്ബന്ധത്തിനു ദൃഢത കൈവരും. സഹനങ്ങൾ ഒരു ദാനമായി തിരിച്ചറിയും, കാരണം ജീവിതത്തിൽ ഒരു ക്രമം കൊണ്ടുവരുവാനും നമ്മൾ ആരാണന്നു മനസ്സിലാക്കാനും സഹനങ്ങൾ സഹായിക്കും” എൻറികോ തറപ്പിച്ചു പറയുന്നു.

ഓരോ ആഴ്ചയിലും 5 വീതം റേഡിയേഷൻ ഇരുപത്തിഒന്നു ദിവസം കൂടുമ്പോഴുള്ള കീമോതെറാപ്പി. ഇതായിരുന്നു ക്യാരയുടെ മുമ്പോട്ടുള്ള ചികത്സാ രീതി. ദുരിതകാലത്തിനു ശേഷം നടന്ന പരിശോധനകളിൽ പ്രതീക്ഷയുടെ ചില വകകൾ നൽകിയെങ്കിലും 2012 മാർച്ചുമാസമായപ്പോഴെക്കും രോഗാവസ്ഥ തീവ്രമായി. കാൻസറിന്റെ അണുക്കൾ കരളിനെയും ശ്വാസകോശത്തെയും ഒരു കണ്ണിനെയും കീഴടക്കാൻ തുടങ്ങിയിരുന്നു. ആ ഈസ്റ്റർ കാലം എൻറികൊ മറക്കാൻ ഇഷ്ടപ്പെടുന്നു.  പുതിയ ആന്റിബയോട്ടിക്കുകളും പുതിയ ടെസ്റ്റുകളുമായി ക്യാര ആശുപത്രിയിലും,  ഫ്രാൻസിസ്കോ യെ പരിചരിച്ചുകൊണ്ടു വീട്ടിലും എത്രയോ വേദനാജനകം.

“ഏറ്റവും ഭീതിജനമായ ആഴ്ചകളായിരുന്നുവെങ്കിലും ദൈവം ഞങ്ങളെ ഒരിക്കലും കൈവിടില്ല” എന്നു എൻറികൊ സാക്ഷ്യപ്പെടുത്തുന്നു.

എൻറികായ്ക്കു ക്യാരുടെ ട്യൂമർ, ഉത്ഥാനത്തിനു ശേഷം യേശു പത്രോസിനോടു ചോദിച്ച മൂന്നാമത്തെ ചോദ്യം പോലെയായിരുന്നു. അപ്പസ്തോലനെപ്പോലെ അവനു മറുപടി നൽകി “കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു.” (യോഹന്നാന്‍ 21:17)

‘ഇത്തരം സന്ദർഭങ്ങളിൽ ദേഷ്യവും കോപവും വരിക സ്വഭാവികമല്ല’ എന്ന ചോദ്യത്തിനു എൻ റികൊയുടെ മറുപടി ഇപ്രകാരമായിരുന്നു.

“അതൊരു തിരഞ്ഞെടുക്കലാണ്. കോപം വരും ശരിയാണ്. ദൈവത്തോടൊപ്പം നിങ്ങളുടെ ജീവിതത്തിന്റെ തീരുമാനമെടുക്കാം ദൈവമില്ലാതെയും തീരുമാനിക്കാം. പക്ഷേ ഞാൻ ഒരിക്കലും ദ്വേഷ്യപ്പെട്ടിട്ടില്ല കാരണം ദൈവം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നു അവൻ ദയാലുവായ പിതാവായി ഞങ്ങൾ അറിഞ്ഞിരുന്നു.”

മരിക്കുന്നതിനു ഒരു മാസം മുമ്പു 2012 മെയ് മാസത്തിൽ  കൈക്കുഞ്ഞുമായി ക്യാരയും എൻറികൊയും ബനഡിക്ട് പതിനാറാമൻ പാപ്പയെ സന്ദർശിച്ചിരുന്നു.

2012 മെയ് മാസം അവസാനമായപ്പോഴെക്കും ക്യാര ശരിക്കും കാൽവരിയിലായിരുന്നു. ഈ സമയത്തു മുൻപെന്നും ഇല്ലാത്ത വിധം അവൾ കുരിശിനെ വാരി പുണർന്നിരുന്നു. ജൂൺ പന്ത്രണ്ടിനു അവൾ അവസാന പോരാട്ടത്തിനു സജ്ജയായി. അവൾ പൂർണ്ണമായും ശാന്തും സ്വച്ഛയുമായിരുന്നു. ക്യാരയുടെ “സന്തോഷമരണം” കണ്ടു എന്നാണ് എൻറികൊ പറയുന്നത്. പുഞ്ചിരിച്ചു കൊണ്ടല്ല അവൾ മരിച്ചത് കാരണം മരിക്കുമ്പോൾ നമുക്കു പുഞ്ചിരിക്കാൻ കഴിയില്ലല്ലോ. പക്ഷേ എവിടേക്കാണ് പോകുന്നത് എന്നറിഞ്ഞ ഒരു വ്യക്തിയുടെ പൂർണ്ണമായ ആനന്ദം ക്യാരയിൽ ഞാൻ കണ്ടിരുന്നു.

ശാന്തമായ ഒരു മരണം മാത്രമായിരുന്നില്ല ക്യാരയുടേത്. അത് അതിലും ഉന്നതമായിരുന്നു. കുരിശിൽ കിടന്നു പുഞ്ചിരിക്കുന്ന ക്രിസ്തുവിലേക്കു നോക്കുന്നതു പോലെയായിരുന്നു അവരുടെ മരണനിമിഷം.

“ഫ്രാൻസിസ്കോ എപ്പോഴും പറയുന്നു എനിക്കു സ്വർഗ്ഗത്തിൽ ഒരമ്മയും ഭൂമിയിൽ ഒരു അപ്പനുമുണ്ട് എന്ന്.”  മരിക്കുന്നതിനു മുമ്പു ഫ്രാൻസിസ്കോയിക്കെഴുതിയ കത്തിൽ ക്യാര അവനോടു എപ്പോഴും ദൈവത്തിൽ ശരണപ്പെടാൻ ആവശ്യപ്പെടുന്നു.

ധീരോത്തമായ ക്രൈസ്തവ സാക്ഷ്യത്തിന്റെ ഫലമായി എൻറികൊയിക്കും ക്യാരയ്ക്കും മൂന്നു കുട്ടികളും ധാരാളം ആത്മീയ സന്താനങ്ങളുമുണ്ടായി.

“തുറന്നു പറയുകയാണങ്കിൽ ക്യാര എന്നോടൊപ്പം ആയിരിക്കാനും അവളൊടൊപ്പം വാർദ്ധ്യക്യ കാലം ചെലവഴിക്കാനും ഞാൻ  അത്യധികം ആഗ്രഹിച്ചു. ക്യാരയുടെ സാക്ഷ്യം ശ്രവിച്ച് ധാരാളം മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കു വേണ്ടി  ആഗ്രഹിക്കുകയും തൽഫലമായി  നിരവധി കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ ഇന്നു ജീവിക്കുന്നതു കാണുകയും ചെയ്യുമ്പോൾ എന്റെ ഉള്ളിൽ ഒത്തിരി ആശ്വാസം ഞാൻ അനുഭവിക്കുന്നു. ആ ചിന്ത എന്റെ ഹൃദയത്തെ ആനന്ദം കൊണ്ടു നിറയ്ക്കുന്നു.”

ഇരുപത്തിയെട്ടാം വയസ്സിൽ തന്റെ പ്രിയപ്പെട്ടവരുടെ ഇടയിൽ നിന്നു സ്വർഗ്ഗീയ രാമത്തിലേക്കു പറിച്ചു നടപ്പെടുമ്പോൾ അവളുടെ ജീവിതം മൗനമായി പറഞ്ഞു “നിത്യത നമ്മുടെ റഫറൻസ് പോയിന്റായാൽ  എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും  ഈ ലോകത്തിൽ വച്ചു തന്നെ നമുക്കു സന്തോഷം അനുഭവിക്കാൻ കഴിയും, കാരണം ഈ ലോക ദു:ഖങ്ങളെല്ലാം ക്ഷണികമാണ്.”

മരിക്കുന്നതിനു മുമ്പ് ക്യാര അവളുടെ മകനായി ഇപ്രകാരം എഴുതി:  “നീ എന്തു ചെയ്താലും നിത്യതയെപ്പറ്റി ചിന്തിച്ചു കൊണ്ടു ചെയ്താൽ മാത്രമേ അവ അർത്ഥവത്താവു. നീ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുവെങ്കിൽ, ഒന്നും നിന്റെ സ്വന്തമല്ലന്നു നീ മനസ്സിലാക്കും കാരണം എല്ലാം ദൈവദാനമാണ്.”

ക്യാരുടെ സുവിശേഷം നിത്യജീവന്റെ സുവിശേഷമാണ് അവൾ ജനിച്ചത് ഒരിക്കലും മരിക്കാതിരിക്കാനാണ്.

റോം രൂപതാ 2018 സെപ്റ്റംബർ 21 നു ക്യാരയുടെയും ഭർത്താവ് എൻറികൊയുടെയും വിവാഹത്തിന്റെ പത്താം വാർഷികത്തിൽ നാമകരണത്തിനുള്ള നടപടികൾ സെന്റ് ജോൺ ലാറ്ററാൻ ബസിലിക്കായിൻ ആരംഭിച്ചു. റോമാ രൂപതയുടെ പേപ്പൽ വികാരി ആർച്ചുബിഷപ് ആഞ്ചലോ ദേ ദോനാത്തിസാണ് തിരുകർമ്മങ്ങൾക്കു മുഖ്യകാർമ്മികത്വം വഹിച്ചത്. ക്യാരയുടെ നാമകരണ നടപടി യുടെ പോസ്റ്റുലേറ്ററായ ഫാ. ഗാംബാൽഗുനായുടെ ആഭിപ്രായത്തിൽ ഇരുപത്തിയെട്ടാം വയസ്സിൽ മരിക്കുന്നതുവരെ ഒരു സാധാരണ ജീവിതം നയിച്ച ക്യാര വിശുദ്ധയായി ജനിച്ചവളല്ല, ഓരോ ദിവസം പിന്നിട്ടു വിശുദ്ധ ആയവളാണ്.

ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.