ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെ സായുധ സംഘത്തിന്റെ ആക്രമണം

ഛത്തീസ്ഗഡിൽ ക്രിസ്തുമസ് ഒരുക്കമായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന ക്രൈസ്തവർക്ക് നേരെ തീവ്രഹിന്ദുത്വവാദികളെന്ന് കരുതപ്പെടുന്ന സായുധ സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതായി ഏഷ്യ ന്യൂസ് റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റ ആക്രമണത്തിൽ ചിലർ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവരുന്നുണ്ട്.

സംസ്ഥാനത്തെ സിന്ധ്വാരം ഗ്രാമത്തിൽ നവംബർ 25ന് പുലർച്ചെ 2 മണിക്ക് നടന്ന ആക്രമണം നേരം പുലരുവോളം നീണ്ടു. ക്രിസ്തുമസിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ നടത്തിയതിന്റെ ക്ഷീണത്തിൽ ഉറങ്ങിക്കൊണ്ടിരുന്ന ക്രിസ്ത്യൻ കൂട്ടായ്മയ്ക്കു നേരെ മദ്യപിച്ച് ആയുധവുമായെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. മുൻകൂട്ടി തീരുമാനിച്ച് നടപ്പിലാക്കിയ ആക്രമണമാണിതെന്നാണ് ഛത്തീസ്ഗഡ് ‘ക്രിസ്ത്യൻ ഫോറ’ത്തിന്റെ പ്രസിഡന്റായ അരുൺ പന്നാലാൽ പറയുന്നത്.

ഗ്രാമത്തിന് പുറത്തുനിന്നുള്ള വിശ്വാസികളും ക്രിസ്ത്യൻ കൂട്ടായ്മയിലുണ്ടായിരുന്നു. സംഭവസ്ഥലത്തിന്റെ ഫോട്ടോയോ, വീഡിയോയോ എടുക്കുന്നത് തടയുവാൻ ഗ്രാമവാസികൾ സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്‌. അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയായ അരുൺ പന്നാലാൽ ഗജ്രാൾ പോലീസുമായി ബന്ധപ്പെട്ടെങ്കിലും അക്രമം നടന്ന കാര്യം പോലീസ് നിഷേധിക്കുകയാണ് ചെയ്തത്. വിഷയത്തെക്കുറിച്ച് സംസാരിക്കുവാൻ പോലീസ് വിസമ്മതിക്കുന്നത് ഭരണകൂട ഒത്താശയോടെയാണോ ആക്രമണം നടന്നതെന്ന സംശയം ബലപ്പെടുത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.