അതുല്യപ്രതിഭയായ ചേടിയത്ത് മല്‍പാനച്ചന്‍

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

നിങ്ങള്‍ സഭാചരിത്രത്തില്‍ താല്‍പര്യമുള്ള ഒരാളാണെങ്കില്‍, സുറിയാനി ഭാഷയെ സ്‌നേഹിക്കുന്നെങ്കില്‍, ഒരു സെമിനാരി വിദ്യാര്‍ത്ഥിയാണെങ്കില്‍ ജി. ചേടിയത്ത് എന്ന പേരിലുള്ള എഴുത്തുകാരന്റെ പുസ്തകങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടാകും. വായിച്ചിട്ടുണ്ടാകും എന്നല്ല, ചേടിയത്തച്ചന്റെ പുസ്തകങ്ങളോ ലേഖനങ്ങളോ വായിക്കാതെ നിങ്ങളുടെ പഠനം പൂര്‍ണ്ണമാക്കാനാകില്ല എന്നതാണ് വാസ്തവം.

1973-ല്‍ ‘പൈതൃക പ്രബോധനം’ എന്ന ആദ്യ പുസ്തകത്തിലൂടെ തന്റെ വിജ്ഞാനസപര്യയുടെ പങ്കുവയ്ക്കൽ ആരംഭിച്ച അച്ചന്റെ നൂറ്റിപതിനെട്ടാമത് ഗ്രന്ഥമാണ് ‘കേരളത്തിലെ ക്രൈസ്തവസഭകള്‍.’ 1970-ൽ ‘മലങ്കര സഭയുടെ പ്രാര്‍ത്ഥനക്രമം’ എന്ന പേരില്‍ ക്രൈസ്തവകാഹളം മാസികയില്‍ തന്റെ ആദ്യ ലേഖനമെഴുതിയ അച്ചന്‍, മലയാളത്തിലും ഇംഗ്‌ളീഷിലുമായി വിവിധ മാസികകളിലായി ഇരുനൂറിനടുത്ത് ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ബഹുഭാഷാ പണ്ഡിതനായിരുന്ന അച്ചന്റെ വിവിധ ഗ്രന്ഥങ്ങള്‍ ഇംഗ്‌ളീഷ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ നൂറുകണക്കിന് വൈദികരുടെയും പതിനഞ്ചിലധികം പിതാക്കന്മാരുടെയും പ്രിയങ്കരനായിരുന്ന സെമിനാരി അധ്യാപകനായിരുന്ന അച്ചന്റെ പൗരോഹിത്യജീവിതത്തിൽ  ഏറിയ പങ്കും സെമിനാരി പരിശീലനവുമായി ബന്ധപ്പെട്ടായിരുന്നു. 1970-ല്‍ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി വൈസ് ‌റെക്ടറായി ആരംഭിച്ച ഈ പൗരോഹിത്യ പരിശീലനത്തിലെ സജീവ പങ്കാളിത്തം ജീവിതത്തില്‍ ധാര മുറിയാതെ തുടര്‍ന്നു.

പത്തനംതിട്ട മൈനര്‍ സെമിനാരിയില്‍ അധ്യാപകനായി ശുശ്രൂഷ ചെയ്യുന്ന വേളയിലാണ് അച്ചന്‍ രോഗബാധിതനാകുന്നത്. 1970 – 73 കാലഘട്ടത്തില്‍ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി വൈസ്‌ റെക്ടറായ അച്ചന്‍ പിന്നീട് (1993-1996) സെമിനാരി റെക്ടറുമായി സേവനം അനുഷ്ഠിച്ചു. 1979 മുതല്‍ 1993 വരെ കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായും 1996 മുതൽ 2009 വരെ മലങ്കര മേജര്‍ സെമിനാരി അധ്യാപകനായും ശുശ്രൂഷ ചെയ്തു. കോട്ടയം സെന്റ് എഫ്രേം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും (സീരി), കോട്ടയം മിഷനറി ഓറിയന്റേഷന്‍ സെന്ററിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പത്തനംതിട്ട രൂപത നിലവില്‍ വന്ന നാള്‍ മുതല്‍ രൂപതാ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു.

പത്തനംതിട്ട ജില്ലയിലെ മലയോരപ്രദേശമായ കോന്നിക്കടുത്ത് അതിരുങ്കലിലെ വളരെ സാധാരണമായ ഒരു കര്‍ഷക കുടുംബത്തില്‍ സി.ജി. ദാനിയേലിന്റെയും സാറാമ്മയുടെയും പത്തു മക്കളില്‍ കടിഞ്ഞൂല്‍ പുത്രനായി 1945 മെയ് 29-ന് ജനിച്ചു. അതിരുങ്കല്‍ LP സ്‌കൂളിലും CMS യുപി സ്‌കൂളിലും കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹൈ സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എസ്.എസ്.എല്‍.സി. വളരെ ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി 1961 ജൂണില്‍ വൈദികനാകണമെന്ന ഉറച്ച ബോധ്യത്തോടെ പട്ടം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. മാര്‍ ഈവാനിയോസ് കോളേജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് പാസായി. തുടര്‍ന്ന് ഫിലോസഫി, തിയോളജി പഠനങ്ങള്‍ വടവാതൂര്‍ സെമിനാരിയില്‍ പ്രശംസനീയമാംവിധം പൂര്‍ത്തിയാക്കി.

പഠനത്തിലെ മികവിനാലും സ്ത്യുത്യര്‍ഹമായ സ്വഭാവസവിശേഷതയാലും പ്രായോഗിക പരിശീലനത്തിന്റെ വര്‍ഷം (റീജന്‍സി കാലം) അധികാരികള്‍ ഇളവ് ചെയ്ത് നല്‍കിയിരുന്നതിനാല്‍ സഹപാഠികളെക്കാള്‍ മുമ്പില്‍ 1969 ഡിസംബര്‍ 20-ന് ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവില്‍ നിന്ന് പട്ടം കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് വൈദികപട്ടം സ്വീകരിച്ചു. തൊട്ടടുത്ത ദിവസം കത്തീഡ്രലില്‍ തന്നെ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു.

1973-78 ല്‍ റോമിലെ അഗസ്റ്റീനിയന്‍ പട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. മാര്‍ ബാബായിയുടെ ക്രിസ്തു ശാസ്ത്രദര്‍ശനത്തെ (Chrisotoloy of Mar Babai the Great) അധികരിച്ചായിരുന്നു പഠനം. സഭ തള്ളിക്കളഞ്ഞ നെസ്‌തോറിയന്‍ പാഷണ്ഡത ഇന്നത്തെ അസ്സീറിയന്‍ സഭ പിന്തുടരുന്നില്ല എന്ന കണ്ടെത്തലിന് ബാബായിയുടെ പഠനം സഹായിച്ചു. നെസ്‌തോറിയന്‍ പാഷണ്ഡത പിന്തുടരുന്നവര്‍ എന്ന ചിന്തയാല്‍ സഭൈക്യ ചര്‍ച്ചകളില്‍ നിന്ന് അകറ്റിനിര്‍ത്തിയിരുന്ന അസ്സീറിയന്‍ സഭക്കാരെ എക്യുമെനിക്കല്‍ കൂട്ടായ്മകളില്‍ പങ്കെടുപ്പിക്കാന്‍ കാരണമായത് അച്ചന്റെ ഗവേഷണ പരിശ്രമഫലമായിട്ടാണ്.

പോള്‍ ആറാമന്‍ പാപ്പ മുതല്‍ കത്തോലിക്കാ സഭയെ നയിച്ച എല്ലാ മാര്‍പാപ്പമാരെയും സന്ദര്‍ശിക്കുവാനും തന്റെ പുസ്തകങ്ങള്‍ അവര്‍ക്ക് സമ്മാനിക്കാനും അച്ചന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ രണ്ട് പതിറ്റാണ്ടോളം സഭയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. ഓക്‌സ്‌ഫോഡ്, ലുവെയ്ന്‍ എന്നിവിടങ്ങളില്‍ നടന്ന അന്തര്‍ദേശീയ സിംപോസിയങ്ങളില്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിയന്നാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രോ ഓറിയെന്തേ സിറിയക് കമ്മീഷനില്‍ 1994 മുതല്‍ മലങ്കര കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്നു. ജര്‍മ്മനിയിലെ കമ്യൂണിയോ ഇന്‍ ക്രിസ്‌തോ (communio in christo) എന്ന സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി അടുത്ത ബന്ധവും അച്ചന്‍ പുലര്‍ത്തിയിരുന്നു.

സുറിയാനി സഭാപിതാക്കന്മാരില്‍ അഗ്രഗണ്യനായി വിശേഷിപ്പിക്കപ്പെടുന്ന മാര്‍ അപ്രേമിന്റെ കൃതികള്‍ മുഴുവനും മലയാളത്തില്‍ ലഭിക്കുവാന്‍ കാരണമായത് ചേടിയത്ത് അച്ചനെന്ന വിജ്ഞാന കുതുകിയുടെ അക്ഷീണപരിശ്രമം ഒന്നുകൊണ്ട് മാത്രമാണ്. വി. ഗ്രിഗ്രറി നീസ, വി. ജോണ്‍ ക്രിസോസ്‌തോം, തിയഡോര്‍, ഒരിജന്‍ എന്നിവരുടെ കൃതികളും ഭാഷാന്തരം ചെയ്തതും മറ്റാരുമല്ല. നിരവധിയായ സഭാചരിത്ര പുസ്തകങ്ങള്‍ തന്റെ തൂലികയിലൂടെ പഠിതാക്കള്‍ക്ക് സമ്മാനിച്ച അച്ചന്‍ പൗരസ്ത്യ കാതോലിക്കേറ്റിന്റെ സ്ഥാപനചരിത്രം വിശദമാക്കിയും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. സഭയെ ആക്രമിക്കുന്ന പെന്തക്കൊസ്ത് നിലപാടുകള്‍ക്ക് എതിരായും പുസ്തകങ്ങള്‍ എഴുതി കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ അച്ചന്‍ അവതരിപ്പിച്ചിട്ടുണ്ട്.

സ്ഥാനമാനങ്ങളുടെയും ബഹുമതികളുടെയും വര്‍ണ്ണപ്രഭയില്‍ അശേഷം താല്‍പര്യമില്ലാതിരുന്നിട്ടും കേരള മെത്രാന്‍സമിതിയുടെ (കെ.സി.ബി.സി) ഗുരുപൂജാ പുരസ്‌കാരവും മാര്‍ത്തോമാ പുരസ്‌കാരവും മാര്‍ ജോസഫ് കുണ്ടുകുളം അവാര്‍ഡും അച്ചനെ തേടിയെത്തി. അംഗീകാരങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും തിലകക്കുറിയെന്നോണം മലങ്കര സുറിയാനി കത്തോലിക്കാ സഭ 2014-ല്‍ ബത്തേരിയില്‍ നടന്ന പുനരൈക്യ സംഗമത്തില്‍ ‘മല്പാന്‍’ സ്ഥാനം നല്‍കി ബഹുമാനിച്ചു. പത്തനംതിട്ട രൂപത നിലവില്‍ വന്ന കാലം മുതല്‍ രൂപതാ ചാന്‍സലറായി ക്രിസോസ്റ്റം പിതാവിനെയും ഐറേനിയോസ് പിതാവിനെയും സഭാശുശ്രൂഷകളില്‍ സഹായിച്ചിരുന്നത് ചേടിയത്ത് അച്ചനായിരുന്നു.

ഉന്നതമായ ചിന്തയും ഗഹനമായ കൃതികളും പണ്ഡിതോചിതമായ അധ്യാപനവും അച്ചന്റെ പ്രത്യേകതയായിരുന്നെങ്കില്‍ ഒരു പുഞ്ചിരിയോടെ തന്നെ സമീപിക്കുന്നവര്‍ക്കെല്ലാം സംലഭ്യനായിരുന്നു എന്നതാണ് അച്ചന്റെ ഏറ്റവും വലിയ പ്രത്യേകത. പൗരോഹിത്യ ജീവിതത്തിന്റെ തനിമയിലും നിഷ്ഠയിലും ജീവിതത്തെ സമര്‍പ്പിച്ച അച്ചന്റെ പാത പിന്തുടര്‍ന്ന് സ്വസഹോദരന്‍ ഫാ. തോമസ് ചേടിയത്തും സഹോദരീപുത്രന്‍ ഫാ. ദാനിയേല്‍ മണ്ണിലും ബഥനി ആശ്രമാംഗങ്ങളായി ശുശ്രൂഷ ചെയ്യുന്നു.

അതുല്യ സിദ്ധിവൈഭവത്തിന് ഉടമയായിരുന്നെങ്കിലും ജീവിതത്തില്‍ പ്രകടമായ ലാളിത്യവും നിര്‍മ്മലത്വവും കാത്തുസൂക്ഷിച്ചിരുന്നു എന്നതാണ് അച്ചന്റെ പ്രത്യേകത. വലുപ്പചെറുപ്പ ഭേദമില്ലാതെ എല്ലാവരെയും ഒന്നുപോലെ കരുതിയ അച്ചന്‍ കുഞ്ഞുങ്ങളെ ഒത്തിരി സ്‌നേഹിച്ചിരുന്നു. ചീക്കനാല്‍ ആശ്വാസഭവന്റെ ഡയറക്ടറായി സേവനം ചെയ്ത അച്ചന്‍, അവിടത്തെ അന്തേവാസികളായ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു.

നിഷ്ഠയുള്ള ജീവിതം നയിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന അച്ചന്‍ ഒന്നിനോടും പ്രത്യേക പ്രതിപത്തിയില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു. തന്നെ സമീപിക്കുന്നവരെയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചിരുന്ന അച്ചന്‍ സഹായമാവശ്യമുളളവരെ കരുതിയിരുന്നു. മിഷന്‍ പ്രദേശങ്ങളില്‍ ശുശ്രൂഷ ചെയ്തിരുന്ന വൈദികരുടെ ശുശ്രൂഷാവേദികളെ ബലപ്പെടുത്തിയിരുന്ന അച്ചന്‍ ആരുമറിയാതെ അനേകം പാവങ്ങളെ സഹായിച്ചിരുന്നു.

കര്‍ഷക കുടുംബത്തില്‍ ജനിച്ച അച്ചന്‍ കൃഷിയെ എന്നും സ്‌നേഹിക്കുകയും കാര്‍ഷികവിളകള്‍ നട്ടുപരിപാലിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അച്ചനെന്നും ഒരു പഠിതാവായിരുന്നു എന്നതാണ് സത്യം. സഭാസംബന്ധമായ വിഷയങ്ങളില്‍ തനിക്ക് അറിവില്ലാത്ത കാര്യങ്ങള്‍ എളിമയോടെ സമ്മതിക്കാനും ആ വിഷയങ്ങളില്‍ പാണ്ഡിതുമുള്ളവരുടെ അടുക്കലേയ്ക്ക് ആളുകളെ നയിക്കാനും ശ്രദ്ധിച്ചിരുന്നു. പുതിയ ആശയങ്ങളെയും അറിവുകളെയും സന്തോഷത്തോടെ നോക്കിക്കാണുന്ന അച്ചന്‍ കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അത് വാങ്ങി പഠിക്കാനും 70 വയസ്സിനോട് അടുത്ത പ്രായത്തില്‍ മലയാളം ടൈപ്പിംഗ് പഠിക്കാനും തുടര്‍ന്ന് തന്റെ പുസ്തകങ്ങളെല്ലാം സ്വയമായി ടൈപ്പ് ചെയ്യാനും തുടങ്ങി എന്നത് നമ്മെ അത്ഭുതപ്പെടുത്തും.

സെമിനാരി അധ്യാപനത്തിനിടയില്‍ തിരുവനന്തപുരം അതിരൂപതയിലെ ഒട്ടനവധി ദേവാലയങ്ങളിലും വികാരിഅച്ചന്മാരെ സഹായിക്കുന്നതിനായി ഞായറാഴ്ച്ചകളില്‍ കടന്നുചെന്നിരുന്നു. 2009 -2010 ല്‍ കാട്ടാക്കടക്കടുത്ത് തൊഴുക്കല്‍കോണം മിഷന്‍ ദേവാലയ വികാരി ആയിരുന്ന അച്ചന്‍, 2010 -2015 ല്‍ ഓമല്ലൂര്‍ പള്ളിയിലും 2015-2019 ല്‍ ചീക്കനാല്‍ പള്ളിയിലും വികാരിയായിരുന്നു. 2019 ജൂലൈ മുതല്‍ പത്തനംതിട്ട രൂപത മൈനര്‍ സെമിനാരിയില്‍ താമസിച്ച് ആറ്റരികം ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തുപോന്നു.

ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചതിനാല്‍ ഏതാനും ദിവസങ്ങള്‍ ആശുപത്രിയിലായിരുന്ന അച്ചന്‍, 2021 ഫെബ്രുവരി 21-ന് സ്വര്‍ഗ്ഗീയ സമ്മാനത്തിനായി യാത്രയായി. ഫെബ്രുവരി 25-ന് അതിരുങ്കല്‍ പളളിയില്‍ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമീസ് ബാവാ തിരുമേനിയുടെയും സഭയിലെ പിതാക്കന്മാരുടെയും കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ചേടിയത്ത് മല്‍പാനച്ചന്റെ ഭൗതീകശരീരം മാത്രമാണ് നമ്മെ വിട്ടുപിരിയുന്നത്. അച്ചന്‍ പഠിപ്പിച്ച അസംഖ്യം ശിഷ്യരിലൂടെ അച്ചന്റെ പുസ്തകം വായിക്കുന്ന അനേകരിലൂടെ അച്ചന്‍ എന്നും ജീവിക്കും.

സ്‌നേഹത്തോടെ

ഫാ. സെബാസ്റ്റിയൻ ജോണ്‍ കിഴക്കേതില്‍ (സിബി അച്ചന്‍)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.