ആയിരങ്ങള്‍ക്ക് ആത്മീയ നിറവേകി ചാവറത്തിരുനാള്‍ സമാപിച്ചു

മാന്നാനം: വിശ്വാസികള്‍ക്ക് ആത്മീയ നിറവേകി വിശുദ്ധ ചാവറയന്റെ തിരുനാള്‍ സമാപിച്ചു. ജന്മഗൃഹത്തില്‍നിന്നുള്ള ചാവറ തീര്‍ഥാടനത്തിനും നവവൈദികരുടെ ബലിയര്‍പ്പണത്തിനും  തിരുനാള്‍ പ്രദക്ഷിണത്തിനും പിടിയരി നേര്‍ച്ചഭക്ഷണത്തിനുമായി ആയിരങ്ങള്‍ മന്നാനത്തേക്ക് ഒഴുകിയെത്തിയിരുന്നു. രാവിലെ കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തില്‍നിന്നു തുടങ്ങിയ തീര്‍ഥാടനം 10.30ന് ആശ്രമ ദേവാലയത്തില്‍ വിശുദ്ധന്റെ കബറിടത്തിങ്കല്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പ്രിയോര്‍ ജനറാള്‍ ഫാ.പോള്‍ അച്ചാണ്ടിയുടെ മുഖ്യകാര്‍മികത്വത്തില്‍ സിഎംഐ സഭയിലെ നവവൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ശേഷം നടന്ന പിടിയരി ഊണില്‍ (നേര്‍ച്ച ഭക്ഷണം) ജാതിമതഭേദമെന്യേ ആയിരക്കണക്കിന് വിശ്വസികള്‍ പങ്കെടുത്തു. വൈകുന്നേരം 4.30നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് പ്രസുദേന്തി തിരി നല്‍കലിനുശേഷം ആറിനു ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അമ്പടിയോടെ വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം മന്നാനത്തിന് ഭക്തിയുടെ നിറവേകി.

കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ വിശുദ്ധന്റെ തിരുസ്വരൂപത്തെ പിന്തുടര്‍ന്നു. പ്രദക്ഷിണം ഫാത്തിമ മാതാ കപ്പേളയില്‍ എത്തിയപ്പോള്‍ ഫാ.ഡേവിസ് ചിറമ്മേല്‍ സന്ദേശം നല്‍കി. ആശ്രമ ദേവാലയത്തില്‍ പ്രദക്ഷിണം സമാപിച്ചശേഷം നടന്ന തിരുശേഷിപ്പ് വണക്കത്തോടെ തിരുനാളിന് സമാപനമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.