ബഥാനിയായിലെ വിശുദ്ധ മർത്തായുടെ ചൈതന്യം പേറുന്ന സന്യാസ സമൂഹം 

സി. നവ്യ മരിയ SMC

ബഥാനിയായിലെ വി. മര്‍ത്തായുടെ സുവിശേഷ ചൈതന്യം മാതൃകയായി സ്വീകരിച്ചുകൊണ്ട് സ്ഥാപിതമായ ഒരു സന്യാസിനീ സമൂഹമാണ് സെന്റ് മര്‍ത്തായുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹം. 1958 മാര്‍ച്ച് 11 -ന് പാലാ രൂപതയില്‍പ്പെട്ട മൂലമറ്റം ഇടവകയില്‍ ആണ് ഈ സന്യാസിനീ സമൂഹം രൂപം കൊണ്ടത്. ഈ സന്യാസ സഭ ആരംഭിച്ചത് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, ശ്രീ മാത്യു ജോസഫ് കളപ്പുര എന്നിവര്‍ ചേര്‍ന്നാണ്. ഏതൊരു സന്യാസ സമൂഹത്തിന്റെയും ആരംഭവും വളര്‍ച്ചയും അതിനാല്‍ തന്നെ വ്യത്യസ്തവും അനന്യവും ആയിരിക്കുന്നതുപോലെ സെന്റ് മര്‍ത്തായുടെ സഹോദരിമാരുടെ സഭാചരിത്രവും വ്യത്യസ്തപ്പെട്ടിരിക്കുന്നു.

കാരിസവും ചൈതന്യവും

സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ് സന്യാസിനീ സമൂഹത്തിന്റെ തനിമയുടെ ഉറവിടം ബഥാനിയായിലെ വി. മര്‍ത്തായാണ്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമഞ്ജസമായി സമ്മേളിപ്പിച്ചു കൊണ്ടുപോകുക. പ്രവര്‍ത്തനങ്ങളുടെയിടയിലും ദൈവവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥനാ ചൈതന്യം നിലനിര്‍ത്തുക, അദ്ധ്വാനപരമായ ലളിത ജീവിതം നയിക്കുക, എപ്പോഴും എല്ലായിടത്തും ശുശ്രൂഷാ മനോഭാവം പുലര്‍ത്തുക, എളിയ ശുശ്രൂഷകള്‍പോലും ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുക തുടങ്ങിയവയാണ് ഈ സന്യാസിനീ സമൂഹത്തിന്റെ കാരിസവും ചൈതന്യവും. ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്. ( മത്തായി 20 -28 ) എന്ന തിരുവചനത്തില്‍ ഊന്നി ദൈവജനത്തിന് പ്രത്യേകിച്ച് പാവപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി എളിയ ശുശ്രൂഷ ചെയ്യുക എന്നതാണ് സഭയുടെ കാരിസം. ‘സേവനത്തില്‍ മഹത്വം’ എന്നതാണ് ഈ സന്യാസിനീ സമൂഹത്തിന്റെ മുദ്രാവാക്യം.

ശുശ്രൂഷാ മേഖലകള്‍

ഈ സമൂഹത്തിലെ സന്യാസിനികൾ ഏര്‍പ്പെട്ടിരിക്കുന്ന വ്യത്യസ്തമായ അപ്പസ്‌തോലിക പ്രവര്‍ത്തന മണ്ഡലങ്ങള്‍ നേഴ്‌സറി സ്കൂള്‍, ഡെ കെയര്‍, തയ്യല്‍ സെന്ററുകള്‍, മുദ്രണാലയ പ്രേഷിതത്വം, വിദ്യാഭ്യാസ പ്രേഷിതത്വം, ആതുര ശുശ്രൂഷ, ബാല മന്ദിരങ്ങള്‍, കൗണ്‍സിലിംഗ്‌, സുവിശേഷവൽക്കരണം, ഡിസ്പന്‍സറികള്‍, വൃദ്ധ മന്ദിരങ്ങള്‍, ഹോസ്റ്റല്‍, സ്ത്രീശാക്തീകരണം എന്നിവയാണ്. കൂടാതെ ഇന്നിന്റെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കുടുംബ പ്രേഷിതത്വം, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗങ്ങളിലും അംഗങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു.

മറ്റുള്ളവരെ ഉപരിനന്‍മയിലേയ്ക്ക് നയിക്കുവാനായി ദൈവം ചില പ്രത്യേക വ്യക്തികള്‍ക്ക് നല്‍കുന്ന കൃപയാണല്ലോ കാരിസം എന്ന് പറയുന്നത്. ഓരോ സന്യാസ സമൂഹത്തിന്റെയും കാരിസം വ്യത്യസ്തപ്പെട്ടിരിക്കുന്നു. സന്യാസ സമൂഹത്തിന്റെ  അടിസ്ഥാനം നിലകെള്ളുന്നത് ഈ കാരിസത്തിലാണ്.

ഈശോയെ കാണിച്ചു കൊടുക്കുവാന്‍

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ് സന്യാസിനീ സമൂഹത്തിന്റെ കാരിസം സേവനത്തില്‍ മഹത്വം എന്നുള്ളതാണ്. ഈ സന്യാസിനികൾ തങ്ങളുടെ കാരിസം ജീവിക്കുന്നത് സമൂഹത്തിന്റെ പല തട്ടുകളില്‍ ഉള്ളവരെ പ്രത്യേകിച്ച് അവണിക്കപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും തങ്ങളോടു ചേര്‍ത്തു നിര്‍ത്തിക്കൊണ്ടാണ്. പാവപ്പട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ ഇവർ  ബദ്ധശ്രദ്ധരാണ്. വിവിധ തരത്തിലുള്ള സേവനങ്ങളിലൂടെയും സഹായങ്ങളിലൂടെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈശോയുടെ മുഖം കാണിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. ശുശ്രൂഷാ മണ്ഡലങ്ങളില്‍ സ്വയം മുറിയപ്പെടാനും പകുത്തുകൊടുക്കുവാനും ചേര്‍ത്തു നിര്‍ത്തുവാനും തക്ക വിധത്തിലുള്ള പരിശീലനം ഓരോ മര്‍ത്താ സന്യാസിനിയ്ക്കും ലഭിക്കുന്നു.

സേവനത്തില്‍ മഹത്വം എന്ന കാരിസം ജീവിച്ചുകൊണ്ട് പലവിധത്തിലാണ് സമൂഹത്തിലേയ്ക്ക് ഇവർ ഇറങ്ങിചെല്ലുന്നത്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം നല്‍കിവരുന്നു. ഒപ്പം ധാരാളം പെണ്‍കുട്ടികള്‍ക്കു ഉപരിപഠനം നടത്തുന്നതിനായി ധനസഹായം നല്‍കുന്നു. ഞങ്ങളുടെ ഹോസ്റ്റലുകളില്‍ നന്നായി പഠിക്കുന്ന എന്നാല്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നു.

മാരകമായ രോഗംമൂലം നിരാലംബരായ കുടുംബങ്ങള്‍ക്ക് ഒരു കൈതാങ്ങായി ചികിത്സാ സഹായവും മറ്റും ചെയ്തുവരുന്നു. സ്ത്രീ ശാക്തീകരണത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ട് അവരെ ഒരുമിച്ചു കൂട്ടി ക്ലാസുകള്‍ നയിക്കുകയും സ്വയം സേവാ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പ്രോജക്ടുകള്‍ നടപ്പിലാക്കിവരുന്നു.

പാര്‍ശ്വവത്കരിക്കപ്പെട്ടവരോടൊപ്പം  

സമൂഹത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍ ജീവിക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സൗജന്യ ട്യൂഷനും പ്രോത്സാഹനവും കൊടുത്ത് സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് വരുവാന്‍ അവരെ പ്രാപ്തരാക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയ കാലത്ത് വീടും സ്ഥലവും നഷ്ടപ്പട്ട ഒന്ന് രണ്ട് കുടുംബങ്ങള്‍ക്ക് സന്യാസ സമൂഹത്തിന്റെ അധീനതയിലുള്ള കുറച്ചു സ്ഥലം കൊടുക്കുകയും ഭവനങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു. കാലഘട്ടത്തിന്റെ കെടുതികള്‍ക്കനുസരിച്ച് അവശത അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു വരുന്നു. മനുഷ്യത്വം നഷ്ടപ്പെട്ട സമൂഹത്തില്‍ മനുഷ്യപ്പറ്റിന്റെ സന്ദേശ വാഹകരാകുവാന്‍ സെന്റ് മര്‍ത്താസ് സന്യാസിനീ സമൂഹം ശ്രദ്ധിക്കുന്നു.

കൊറോണ സമയത്തും അനേകര്‍ക്ക് ആശ്വാസമേകി  

ഈ കോവിഡ് -19 ന്റെ കാലഘട്ടത്തില്‍ തകര്‍ന്നുപോയ പലകുടുംബങ്ങളെയും കണ്ടെത്തി അവരെ പുനരുദ്ധരിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരെ ചേര്‍ത്തു നിര്‍ത്തുവാനും ഇല്ലായ്മയില്‍ നിന്ന് കരകയറ്റുവാനും ശ്രദ്ധചെലുത്തുന്നു. ധാരാളം മാസ്‌കുകള്‍ നിര്‍മ്മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു ഈ സന്യാസിനികൾ. ഈ വര്‍ഷത്തെ ജനറല്‍ സിനാക്‌സിസ് കുടുംബ പ്രേഷിതത്വത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.

ഭവന സന്ദര്‍ശനവും കുടുംബ കൗണ്‍സിലിംഗും നിരാശയിലും മദ്യപാനത്തിന്റെ അടിമത്വത്തിലും കഴിയുന്നവരെ ഉപദേശവും പരിശ്രമവും വഴി ഈശോയുടെ കരുണാര്‍ദ്ര സ്നേഹത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുവാനും കുടുംബങ്ങളെ ദൈവത്തോടും തിരുസഭയോടും കൂടുതല്‍ അടുപ്പിക്കുവാനും  ഇവർ പരിശ്രമിക്കുന്നു. നമ്മുടെ സാന്നിധ്യവും സ്‌നേഹവും പ്രാര്‍ത്ഥനയും കാത്തിരിക്കുന്ന കുടുംബങ്ങളിലേയ്ക്ക് ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ച വി. മര്‍ത്തായെപ്പോലെ കടന്നു ചെന്ന് ദൈവസ്നേഹ കാരുണ്യത്തിന്റെ സാക്ഷ്യം വഹിക്കുകയാണ് ഈ സന്യാസിനീ സമൂഹം.

കാലത്തിനതീതമായ കരുണയുടെ കരം നീട്ടി ചെറിയവരെ, വലിയവരായി കാണാനും കണ്ടുമുട്ടുന്ന ഓരോരുത്തരേയും സന്തുഷ്ടരാക്കാനും മര്‍ത്താസ് സഹോദരിമാര്‍ ശ്രദ്ധിക്കുന്നു. സേവനത്തില്‍ മഹത്വമെന്ന കാരിസത്തിന്റെ ചൈതന്യത്തില്‍ ജീവിതാവസാനം വരെ മുന്നേറാന്‍ ഓരോ സമര്‍പ്പിതയും ശ്രദ്ധചെലുത്തുന്നു. ഇവർ ഓരോ നിമിഷവും സന്യാസ സമൂഹത്തന്റെ ചൈതന്യം സ്വാംശീകരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഒപ്പം വി. മര്‍ത്തയുടെ ശുശ്രൂഷാചൈതന്യം കാത്തു സൂക്ഷിക്കുന്നു.

സി. നവ്യ മരിയ SMC  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.