പിതാവാകുമ്പോൾ ഒരു പുരുഷനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ  

ആദ്യമായി ഒരു കുഞ്ഞുപിറക്കുമ്പോൾ ഓരോ അപ്പനും അമ്മയെപ്പോലെ തന്നെ ഒരുപാട് ആശങ്കകൾ ഉണ്ടാകും. ഭൗതികമായ എല്ലാ ഒരുക്കങ്ങളും നടത്തുമെങ്കിലും എല്ലാ അപ്പന്മാരും തന്നെ മാനസികമായിട്ടുള്ള തയാറെടുപ്പുകൾ നടത്താറില്ല. ദൈനംദിന പ്രവർത്തനങ്ങളിൽ ചില മാറ്റങ്ങൾ നടത്തേണ്ടി വരും. എങ്കിലും അറിയാതെ തന്നെ ചില നല്ല കാര്യങ്ങൾ ഓരോ അപ്പന്റെയും ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. പ്രതീക്ഷകളെ ഉയർത്തുന്നു

നമ്മുടെ ജീവിതത്തിൽ പുത്തൻ പ്രതീക്ഷകൾ കടന്നുവരുന്നു. അതോടൊപ്പം നല്ല സ്വപനങ്ങൾ കാണാനുള്ള പുത്തൻ പ്രചോദനങ്ങൾ ഉണ്ടാകുന്നു. ഇവ ജീവിതത്തെ കൂടുതൽ സുന്ദരമാക്കുകയും പോസിറ്റീവ് എനർജി ഉണ്ടാവുകയും ചെയ്യുന്നു. ഒരു അപ്പനെന്ന സ്ഥാനത്തേക്കുള്ള വളർച്ച കൂടുതൽ ഉത്തരവാദിത്വ ബോധം നൽകുകയും ചെയ്യുന്നു.

2. ജീവിതത്തിൽ കൂടുതൽ അടുക്കും ചിട്ടയും കൈവരും

ഉത്തരവാദിത്വ ബോധമില്ലാതെ അന്നുവരെ ജീവിച്ചിരുന്നവർ പോലും കുറച്ചു ദിശാബോധത്തോടെ ചിന്തിക്കാനും പെരുമാറാനും അന്നുമുതൽ ആരംഭിക്കും. കാരണം, കുഞ്ഞിന്റെ ഇഷ്ട്ടങ്ങളും നിഷ്‌ഠകൾക്കുമാകും അന്നുമുതൽ പ്രാധാന്യം നൽകുക. ഉദാഹരണത്തിന്, കുഞ്ഞുറങ്ങുമ്പോൾ ശബ്ദം ഉണ്ടാക്കാതിരിക്കാനും, അവൻ്റെ താത്പര്യങ്ങൾക്കനുസരിച്ച് വിട്ടുവീഴ്ചകൾ ചെയ്യാനും ഒരു പിതാവെന്ന നിലയിൽ ശീലിച്ചു തുടങ്ങും.

3. കുട്ടികൾ ജീവിതത്തെ കൂടുതൽ ഉല്ലാസപൂർണമാക്കുന്നു

കുട്ടികളോടൊത്തുള്ള ഇടപെടലുകൾ ജീവിതത്തിൽ കൂടുതൽ ഉല്ലാസം തരുകയും സന്തോഷഭരിതമാക്കുകയും ചെയ്യുന്നു. കുട്ടികൾ നമ്മെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭാസമാണെന്ന് അവരോട് അടുത്തിടപഴകുമ്പോൾ നമുക്ക് മനസിലാകും. അതിനാൽ ജീവിതത്തിന്റെ വളരെ സുന്ദരമായ നിമിഷങ്ങളാണ് കുട്ടികളോടൊപ്പമുള്ള കാലഘട്ടമെന്ന് മനസിലാക്കുക.

4. നിങ്ങൾ ക്രീയേറ്റീവ് ആയ സ്വഭാവമുള്ളവരാകും

കുഞ്ഞുങ്ങളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും കൂടുതൽ ജീവസുറ്റതാകും. അതോടൊപ്പം കൂടുതൽ സർഗാത്മകതയോടെ ചിന്തിക്കാൻ തുടങ്ങുന്നവരുമാകും. കാരണം, കുട്ടികളോടൊപ്പമുള്ള ജീവിതം കൂടുതൽ ചലനാത്മകമാണ്. അതിനാൽത്തന്നെ നമ്മുടെ മനസും അതിനനുസരിച്ച് കൂടുതൽ പോസിറ്റീവായി ചിന്തിച്ച് തുടങ്ങും. മാനസികമായ കൂടുതൽ ചലനാത്മകത കൈവരുവാൻ ഇടയാക്കുകയും ചെയ്യും.