നല്ല അയല്‍ക്കാരായി ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സമരിറ്റന്‍ സേനാംഗങ്ങളും

കീര്‍ത്തി ജേക്കബ്

സമൂഹത്തിന്റെ ഉന്നമനത്തിനായി 1966 മുതല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാസ്സ് (ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി). ജാതിമത വ്യത്യാസമന്യേ പ്രവര്‍ത്തിക്കുന്ന സംഘടന, സമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു മുന്നില്‍ ആശ്വാസകിരണമായി പ്രശോഭിക്കുകയാണ്.

കോവിഡ്-19 എന്ന മഹാവ്യാധി ലോകത്തെ പിടിച്ചുലച്ചു തുടങ്ങിയപ്പോഴും ആലംബഹീനര്‍ക്ക് സഹായഹസ്തമേകുവാനായി സംഘടന തുനിഞ്ഞിറങ്ങുകയുണ്ടായി. കോവിഡ് രോഗികളെ ഒറ്റപ്പെടുത്തുന്ന പ്രവണതയ്ക്കും കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധിക്കും എതിരെയായിരുന്നു ആ പോരാട്ടം. ജീവന്‍ പോലും പണയം വച്ചുള്ള പ്രസ്തുതദൗത്യം ഇപ്പോഴും തുടരുകയാണ്. അത്യന്തം ശ്രമകരവും വെല്ലുവിളി നിറഞ്ഞതുമായ ആ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ചാസ്സിന്റെ ഡയറക്ടര്‍ ഫാ. ജോസഫ് കളരിയ്ക്കല്‍. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്…

സമരിറ്റന്‍സ് സേനയുടെ രൂപീകരണം

കോവിഡിന്റെ ആദ്യതരംഗത്തില്‍ പതറിപ്പോയ ഒരു സമൂഹമായിരുന്നു നമ്മുടേത്. എന്തു ചെയ്യണമെന്നു പോലും അറിയാതെ വലഞ്ഞ ദിനങ്ങള്‍. കോവിഡ് ബാധിച്ച് ആളുകള്‍ മരിച്ചപ്പോള്‍ അവരുടെ മൃതസംസ്‌കാരവുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങളും ഭയപ്പാടുകളും ആശയക്കുഴപ്പങ്ങളും ഉടലെടുത്തു. പിന്നീട് ഇതു സംബന്ധിച്ച് കെസിബിസി തലത്തില്‍ ആലോചനകളും നടന്നു. അതനുസരിച്ചാണ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമായി ചാസ്സിന്റെ ആഭിമുഖ്യത്തില്‍ എകെസിസി, യുവദീപ്തി അംഗങ്ങളുടെ പങ്കാളിത്തത്തോടെ സമരിറ്റന്‍സ് സേനയ്ക്ക് രൂപം കൊടുത്തത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രത്യേകം ഗ്രൂപ്പുകളാണ് രൂപീകരിച്ചത്.

സന്നദ്ധപ്രവര്‍ത്തകരുടെ മികച്ച പങ്കാളിത്തം

സമരിറ്റന്‍സ് ഗ്രൂപ്പുകളില്‍ ധാരാളം ആളുകള്‍ സന്നദ്ധപ്രവര്‍ത്തകരായി ചേര്‍ന്നു. അംഗങ്ങളുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു. ചങ്ങനാശ്ശേരി സമരിറ്റന്‍സ് എന്ന പേരില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ അംഗങ്ങള്‍ക്കായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. കോവിഡ് മരണങ്ങള്‍ സംഭവിച്ചപ്പോഴെല്ലാം സമരിറ്റന്‍ അംഗങ്ങള്‍ പ്രത്യേകിച്ച്, യുവദീപ്തിയിലെ കുട്ടികള്‍ മരണാനന്തര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ സന്നദ്ധരായി. മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് പിപിഇ കിറ്റ് ആവശ്യമായി വന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അവ ലഭ്യമാക്കുവാനും ചാസ്സ് മുന്‍കൈയ്യെടുത്തു. ഏകദേശം മുന്നൂറോളം പിപിഇ കിറ്റുകള്‍ ഇത്തരത്തില്‍ ആവശ്യക്കാരിലെത്തിച്ചു.

ട്രെയിനിംഗ് പ്രോഗ്രാം

സമരിറ്റന്‍സ് സേനയിലെ അംഗങ്ങള്‍ക്ക് കോട്ടയം, ആലപ്പുഴ ജില്ലകളിലെ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ട് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ ക്രമീകരിച്ചു. കോവിഡ് രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, കോവിഡ് രോഗികളെ കൈകാര്യം ചെയ്യേണ്ട വിധം, കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യേണ്ടതെങ്ങനെ, അവരുടെ സംസ്‌കാര ശുശ്രൂഷകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയാണ് ട്രെയിനിംഗിലൂടെ അവര്‍ക്ക് മനസിലാക്കിക്കൊ ടുത്തത്. നേരിട്ടും ഓണ്‍ലൈനായുമെല്ലാം ഒന്നിലധികം ട്രെയിനിംഗ് പ്രോഗ്രാമുകളില്‍ സേനാംഗങ്ങള്‍ എല്ലാവരും പങ്കെടുത്തു. പിന്നീട് ചങ്ങനാശേരി അതിരൂപതയുടെ അരമനയില്‍ വച്ച് വൈദികരും സന്യസ്തരും അത്മായരും അടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട 25 അംഗങ്ങള്‍ക്കായി കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പരിശീലകര്‍ നേരിട്ടെത്തിയും ക്ലാസ് നല്‍കി. മണിമല ഫൊറോനായിലെ തിരഞ്ഞെടുക്കപ്പെട്ട 25 പേര്‍ക്ക് പ്രത്യേകമായി സമാനമായ ഒരു ട്രെയിനിംഗ് പ്രോഗ്രാം ക്രമീകരിക്കുകയും ചെയ്തു.

നല്ല സമരായര്‍ അനേകം

എഴുപതോളം മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് സമരിറ്റന്‍സ് അംഗങ്ങള്‍ സഹായം നല്‍കി. സമരിറ്റന്‍സ് ഗ്രൂപ്പില്‍ അംഗമല്ലാത്തവരും ട്രെയിനിംഗില്‍ പങ്കെടുക്കാത്തവരുമായ ആളുകളും തങ്ങളുടെ ഇടവകകളില്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായപ്പോള്‍ ശുശ്രൂഷകള്‍ക്ക് സഹായമേകാന്‍ സന്നദ്ധരായി എന്നത് എടുത്തുപറയേണ്ടതാണ്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോള്‍ സ്വന്തം ഇടവകയിലെ ആളുകളെ ഏറ്റവും ആദരപൂര്‍വ്വം സംസ്‌കരിക്കാന്‍ തയ്യാറായി അനേകര്‍  മുന്നോട്ടു വന്നുതുടങ്ങി. മരണം നടന്ന വീട്ടിലെ ആളുകള്‍ എല്ലാവരും ക്വാറന്റൈനില്‍ ആകുന്നതിനാല്‍ ഇടവകാംഗങ്ങളുടെ ഉത്തരവാദിത്വം കൂടിയാണല്ലോ മരിച്ച വ്യക്തിയെ പൂര്‍ണ്ണ ബഹുമാനത്തോടെ യാത്രയാക്കുക എന്നത്. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിക്കൊടുത്താല്‍ നമ്മുടെ ആളുകള്‍ സന്മനസ്സോടെ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഇതിലൂടെ വ്യക്തമായി.

പുണ്യം പ്രഘോഷിക്കപ്പെടട്ടെ

മൃതദേഹം ഏറ്റെടുത്ത് കൊണ്ടുപോയി, അത് ദഹിപ്പിച്ച്, ചാരം പെട്ടിക്കുള്ളലാക്കി തരുന്ന ഏജന്‍സികള്‍ ഇന്നുണ്ട്. അടുത്തിടെയായി കാണുന്ന ട്രെന്‍ഡ്, കോവിഡ് മരണം സംഭവിച്ചാല്‍ ഇടവക വികാരിമാര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട ആളുകള്‍ ചോദിക്കുന്നത്, മൃതദേഹം സംസ്‌കരിക്കുന്ന ഏജന്‍സി ഏതാണ് എന്നാണ്. ഏജന്‍സികളാണ് സംസ്‌കാരം നടത്തുന്നതെങ്കിലും മൃതദേഹം കൊണ്ടുവരാനും മറ്റും സന്നദ്ധപ്രവര്‍ത്തകരുടെ സഹായം ആവശ്യമാണല്ലോ. പക്ഷേ, ആ സഹായം ആരും ആവശ്യപ്പെട്ടു കാണാറില്ല. പകരം ആ ഉദ്യമം മരിച്ച വ്യക്തിയുടെ വീട്ടുകാരെ തന്നെ ഏല്‍പിക്കുകയാണ്. അവര്‍ പഞ്ചായത്ത് മെമ്പറോടോ മറ്റോ പറയും. അദ്ദേഹം തന്റെ പാര്‍ട്ടി അംഗങ്ങളായുള്ളവരെ വിളിച്ചുവരുത്തി, അവര്‍ തങ്ങളുടെ പാര്‍ട്ടിയുടെ കൊടിയും ബാനറും ടീഷര്‍ട്ടുമൊക്കെയായി വന്ന് ചടങ്ങു കഴിച്ച് അത് പിന്നീട് വാര്‍ത്തയാക്കി പബ്ലിസിറ്റി നേടി പിരിയുന്നു. ഇതാണ് പതിവ്. ഇത്തരം പ്രവണതയെ തടയണം എന്ന ലക്ഷ്യവും കൂടി ഉള്‍പ്പെടുത്തിയാണ് സമരിറ്റന്‍ സേനയ്ക്ക് രൂപം കൊടുത്തത്. യാതൊരു തരത്തിലുള്ള പ്രചരണമോ പബ്ലിസിറ്റിയോ ഇല്ലാതെ ക്രിസ്തീയപുണ്യം ലക്ഷ്യമാക്കി മാത്രമാണ് ഈ പ്രവര്‍ത്തനങ്ങളില്‍ സമരിറ്റന്‍ അംഗങ്ങള്‍ ഏര്‍പ്പെടുന്നത്.

അഭിനന്ദനവും അംഗീകാരവും

കേരളത്തില്‍ സഭ വളരെ പ്രാധാന്യത്തോടെയാണ് ഈ ശുശ്രൂഷയെ കാണുന്നത്. സമരിറ്റന്‍ സേനയിലെ തിരഞ്ഞെടുക്കപ്പെട്ട പത്തു പേര്‍ക്ക് കെസിബിസി അഭിനന്ദനം അറിയിച്ചുകൊണ്ട് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ സമ്മാനങ്ങളും നല്‍കിയിരുന്നു. ആദ്യകാലങ്ങളില്‍ പല പത്രമാധ്യമങ്ങളും സമരിറ്റന്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഉപരിയായി നിസ്വാര്‍ത്ഥമായ പരസ്‌നേഹത്തിന്റെ മാതൃക ചൂണ്ടിക്കാട്ടിക്കൊണ്ട് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന് പഠിപ്പിച്ച ക്രിസ്തു നല്‍കുന്ന അംഗീകാരം കാത്തിരിക്കാന്‍ ഈ സുമനസ്സുകള്‍ക്കാവട്ടെ.

കീര്‍ത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.