ഐഎസ് തീവ്രവാദികൾ വെടിവെച്ചു തകർത്ത കാസ പ്രദർശനത്തിന്

ഐഎസ് തീവ്രവാദികൾ വെടിവെച്ചു തകര്‍ത്ത കാസ സ്പെയിനിലെ മാലാഗ രൂപതയിലെ ദൈവാലയങ്ങളിൽ പ്രദർശനത്തിന് വയ്ക്കുന്നു. ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സ്മരിക്കാനും പ്രാർത്ഥിക്കാനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ദൈവാലയങ്ങളിൽ ഈ കാസ പ്രദർശിപ്പിക്കുന്നത്.

ഇറാഖിലെ നിനെവേ സമതലത്തിലെ ഖരാക്കോഷ് പട്ടണത്തിലെ കത്തോലിക്കാ ദൈവാലയത്തിൽ നിന്നാണ് ഈ കാസ കണ്ടെത്തിയത്. ഐഎസ് ഭീകരരുടെ ആക്രമണത്തെ തുടർന്ന് വെടിയുണ്ട കയറി ഒരു ഭാഗം തുളഞ്ഞ നിലയിലാണ് കാസ കണ്ടെത്തിയത്. പീഡനത്തിനിരയായ ക്രിസ്ത്യാനികൾക്കായി നടത്തുന്ന വിശുദ്ധ കുർബാനയിൽ പ്രദർശിപ്പിക്കുന്നതിനായി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന ആണ് കാസ എത്തിച്ചു നൽകിയത്.

സഭയുടെ ആദ്യം മുതലേ നിലനിൽക്കുന്നതും ഇന്നും പല ക്രിസ്ത്യാനികളും അനുഭവിക്കുന്നതുമായ മതപരമായ പീഡനം മലാഗയിലെ ജനങ്ങൾക്ക് ദൃശ്യമാക്കുക എന്നതാണ് കാസ ദൃശ്യമാക്കുന്നതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. സെപ്റ്റംബർ 14 വരെ രൂപതയിലെ വിവിധ ദൈവാലയങ്ങളിലൂടെ ഈ കാസ പ്രദർശിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.