ചൈതന്യ മെഡോസ് – ഒമ്പത് പുതിയ ഭവനങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം നടത്തപ്പെട്ടു

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപത വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ മെഡോസ് ഭവന നിര്‍മ്മാണപദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ കരിങ്കുന്നത്ത് നിര്‍മ്മിക്കുന്ന 9 പുതിയ ഭവനങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം നടത്തപ്പെട്ടു.

അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി 9 കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും 5 സെന്റ് സ്ഥലവും ഭവന നിര്‍മ്മാണത്തിനായി 3 ലക്ഷം രൂപാ വീതവും ലഭ്യമാക്കിയാണ് ചൈതന്യ മെഡോസ് ഭവന നിര്‍മ്മാണപദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. കൂടാതെ ഓരോ കുടുംബത്തിനും കൃഷി ആവശ്യത്തിനായി മൂന്ന് സെന്റ് സ്ഥലവും വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭ്യമാക്കും.

കോട്ടയം അതിരൂപതയിലെ വൈദികനായ ജേക്കബ് കളപ്പുരയില്‍ സൗജന്യമായി കരിങ്കുന്നത്ത് ലഭ്യമാക്കിയ 2 ഏക്കര്‍ 35 സെന്റ് സ്ഥലത്താണ് പദ്ധതി യഥാര്‍ത്ഥ്യമാക്കുന്നത്. അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിന്റെ സഹകരണത്തോടെയാണ് കെ.എസ്.എസ്.എസ് പദ്ധതി നടപ്പിലാക്കുന്നത്.

പുതിയ ഭവനങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് വികാരി ഫാ. അലക്‌സ് ഓലിക്കര, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. സൈജു മേക്കര, ബിജി പച്ചിക്കര എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കൈപ്പുഴയില്‍ 7 കുടുംബങ്ങള്‍ക്കും ചേറ്റുകുളത്ത് ഒരു കുടുംബത്തിനും കരിങ്കുന്നത്ത് ആദ്യഘട്ടത്തില്‍ 5 കുടുംബങ്ങള്‍ക്കും വീടും സ്ഥലവും ലഭ്യമാക്കിയതിന്റെ തുടര്‍ച്ചയായിട്ടാണ് 9 കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. മുട്ടം, മ്രാല, കരിങ്കുന്നം, എസ്.എച്ച്. മൗണ്ട്, ചുങ്കം, കോഴിക്കോട്, മണക്കാട് എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.