വിസ്മയക്കാഴ്ചകളൊരുക്കി ചൈതന്യ കാര്‍ഷികമേള

വിസ്മയക്കാഴ്ചകളൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്കേറുന്നു. മുറ-ജാഫര്‍വാദി ഇനത്തില്‍പ്പെട്ട ഭീമന്‍ പോത്തുകളായ സുല്‍ത്താന്റെയും മാണിക്യന്റെയും പ്രദര്‍ശനം, മെഡിക്കല്‍ എക്‌സിബിഷന്‍, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക വിളപ്രദര്‍ശനം, കലാ-കാര്‍ഷിക മത്സരങ്ങള്‍ പനംങ്കഞ്ഞി, എട്ടങ്ങാടി പുഴുക്ക് തുടങ്ങിയവയുടെ രുചികള്‍ സമ്മാനിക്കുന്ന പൗരാണിക ഭോജനശാല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസപ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പക്ഷിമൃഗാദികളെ ക്രമീകരിച്ചുകൊണ്ടുള്ള പെറ്റ് ഷോ, കലാസന്ധ്യകള്‍, പ്രദര്‍ശന വിപണന സ്റ്റോളുകള്‍, കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വെഹിക്കിള്‍ എക്‌സ്‌പോ തുടങ്ങിവ കാണുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് മേളാങ്കണത്തില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

കാര്‍ഷികമേളയുടെ രണ്ടാം ദിനത്തില്‍ നടത്തപ്പെട്ട ഭക്ഷ്യസുരക്ഷദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സാബു തോമസ് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് ഏറ്റവും മികച്ച സ്വാശ്രയസംഘത്തിന് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം കൃപ സൗഹൃദവേദി പുരുഷ സ്വാശ്രയസംഘം    അറുനൂറ്റിമംഗലത്തിനും ഏഴു മണിക്കാറ്റ് പുരുഷ സ്വാശ്രയസംഘം ഏറ്റുമാനൂരിനും സമ്മാനിച്ചു.

കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, കോട്ടയം നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്‌വിഎം, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കാര്‍ഷികമേളയുടെ മൂന്നാം ദിനം പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45- ന് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും തുടര്‍ന്ന് ലഹരിയുടെ ദൂഷ്യവശങ്ങള്‍ ആധുനിക സമൂഹത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറിന് ദീപാനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന്‍ തടത്തില്‍ നേതൃത്വം നല്‍കും. 12.45- ന് വനിതകള്‍ക്കായുള്ള ഉള്ളി പൊളിക്കല്‍ മത്സരവും തുടര്‍ന്ന് പുരുഷന്മാര്‍ക്കായുള്ള വെയിറ്റ് ബാലന്‍സിംഗ് മത്സരവും നടത്തപ്പെടും. 2.15- ന് നടത്തപ്പെടുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. സി.കെ ആശ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.

അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം,എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30 ന് ലാവണ്യ മോഹിനി മലയാളി മങ്ക മത്സരവും 5.30 ന് തുശിമെ കൂന്താരോ നാടന്‍ പാട്ട് ദൃശ്യാവിഷ്‌ക്കാര മത്സരവും നടത്തപ്പെടും. 6.45 ന് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ്, ഫാര്‍മസി & കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിംഗും സംയുക്തമായി അവതരിപ്പിക്കുന്ന കലാ സന്ധ്യയും നടത്തപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.