ചൈതന്യ കാര്‍ഷികമേള 2022 ‘പന്തല്‍കാല്‍നാട്ട് കര്‍മ്മം’ നടത്തപ്പെട്ടു

നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളക്കും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട പ്രദര്‍ശന വിപണന സ്റ്റാളുകളുടെ പന്തല്‍കാല്‍നാട്ട് കര്‍മ്മം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പന്തല്‍കാല്‍നാട്ട് കര്‍മ്മം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, കെ.എസ്.എസ്.എസ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആറ് ദിനങ്ങളിലായി നടത്തപ്പെടുന്ന മേളയോടനുബന്ധിച്ച് നൂറുകണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, മെഡിക്കല്‍ എക്‌സിബിഷന്‍, നേത്രപരിശോധന ക്യാമ്പ്, കാര്‍ഷികവിള പ്രദര്‍ശനം, പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണം, ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല ക്ഷീരകര്‍ഷക അവാര്‍ഡ് സമര്‍പ്പണം, കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ കര്‍മ്മപദ്ധതികളുടെ ഉദ്ഘാടനം, പനങ്കഞ്ഞി, എട്ടങ്ങാടി പുഴുക്ക് തുടങ്ങിയ വിഭവങ്ങളുമായുള്ള പൗരാണിക ഭോജനശാല, നാടന്‍ രുചിവിഭങ്ങള്‍ പങ്കുവയ്ക്കുന്ന തട്ടുകട, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ഏറ്റവും മികച്ച സ്വാശ്രയസംഘത്തിനായുള്ള പുരസ്‌ക്കാര സമര്‍പ്പണം, വിവിധയിനം വിത്തിനങ്ങളുടെയും പുഷ്പ-ഫല-വൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സാരീതികളുടെയും പ്രദര്‍ശനം, മുറ-ജാഫര്‍വാദി ഇനത്തില്‍പ്പെട്ട പോത്ത് രാജക്കന്മാരായ സുല്‍ത്താന്റെയും മാണിക്യന്റെയും പ്രദര്‍ശനം, മന്ത്രിമാര്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള മത-സാമൂഹ്യ-രാഷ്ട്രിയ-സാംസ്കാരികരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം തുടങ്ങി നിരവധിയായ ക്രമീകരണങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.