സെറ്ററിസ് പാരബസ്

ബിബിൻ മഠത്തിൽ

ധ്യാനഗുരുക്കന്മാരും രോഗശാന്തി ശുശ്രൂഷയും എപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. രോഗശാന്തി ശുശ്രൂഷയിലൂടെ എല്ലാ രോഗവും ഭേദമാകുമെങ്കിൽ എന്തുകൊണ്ട് ധ്യാനഗുരുക്കന്മാർക്ക് ആശുപത്രികളിൽ പോയിക്കൂടാ? അങ്ങനെ എങ്കിൽ കത്തോലിക്കാസഭ ആശുപത്രികൾ നടത്തേണ്ടതിന്റെ ആവശ്യമെന്ത്? എല്ലാവർക്കും രോഗശാന്തി ലഭിക്കാത്തത് എന്തുകൊണ്ട്? വായിക്കുക.

‘സെറ്ററിസ് പാരബസ്’ എന്നത് ഞാൻ ആദ്യമായി കേൾക്കുന്നത് എക്കണോമിക്സ് ക്ലാസിലാണ്. ഇത് ഒരു ലാറ്റിൻ ഫ്രേസ് ആണ്. “All other things being equal” അതായത് “മറ്റ് എല്ലാ കാര്യങ്ങളും ഒരേ പോലെയൊ മാറ്റമില്ലാതെയോ തുടർന്നാൽ“ എന്നാണ് ഈ വാക്കിന്‍റെ അർത്ഥം. ഉദാഹരണത്തിന് The law of demand states that, ceteteris paribus (if all other factors remain equal), the higher the price of a good, the less people will demand that good. അതായത് മാങ്ങ നിങ്ങൾക്ക് ഇഷ്ടമാണ്. പക്ഷെ മാങ്ങാ കിലോയ്ക്ക് ഇരുനൂറു രൂപയാണ്. അതുകൊണ്ട് നിങ്ങൾ അത് വാങ്ങാറില്ല. പകരം അമ്പത് രൂപയുടെ പഴം ആണു വാങ്ങുന്നത്. ഇവിടെ മാങ്ങായ്ക്ക് ഡിമാന്റ് ഇല്ലാത്തത് അതിന്റെ വില കൂടുതൽ ആയതുകൊണ്ടാണ്. അതിനെ സപ്പോർട്ട് ചെയ്യുന്ന ഫാക്ടർ ആണു പഴത്തിന്റെ വിലക്കുറവ്. ഇനി ഒരിക്കൽ നിങ്ങൾ കടയിൽ പോകുമ്പോൾ പഴത്തിനും ഇരുനൂറു രൂപ ആയി എന്നു കരുതുക. അപ്പോൾ നിങ്ങൾ പഴം വാങ്ങാതെ മാങ്ങ വാങ്ങും. ഇവിടെ മാങ്ങയുടെ വില കുറഞ്ഞതുകൊണ്ടല്ല ഡിമാന്റ് കൂടിയത്, പഴത്തിന്റെ വില കൂടിയതുകൊണ്ടാണ്. അതുകൊണ്ട് ‘ലോ ഓഫ് ഡിമാന്റ്’ നില നിൽക്കണമെങ്കിൽ ഇതിനെ ബാധിക്കുന്ന മറ്റു കാര്യങ്ങളും അതേപോലെ നിലനിൽക്കേണ്ടതുണ്ട്. അതിനെ ആണ് സെറ്ററിസ് പാരബസ് എന്ന് നാം വിളിക്കുന്നത്.

എക്കണോമിക്സിൽ മാത്രമല്ല, ഒരുവിധം എല്ലാ സയന്റിഫിക് റിസേർച്ചുകളുടെയും ഭാഗമാണു സെറ്ററിസ് പാരബസ്. എപ്പിഡമോളജിയിലും ഇതേ സെറ്ററിസ് പാരബസ് കണ്ടീഷൻസ് പ്രധാനപ്പെട്ടതാണ്. ചെറിയൊരു ഉദാഹരണം പറഞ്ഞാൽ മത്തായിക്ക് അപ്രതീക്ഷിതമായി ചെറിയൊരു തലവേദന തോന്നുന്നു എന്ന് കരുതുക. വെള്ളം കുടിക്കാത്തതുകൊണ്ടാവും തലവേദന എന്നു കരുതി അയാൾ വെള്ളം കുടിക്കുന്നു. എന്നാൽ അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അയാളുടെ തലവേദന കൂടി. അപ്പോൾ അയാൾ ചിന്തിക്കുന്നു. അര മണിക്കൂർ മുമ്പ് വെള്ളത്തിനൊപ്പം ഒരു പാരസെറ്റാമൊൾ കൂടി കഴിച്ചിരുന്നെങ്കിൽ ഈ തലവേദന ഇപ്പോൾ മാറുമായിരുന്നു. തന്റെ തലവേദനയെക്കുറിച്ചുള്ള മത്തായിയുടെ അനുമാനം ശരിയാവും. എന്നാൽ ആ അനുമാനം ഫലവത്താകണമെങ്കിൽ മത്തായി ശ്രദ്ധിക്കേണ്ട വേറെയും ചില കാര്യങ്ങളുണ്ട്. അയാൾ പാരസെറ്റാമോൾ കഴിച്ചിട്ട് കട്ട വെയിലത്ത് ഇറങ്ങരുത്. അല്ലെങ്കിൽ സിനിമാ തീയേറ്ററിൽ പോയിരുന്നു സിനിമ കാണരുത്, അങ്ങനെ അങ്ങനെ… ഇതുപോലെ തലവേദനയെ സ്വാധീനിക്കുന്ന മറ്റു കണ്ടീഷൻസ് മാറിയാൽ അരമണിക്കൂർ മുമ്പ് പാരസെറ്റാമോൾ കഴിച്ചിരുന്നെങ്കിൽ പോലും മത്തായിയുടെ തലവേദന മാറില്ലായിരുന്നു.

മത്തായിയുടെ തലവേദനയിൽ മാത്രമല്ല, ആധൂനിക വൈദ്യശാസ്ത്രത്തിൽ പോലും ചികിത്സാരീതികളും അതിന്റെ ഫലങ്ങളും ഈ കണ്ടീഷൻ അനുസരിച്ചാണു പ്രവർത്തിക്കുന്നത്. അതുകൊണ്ടാണു ഒരേ അസുഖം പിടിക്കുന്ന രണ്ടു വ്യക്തികൾക്ക് ഒരേ മരുന്ന് ഒരേ ഫലം നൽകാത്തത്. ഉദാഹരണത്തിനു രണ്ടു പേർക്ക് ഒരേ തരത്തിലുള്ള അപകടം പറ്റി എന്നിരിക്കട്ടെ. ഒരാൾ ഷുഗർ ഉള്ളയാളും മറ്റേയാൾ ഷുഗർ ഇല്ലാത്തയാളുമാണെങ്കിൽ, അവർക്ക് ഒരേ ട്രീറ്റ്മെന്റ് നൽകിയാൽ ഒരേ പോലെ ആയിരിക്കില്ല അവരുടെ മുറിവ് ഉണങ്ങുന്നത്. എല്ലാ ചികിത്സാരീതികളിലും ഇത് ബാധകമാണ്.

ഈശ്വരവിശ്വാസത്തിന്റെയും ആ വിശ്വാസം നൽകുന്ന ഫലപ്രാപ്തിയുടെയും കാര്യത്തിലും ഇതുപോലെ ഒരു “സെറ്ററിസ് പാരബസ് കണ്ടീഷൻ“ ഉണ്ട്. രോഗസൌഖ്യം പ്രാപിക്കാനായി തന്റെ അടുക്കൽ വരുന്നവരോട് യേശു പറയുന്നു. “നിന്റെ വിശ്വാസം പോലെ നിനക്ക് ഭവിക്കട്ടെ.” അതെ, നിന്റെ വിശ്വാസം എങ്ങനെയാണോ അതിനനുസരിച്ചായിരിക്കും നിനക്ക് ഈശ്വരവിശ്വാസം കൊണ്ടുണ്ടാകുന്ന ഫലപ്രാപ്തിയും. രോഗസൗഖ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഈശ്വരവിശ്വാസം തുണയാകുന്നവരുണ്ട്. അത് ഓരോരുത്തരുടെയും വിശ്വാസത്തിന്റെ ആഴവും പരപ്പുമനുസരിച്ച് ഇരിക്കുമെന്ന് മാത്രം.

‘വിശ്വാസം’ ഒരു പ്രധാന കണ്ടീഷൻ ആകുന്നതുകൊണ്ടാണ് ധ്യാനകേന്ദ്രങ്ങളിലൊ തീർത്ഥാടന കേന്ദ്രങ്ങളിലൊ ഒക്കെ നടക്കുന്ന അത്ഭുതങ്ങൾ മറ്റിടങ്ങളിൽ ചിലപ്പോൾ നടക്കാത്തത്. ചുരുക്കം പറഞ്ഞാൽ ധ്യാനഗുരുക്കന്മാർക്ക് എന്തുകൊണ്ട് ആർ.സി.സിയിൽ പോയി എല്ലാവരെയും സുഖപ്പെടുത്തിക്കൂടാ എന്ന് ചോദിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. മൂന്നു കാരണങ്ങൾ വ്യക്തമായി പറയാം. (1) ധ്യാനഗുരുക്കന്മാർ അല്ല ആത്യന്തികമായി സൗഖ്യം നൽകുന്നത്, ദൈവമാണ്. (2) ആർ.സി.സിയിൽ ആയിരിക്കുന്ന എല്ലാവർക്കും വിശ്വാസം ഉണ്ടാകണം എന്ന് നിർബന്ധമില്ല. (3) ഇനി അഥവാ വിശ്വാസമുണ്ടെങ്കിൽ തന്നെ ദൈവത്തിനു ഓരോരുത്തരെയും കുറിച്ചുള്ള പദ്ധതി വ്യത്യസ്ഥമായിരിക്കും. വിശ്വാസികൾക്ക് ഇതെല്ലാം മനസിലാവും. അവിശ്വാസിക്ക് ഒരിക്കലും മനസിലാവുകയും ഇല്ല.

ഇനി പറയാൻ പോകുന്ന കാര്യം ‘രോഗശാന്തി ശുശ്രൂഷകർ’ എന്ന് അവകാശപ്പെടുന്നവരോടും അവരുടെ പുറകേ പോകുന്ന വിശ്വാസികളോടുമാണ്. രോഗികളെ സുഖപ്പെടുത്തൂ എന്നത് ഈശോ തന്റെ ശിഷ്യന്മാർക്ക് നൽകിയ നിർദ്ദേശവും വരദാനവുമാണ്. പക്ഷെ അത് നിങ്ങളിൽ ചിലർ കരുതുന്നതുപോലെ “പ്രാർത്ഥനയിലൂടെ മാത്രം” അല്ല. സഭക്ക് ഇത് നേരത്തെ മനസിലായിട്ടുണ്ട്. അതുകൊണ്ടാണു ഈ ലോകത്ത് രോഗീശുശ്രൂഷകൾക്കായി ഏറ്റവും വലിയ ആശുപത്രി ശൃംഘലകൾ വിവിധ സഭകൾ സ്ഥാപിച്ചിട്ടുള്ളത്. യഥാർത്ഥ രോഗീശുശ്രൂഷയും രോഗശാന്തി ശുശ്രൂഷകളും നടക്കുന്നത് ഇത്തരം സ്ഥാപനങ്ങളിലൂടെ ആണ്. അതുകൊണ്ട്, നിങ്ങളുടെ ബോർഡുകളിൽ നിന്ന് ‘രോഗശാന്തി ശുശ്രൂഷ’ എന്നെഴുതുന്നതിനെക്കുറിച്ച് ഒരിക്കൽ കൂടി ചിന്തിക്കൂ. ഏറ്റവും മികച്ചത് ‘വിശ്വാസം പ്രഘോഷണം’ എന്ന് എഴുതുന്നത് തന്നെ അല്ലേ? വിശ്വാസികളിൽ ആർക്കെങ്കിലും രോഗശാന്തി പ്രധാനം ചെയ്യാൻ ദൈവം തിരുമനസായാൽ അത് അവിടുന്ന് ചെയ്തുകൊള്ളും.

ചുരുക്കത്തിൽ പറഞ്ഞാൽ വിശ്വസിക്കുന്നവർ അത്ഭുതം കാണും എന്നതിൽ സംശയമില്ല. എന്നാൽ വിശ്വാസം ഒരു ഒറ്റമൂലി അല്ല. ശരിയായ വിശ്വാസം എന്താണെന്ന് തിരിച്ചറിയണമെങ്കിൽ ‘എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്ന് പ്രാർത്ഥിച്ച ഗത്സമേൻ തോട്ടത്തിലെ യേശുവിനെ തിരിച്ചറിയണം. അത് തിരിച്ചറിയാത്തതുകൊണ്ടാണ് പലർക്കും തെറ്റു പറ്റുന്നത്.

ഫാ. ബിബിൻ മഠത്തിൽ