പ്രണയം-ലൈംഗികത-ബ്രഹ്മചര്യം-പൗരോഹിത്യം ധാരണകളും തെറ്റുകളും

Noble Thomas Parackal

ലൈംഗികതക്ക് നിയന്ത്രണങ്ങളില്ലാത്തതും ലൈംഗികധാര്‍മ്മികത വല്ലാതെ അയഞ്ഞുപോയതുമായ കാലഘട്ടത്തില്‍ ലൈംഗികജീവിതം വേണ്ടെന്നു വക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. കപടസദാചാരത്തിന് പേരുകേട്ട കേരളത്തിലാകട്ടെ ഈ അത്ഭുതം ആദരവിലേക്കല്ല അവഹേളനത്തിലേക്കാണ് ജനത്തെ നയിക്കുന്നത്. നൈഷ്ഠികബ്രഹ്മചാരികളെക്കുറിച്ച് പുരാണങ്ങളിലും മറ്റും വായിച്ചറിവു മാത്രമുള്ളവരും സ്വന്തം ജീവിതത്തിന്‍റെ ചുറ്റുവട്ടങ്ങള്‍ക്കകത്തും ദാന്പത്യത്തിലും വിശ്വസ്തത പാലിക്കാന്‍ കഷ്ടപ്പെടുന്നവരുമായ നിരവധി മനുഷ്യര്‍ തങ്ങള്‍ക്കിടയില്‍ ബ്രഹ്മചാരികളായി ജീവിക്കുന്ന കത്തോലിക്കാവൈദികരെ സംശയിക്കുന്നു എന്നതില്‍ അത്ഭുതപ്പെടാനില്ല.

ബ്രഹ്മചര്യം കഠിനമായൊരു പുണ്യമൊന്നുമല്ല. എന്നാല്‍പ്പിന്നെ എന്തിനാണ് ബ്രഹ്മചര്യം എന്ന ചോദ്യം ഉയരാം. ലൈംഗികത മോശമായതുകൊണ്ടാണോ അത് പരിത്യജിച്ച് വിശുദ്ധമായ ജീവിതമെന്ന നിലയില്‍ പൗരോഹിത്യം സ്വീകരിക്കുന്നത് എന്നത് പലരും ഉന്നയിക്കുന്ന ചോദ്യവുമാണ്. ക്രിസ്തുവിന്‍റെ പൗരോഹിത്യം, കത്തോലിക്കാപൗരോഹിത്യം അത് ആവശ്യപ്പെടുന്ന ശുശ്രൂഷകളുടെ മഹത്വംകൊണ്ട് അതിശ്രേഷ്ഠമാണെന്നതില്‍ സംശയമില്ല. എന്നാല്‍ പൗരോഹിത്യം സ്വീകരിക്കുന്നതിനുവേണ്ടി ലൈംഗികതയെ കുറച്ചുകണ്ട് അത് വേണ്ടെന്നുവെക്കുന്നതില്‍ അഭംഗിയുണ്ട്. മാത്രവുമല്ല, ബ്രഹ്മചര്യം പൗരോഹിത്യത്തോട് അവശ്യം ബന്ധപ്പെട്ടിരിക്കുന്ന ഒരു നിബന്ധനയല്ല താനും. (പൗരസ്ത്യ-പാശ്ചാത്യ വ്യത്യസ്തതകളുടെ വെളിച്ചത്തില്‍ ഇത് കൂടുതല്‍ മനസ്സിലാക്കാവുന്നതാണ്).

അപ്പോള്‍പ്പിന്നെ ബ്രഹ്മചര്യത്തോടുള്ള സമീപനം എന്താണ് . . . അതറിയാന്‍ കത്തോലിക്കാസഭ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നതെന്താണെന്ന് മനസ്സിലാക്കണം. ദൈവികദാനമാണത്. അതിവിശുദ്ധമായ ഒരു സമ്മാനം. പരിശുദ്ധ കൂദാശകള്‍ പരികര്‍മ്മം ചെയ്യപ്പെടുന്നത് കൂദാശചെയ്യപ്പെട്ട ദേവാലയത്തിനകത്തുവച്ചായിരിക്കണം എന്നതുപോലെ തന്നെ ലൈംഗികത എന്ന ദൈവികദാനത്തിന്‍റെ വിനിയോഗം വിവാഹം എന്ന കൂദാശയ്ക്കകത്തായിരിക്കണമെന്നതില്‍ കത്തോലിക്കാസഭക്ക് നിര്‍ബന്ധമുണ്ട്. ലൈംഗികതയുടെ സ്വകാര്യതയും വിനിയോഗത്തിലുള്ള നിബന്ധനകളും അതിന്‍റെ ദൈവികമായ ഉത്ഭവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരിശുദ്ധമായ ദൈവികസൃഷ്ടിയുടെ പുനരാവിഷ്കരണത്തിനാണ് ലൈംഗികബന്ധത്തിന്‍റെ നിമിഷങ്ങളില്‍ ദന്പതികള്‍ പരിശ്രമിക്കുന്നത്. അന്ധകാരത്തിനുമേല്‍ ചലിച്ചിരുന്ന ദൈവികചൈതന്യം ദാന്പത്യബന്ധത്തിന്‍റെ മണവറയില്‍ കൂടുകൂട്ടിയിട്ടുണ്ട്.

വിശുദ്ധമായ തന്‍റെ ലൈംഗികതയെ അതിവിശുദ്ധവും പവിത്രവുമായ മറ്റൊരു ലക്ഷ്യത്തിനും നിയോഗത്തിനും വേണ്ടി പരിത്യജിക്കുന്നിടത്താണ് പൗരോഹിത്യത്തിലെ ബ്രഹ്മചര്യജീവിതത്തിന്‍റെ മഹത്വം അടങ്ങിയിരിക്കുന്നത്. ബ്രഹ്മചര്യം ദൈവത്താല്‍ സ്ഥാപിതമാണോ, അവിടുന്ന് അതാവശ്യപ്പെടുന്നുണ്ടോ, പാരന്പര്യത്തിലും അനുഷ്ഠാനങ്ങളിലും അത് നിലനില്ക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളെല്ലാം അര്‍ത്ഥരഹിതമാണ്. ദൈവത്തിനുവേണ്ടി നിലകൊള്ളുന്പോള്‍ ശ്രദ്ധയെ ഏകാഗ്രമാക്കി നിര്‍ത്താന്‍ സഹായിക്കുന്ന ബ്രഹ്മചര്യജീവിതം എന്തുകൊണ്ടു സാധ്യമല്ല, വിവിധങ്ങളായ ആത്മീയസാധനകളില്‍ ബ്രഹ്മചര്യം സ്വയംനിയന്ത്രണത്തിനും പരിശീലനത്തിനും ഉപകരിക്കുമെന്ന അനുഭവാധിഷ്ഠിതമായ പ്രബോധനങ്ങളുള്ളപ്പോള്‍ പുതിയൊരു നിര്‍ദ്ദേശമാണെങ്കില്‍ക്കൂടി എന്തുകൊണ്ടതു സ്വീകരിച്ചുകൂടാ എന്നിങ്ങനെ ചോദ്യത്തിന്‍റെ രീതി നാമൊന്ന് മാറ്റിപ്പിടിക്കേണ്ടതുണ്ട്.

ബ്രഹ്മചര്യജീവിതത്തോട് അവിശ്വസ്തരായ വൈദികരെപ്രതി ഈ ജീവിതശൈലി തന്നെ മാറ്റണമെന്ന് ശഠിക്കുന്നവര്‍ എലിയെപ്പേടിച്ച് ഇല്ലം ചുടണമെന്ന് വാശിപിടിക്കുന്നവരാണ്. ബ്രഹ്മചര്യം നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട കത്തോലിക്കാപൗരോഹിത്യത്തിന്‍റെ ജീവിതശൈലിയാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ സമീപനങ്ങളില്‍ വ്യത്യസ്തതകളുണ്ടെങ്കിലും ഇന്ന് ബ്രഹ്മചര്യം ജീവിക്കുന്ന കത്തോലിക്കാപൗരോഹിത്യം ലോകത്തിന് അസാധാരണകാഴ്ചയല്ല. എക്കാലവും അവിശ്വസ്തതകളുടെ കഥകള്‍ കത്തോലിക്കാപൗരോഹിത്യത്തോട് ബന്ധപ്പെട്ട് നിലനിന്നിരുന്നു. എന്നാല്‍ ഇരുപതു നൂറ്റാണ്ടുകളെ സഭ അതിജീവിച്ചത് ബ്രഹ്മചാരികളായിത്തന്നെ തുടര്‍ന്ന പുരോഹിതരിലൂടെയും വിശുദ്ധരും സഭാസ്നേഹികളുമായ കോടിക്കണക്കിന് വിശ്വാസികളിലൂടെയുമാണ്. കുടുംബത്തെ സ്നേഹിക്കുന്നവര്‍ എലികളെ പിടിച്ച് നശിപ്പിക്കുകയും ഇല്ലം കേടുകൂടാതെ സംരക്ഷിക്കുകയും ചെയ്യും എന്ന് സാമാന്യബോധമുള്ള നമുക്ക് നന്നായറിയാം.

ബ്രഹ്മചാരിയായി ജീവിക്കുന്ന വൈദികന്‍ ലൈംഗികചിന്തകള്‍ക്ക് അതീതനാണെന്നോ ലൈംഗികആകര്‍ഷണങ്ങളില്‍ നിന്ന് മുക്തനാണെന്നോ അര്‍ത്ഥമില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ വിവാഹം കഴിക്കാത്തത് . . . എന്തുകൊണ്ട് നിങ്ങള്‍ക്കൊന്നു പ്രണയിച്ചുകൂടാ . . . യാതൊന്നുമാഗ്രഹിക്കാതെ പ്രണയിക്കുന്നതില്‍ എന്താണ് തെറ്റ് . . . ഉദാത്തസ്നേഹത്തിന്‍റെ പ്രഘോഷകരും പ്രവാചകരുമല്ലേ നിങ്ങള്‍ . . . (ചക്കരേ, നീയെന്തിനാടാ അച്ചന്‍പട്ടത്തിന് പോയത് – എന്നത് മേല്‍പ്പറഞ്ഞ ചോദ്യങ്ങളുടെ ന്യൂ-ഏജ് വേര്‍ഷനാണ്) എന്നിങ്ങനെ നിരവധിയായ ചോദ്യങ്ങള്‍ അഭിമുഖീകരിക്കാത്ത കത്തോലിക്കാവൈദികര്‍ തുലോം തുച്ഛമാണ്. ആരെയും പ്രണയിക്കാതെ ജീവിക്കാമെന്ന് വിചാരിക്കുന്ന മണ്ടനാണ് താങ്കള്‍ എന്ന് അന്യസംസ്ഥാനക്കാരി സഹപാഠിയുടെ കമന്‍റ് കേട്ടിറങ്ങി വരുന്ന വരവാണ് ഞാനും.

ചോദ്യങ്ങളിലെല്ലാം കാര്യമുണ്ട്, ചിലതില്‍ മുനകളുണ്ട്, മൂര്‍ച്ചയുണ്ട്,
ചില ചോദ്യങ്ങളില്‍ പ്രലോഭനങ്ങളുണ്ട്, ക്ഷണമുണ്ട് . . .
മുഖത്തുനോക്കി ചിരിച്ചും കണ്ണിമ നനച്ചും പറയാതെ പറയുന്ന നിരവധി പ്രണയങ്ങള്‍ക്ക് (തന്‍റെ നേരെയുള്ളതും മറ്റുള്ളവരോടുള്ളതും) വൈദികന്‍ സാക്ഷിയാകുന്നുണ്ട്.
വഴിതെറ്റിയതിന്‍റെ തേങ്ങലുകള്‍ കുന്പസാരങ്ങളില്‍ അവന്‍റെ ചെവികള്‍ ശ്രവിക്കുന്നുണ്ട്. . .

ആകര്‍ഷണങ്ങളെ അവന്‍ എങ്ങനെ അതിജീവിക്കും. . . .?
പ്രലോഭനങ്ങളെ അവന്‍ എങ്ങനെ നേരിടും . . . ?
ചോദ്യങ്ങള്‍ക്ക് അവനെങ്ങനെ ഉത്തരം നല്കും. . .?

ദാര്‍ശനികവും ദൈവശാസ്ത്രപരവുമായ ഉത്തരങ്ങള്‍ നല്കാം. പക്ഷേ അത് കേള്‍ക്കുന്നയാളെയോ പറയുന്നയാളെയോ തൃപ്തിപ്പെടുത്തുന്നില്ല. . . അത്തരം ഉത്തരങ്ങള്‍ അപൂര്‍ണ്ണമാണെന്നോ അപ്രായോഗികമാണെന്നോ അര്‍ത്ഥമില്ല. ബ്രഹ്മചര്യം ജീവിക്കാത്തിടത്തോളം കാലം സ്വയം അത് വ്യാഖ്യാനിക്കാനും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും ബുദ്ധിമുട്ടാണ് (ജീവിക്കാത്തൊരാള്‍ക്ക് അത് മനസ്സിലാക്കാനും . . .). ജീവിക്കുന്നവനാകട്ടെ വ്യാഖ്യാനം ചമക്കാന്‍ അശക്തനാകുംവിധം അതിന്‍റെ സൗന്ദര്യത്തില്‍ വശീകരിക്കപ്പെട്ടുപോകയും ചെയ്യുന്നു. ഉത്തരങ്ങളില്ലാത്ത ചോദ്യമാണ് കത്തോലിക്കാപൗരോഹിത്യം . . . ദൈവികമായൊരു സംഗീതമാണത്. . . ആലപിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും മാത്രം ശ്രുതിമധുരമായി അനുഭവപ്പെടുന്ന ഒന്ന് . . . പാടാന്‍ ശ്രമിച്ച് ശ്രുതി തെറ്റിയവരെ വച്ച് ആ സംഗീതത്തിന്‍റെ ആഴമളക്കാന്‍ ശ്രമിക്കരുത്. . . കാരണം അത് ചിട്ടപ്പെടുത്തിയത് ദൈവമാണ്.

ദൈവമേ. . . ചിതറിയ സ്വരത്തില്‍ ഞാന്‍ പാടുന്ന പാട്ടുകള്‍ . . . കേള്‍ക്കണമേ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.