തച്ചന്റെ മകന്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

നിങ്ങളും അത് ശ്രദ്ധിച്ചിട്ടുണ്ടാകും, ‘ഹോട്ടല്‍, ഊണ്‍ തയ്യാര്‍…’ എന്നീ ബോര്‍ഡുകള്‍ പിടിച്ച് ഭക്ഷണശാലകള്‍ക്കു മുമ്പില്‍ യാത്രക്കാരെ മാടിവിളിക്കുന്ന ജീവനക്കാരെ. വെയിലും മഴയും കൊണ്ട് എത്ര മണിക്കൂറുകളാണ് അവര്‍ വഴിയരികില്‍ നിലയുറപ്പിക്കുന്നത്.

പരിചയമുള്ള ഒരു വൈദികനുണ്ട്. വല്ലപ്പോഴും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ ‘ടിപ് ‘ കൊടുക്കുക ഹോട്ടലിനകത്തെ ജീവനക്കാര്‍ക്കു മാത്രമല്ല. പാര്‍ക്കിങ്ങില്‍ ഉള്ളവര്‍ക്കും സെക്യൂരിറ്റി ജീവനക്കാരനുമെല്ലാം എന്തെങ്കിലും നല്‍കുക പതിവാണ്. അതിന് അച്ചന്‍ പറയുന്ന കാരണം ഇതാണ്: “അവരുടെ അദ്ധ്വാനത്തേയും നമ്മള്‍ മാനിക്കേണ്ടേ? ഹോട്ടലിനകത്തെ ജീവനക്കാരെ മാത്രം പരിഗണിക്കുന്നത് ശരിയല്ല. പുറത്ത് നില്‍ക്കുന്നവരും കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കുന്നവരാണ്. അവരുടേതും മാന്യമായ തൊഴിലാണ്.”

ആ ജീവനെക്കാരെയെല്ലാം ‘സാര്‍’ എന്നാണ് അച്ചന്‍ അഭിസംബോധന ചെയ്യുന്നതും. ഏത് തൊഴിലിനും മാന്യതയുണ്ടെന്നു പറയുമ്പോഴും ചില തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോട് നമുക്കുള്ള സമീപനത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമല്ലേ? ഒരു ഉദാഹരണം, വഴിയോരത്ത് ‘സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങ് ‘ എന്ന് എഴുതിയ ടാങ്കുകളുമായി നില്‍ക്കുന്നവരെ കാണുമ്പോള്‍ നമ്മുടെ ചിന്താഗതി എന്താണ്? ഒരു ദിവസത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ എത്രയെത്ര തൊഴിലാളികളുടെ കരങ്ങളാണ് നമ്മുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായകമാകുന്നത്? നാം ഭക്ഷിക്കുന്നവ കൃഷി ചെയ്യുന്നവര്‍, അവ വിതരണം ചെയ്യുന്നവര്‍ തുടങ്ങി തെരുവോര കച്ചവടക്കാര്‍ വരെ എത്രയോ പേര്‍…. ഈ ശൃംഖലയുടെ ഒരു അറ്റത്താണ് നമ്മുടെ ജീവന്റെ നിലനില്‍പ്പ്.

ഒരു ചെറിയ കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം, നമ്മുടെ രക്ഷകനും നാഥനുമായ ക്രിസ്തു അറിയപ്പെട്ടിരുന്നത് ‘തച്ചന്റെ മകന്‍’ എന്നാണ് (Ref: മത്തായി 13:55). അങ്ങനെ അറിയപ്പെടുന്നതില്‍ ക്രിസ്തുവിന് അഭിമാനമായിരുന്നു. മാത്രമല്ല, മീന്‍പിടുത്തക്കാരെയും ചുങ്കക്കാരെയുമെല്ലാം തന്റെ ശിഷ്യഗണത്തില്‍ കൂട്ടിച്ചേര്‍ത്ത ക്രിസ്തു, തൊഴിലിന് നല്‍കിയത് ഒരു പുത്തന്‍ ദര്‍ശനമാണ്.

മെയ്ദിന ആശംസകള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.