പ്രകൃതിയുടെ സ്വരം നാം ശ്രവിക്കണം: വത്തിക്കാന്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍

പ്രകൃതിയുടെ സ്വരം നാം ശ്രവിക്കണമെന്ന് വത്തിക്കാന്റെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, ഡോ. ജോഷ്ട്രോം ഐസക് എസ്.ഡി.ബി. റോമിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തുടക്കമിട്ട ജീവസുറ്റ ഉദ്യാന ദേവാലയത്തില്‍ സെപ്തംബര്‍ 20-ന് ദിവ്യബലി അര്‍പ്പിക്കവെയാണ് ഫാദര്‍ ജോഷ്ട്രോം ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.

ധ്യാനവും സുവിശേഷവത്ക്കരണ സന്നദ്ധതയും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വത്തിക്കാന്റെ പരിസ്ഥിതി-സൃഷ്ടി ഏകോപനത്തിന്റെ ചുമതലയുള്ള ഫാദര്‍ ജോഷ്ട്രോം ദിവ്യബലിമദ്ധ്യേ വചനചിന്തകളും അവസരോചിതമായി പങ്കുവച്ചു. അസ്സീസിയിലെ പോര്‍സ്യൂങ്കോളയില്‍ വിശുദ്ധ ഫ്രാന്‍സിസ് തുടങ്ങിവച്ച പ്രകൃതി രമ്യതയും, 2015 -ല്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച പാരിസ്ഥിതിക ചാക്രികലേഖനം അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെയുടെയും പ്രചോദനം ഉള്‍ക്കൊണ്ട് റോമില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉദ്ഘാടനം നടന്ന ഉദ്യാനത്തില്‍ സൃഷ്ടിയുടെ സ്തുതിപാടുന്ന പ്രതീതിയാണ് പച്ചപ്പുള്ള അന്തരീക്ഷത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

പ്രകൃതിയുടെ നിശ്ശബ്ദതയ്ക്ക് കാതോര്‍ക്കുവാന്‍ ഫാദര്‍ ജോഷ്ട്രോം വചനചിന്തയ്ക്കിടെ ഉദ്‌ബോധിപ്പിച്ചു. ഭൂമിയിലേയ്ക്കും സ്രഷ്ടാവിലേയ്ക്കും സഹോദരീ സഹോദരന്മാരിലേയ്ക്കും, വിശിഷ്യാ നമ്മെക്കാള്‍ എളിയവരും പാവങ്ങളുമായവരിലേയ്ക്ക് തിരിയേണ്ടതിന്റെ ആവശ്യകതയാണ് സുവിശേഷവും ഇന്നിന്റെ ജീവിതചുറ്റുപാടുകളും നമ്മെ വെല്ലുവിളിക്കുന്നതെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.

ദൈവം ദാനമായി തന്ന പൊതുഭവനമായ ഭൂമിസംരക്ഷിക്കുവാന്‍ നാം ഇന്നു ചെയ്യുന്ന ചെറുതും വലുതുമായ എല്ലാക്കാര്യങ്ങളും ഭാവിതലമുറയുടെ നന്മയ്ക്ക് അനിവാര്യമാണെന്ന് തന്റെ മുന്നില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെയും യുവജനങ്ങളെയും കണ്ട ഫാദര്‍ ജോഷ്ട്രോം ഉദ്‌ബോധിപ്പിച്ചു. ഇന്നിന്റെ സാമൂഹിക അടിയന്തിരാവസ്ഥയും മഹാമാരി കാരണമാക്കിയിരിക്കുന്ന ക്ലേശങ്ങളും നമ്മെ വെല്ലുവിളിക്കുന്നത് നാം സ്രഷ്ടാവിലേയ്ക്കും സൃഷ്ടിയിലേയ്ക്കും സഹോദരങ്ങളിലേയ്ക്കും അതിവേഗം തിരിയണമെന്നാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പ്രസ്താവിച്ചു. നാം സഹോദരങ്ങള്‍ക്കൊപ്പം നടന്നുകൊണ്ടാണ് ഈ തിരിച്ചുപോക്ക് യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.