സഭയുടെ ഉറച്ച നിലപാടുകളെ വെല്ലുവിളിക്കാന്‍ ആരു ശ്രമിച്ചാലും വിലപ്പോവില്ല: ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍

സഭാപരമായ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാ സഭയുടെ ഉറച്ച നിലപാടുകളെയും പ്രഖ്യാപനങ്ങളെയും നിരന്തരം വെല്ലുവിളിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരും സഭാസംവിധാനങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവരുമാണെന്നും ഇത്തരം കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

കത്തോലിക്കാ സഭയുടെ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി സഭാമക്കള്‍ക്കായി ചില കുടുംബക്ഷേമ പദ്ധതികള്‍ സീറോ മലബാര്‍ സഭയുടെ ഫാമിലി, ലൈഫ്, ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും പാല രൂപതാദ്ധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത് ഏറെ സ്വാഗതാര്‍ഹവും മാതൃകാപരവുമാണ്. ഇത്തരം ഉറച്ച പ്രഖ്യാപനങ്ങളും തുടര്‍നടപടികളും കത്തോലിക്കാ സഭയുടെ കരുത്തും പ്രതീക്ഷയും സഭാസമൂഹത്തിന്റെ ഭാവിയിലേയ്ക്കുള്ള കരുതലുമാണ്.

സഭാപിതാക്കന്മാര്‍ സഭയിലെ മക്കള്‍ക്കു നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇത്തരം സഭാവിഷയങ്ങള്‍ പൊതുസമൂഹത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ പിന്നിലുള്ള സഭാവിരുദ്ധ കേന്ദ്രങ്ങളുടെ ആസൂത്രിത അജണ്ടകള്‍ എതിര്‍ക്കപ്പെടേണ്ടതും പൊതുസമൂഹം തിരിച്ചറിയേണ്ടതുമാണ്. പ്രഖ്യാപിച്ച കുടുംബക്ഷേമ പദ്ധതികളൊന്നും നിയമവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ മറ്റാരെയും ബാധിക്കുന്നതുമല്ല. കത്തോലിക്കാ സഭയുടെ പഠനങ്ങളിലും കാഴ്ചപ്പാടിലും സര്‍വ്വോപരി വിശ്വാസത്തിലും അടിയുറച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവസരോചിതമായും കാലാനുസൃതമായും വിശ്വാസികള്‍ക്ക് നല്‍കേണ്ടത് സഭാപിതാക്കന്മാരുടെ കടമയും ഉത്തരവാദിത്വവുമാണ്. ആ വലിയ ശുശ്രൂഷാദൗത്യമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചതും തന്റെ പ്രഖ്യാപനത്തിലും നിലപാടിലും അചഞ്ചലനായി ഉറച്ചുനില്‍ക്കുന്നതും.

ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ സഭയുടെ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ജീവന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. സ്നേഹത്തിന്റെയും സേവനത്തിന്റെയും പങ്കുവയ്ക്കലിന്റെയും ശുശ്രൂഷയില്‍ കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച് കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും പ്രാര്‍ത്ഥനാരൂപിയും ജീവന്റെ മഹത്വവും പങ്കുവയ്ക്കുന്നതാണ് കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. ഇതിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയുണ്ടെന്നുള്ളത് കേരളസമൂഹത്തിന് നന്നായിട്ടറിയാം.

ദൈവത്തിന്റെ ദാനമായ കുടുംബത്തിന്റെ സമൃദ്ധിക്കും ഭദ്രതയ്ക്കും നിലനില്‍പിനും പിതൃ, മാതൃ, മക്കള്‍ ബന്ധത്തിന്റെ ഊഷ്മളതയ്ക്കുമായി സഭാപിതാക്കന്മാര്‍ പങ്കുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഏറെ പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷമുള്ളതാണ്. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 2021 മാര്‍ച്ച് 19 മുതല്‍ 2022 മാര്‍ച്ച് 19 വരെ കുടുംബവര്‍ഷമായി ആഗോള കത്തോലിക്കാസഭ ആചരിക്കുന്നു.

ഇതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ കത്തോലിക്കാ രൂപതകളിലും സഭാമക്കള്‍ക്കായി ആഗോള കത്തോലിക്കാസഭ വിശ്വസിക്കുകയും പിന്തുടരുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രബോധനങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധ കുടുംബക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അതിനെയാരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.