കുഷ്ഠരോഗികളുടെ അമ്മയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന നടപടികൾക്ക് തുടക്കമായി

ഡോക്ടറായി സേവനം ചെയ്ത കാലമത്രെയും കുഷ്ഠരോഗികൾക്കായി സേവനം ചെയ്ത ‘കുഷ്ഠരോഗികളുടെ അമ്മ’ എന്നറിയപ്പെടുന്ന ഡോ. വാണ്ട ബ്ലെൻസ്‌ക്കയെ വാഴത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. പോളണ്ടിലെ പോസ്നാൻ അതിരൂപതയുടെ സഹായ മെത്രാൻ ഡാമിയൻ ബ്രൈൽ, ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.

40 വർഷത്തിലേറെയായി കുഷ്ഠരോഗമുള്ളവരെ ബ്ലെൻസ്‌ക പരിചരിക്കുകയും അവിടെയുള്ള ഡോക്ടർമാർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്തു. ഉഗാണ്ടയിലെ ബൂലൂബയിലുള്ള സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റലിനെ അന്താരാഷ്ട്രതലത്തിൽ കുഷ്ഠരോഗികളുടെ ചികിത്സാ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. പ്രാർത്ഥനയിൽ ആഴപ്പെട്ട വിശ്വാസമുള്ള ഒരു സ്ത്രീയാണ് ബ്ലെൻസ്‌കയെന്ന് ബിഷപ്പ് ബ്രൈൽ പറഞ്ഞു.

ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അവൾ വിവിധ മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. വിശ്വാസത്തിൽ ആഴപ്പെടാൻ അവസരം നൽകിയതിൽ ദൈവത്തോട് എന്നും നന്ദിയുള്ളവളും ആയിരുന്നുവെന്ന് പോസ്നാൻ അതിരൂപതയുടെ വെബ്‌സൈറ്റിൽ പറയുന്നു. ഡോക്ടർമാർ അവരുടെ രോഗികളെ സ്നേഹിക്കണമെന്നും അവരെ ഭയപ്പെടരുതെന്നും ബ്ലെൻസ്‌ക പറഞ്ഞിരുന്നു. “ഡോക്ടർ രോഗിയുടെ സുഹൃത്തായിരിക്കണം. ഏറ്റവും ഫലപ്രദമായ ചികിത്സ സ്നേഹമാണ്, ”- ഡോ. ബ്ലെൻസ്‌ക്ക ഇപ്പോഴും മറ്റു ഡോക്ടർമാരെ ഓർമിപ്പിച്ചു.

1911 ഒക്ടോബർ 30 -ന് പോസ്നാനിലാണ് ബ്ലെൻസ്‌ക ജനിച്ചത്. മെഡിക്കൽ ബിരുദം നേടിയ ശേഷം രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയങ്ങളിൽ അവളുടെ ജോലി തടസ്സപ്പെടുന്നതുവരെ പോളണ്ടിൽ ആയിരുന്നു സേവനം. യുദ്ധസമയത്ത്, ഡോക്ടർ നാഷണൽ ആർമി എന്നറിയപ്പെടുന്ന പോളിഷ് പ്രതിരോധ പ്രസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു. തുടർന്ന്, ജർമ്മനിയിലും ഗ്രേറ്റ് ബ്രിട്ടനിലും ട്രോപ്പിക്കൽ  വൈദ്യശാസ്ത്രത്തിൽ നൂതന പഠനങ്ങൾ ബ്ലെൻസ്ക നടത്തി. 1951-ൽ ഉഗാണ്ടയിലേക്ക് താമസം മാറി. അവിടെ കിഴക്കൻ ഉഗാണ്ടയിലെ ബുലൂബ എന്ന ഗ്രാമത്തിലെ കുഷ്ഠരോഗ ചികിത്സാ കേന്ദ്രത്തിൽ ചീഫ് ഫിസിഷ്യനായി ജോലി ചെയ്തു.

ഡോ. ബ്ലെൻസ്‌കയുടെ നേതൃത്വത്തിൽ ആ ആശുപത്രി 100 കിടക്കകളുള്ള ഒന്നായി വളർന്നു. അവളുടെ പ്രവർത്തനത്തെ അംഗീകരിച്ച് ഉഗാണ്ടയിലെ ഗവണ്മെന്റ് ഓണററി പൗരത്വം നൽകി ആദരിച്ചു. 1983-ൽ ബ്ലെൻസ്‌ക ഈ കേന്ദ്രത്തിന്റെ ഉത്തരവാദിത്വം മറ്റൊരാൾക്ക് ഏൽപ്പിച്ചുവെങ്കിലും പോളണ്ടിലേക്ക് പോകാതെ അടുത്ത പതിനൊന്ന് വർഷക്കാലം അവിടെ തന്നെ തുടർന്നു. 2014 -ൽ തൻ്റെ നൂറ്റിമൂന്നാമത്തെ വയസിൽ കുഷ്ടരോഗികളുടെ അമ്മ എന്നറിയപ്പെടുന്ന ഡോ. ബ്ലെൻസ്‌ക അന്തരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.