അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോളിഷ് മെത്രാന്‍സമിതി; പ്രാര്‍ത്ഥനാ ദിനാചരണം കൂടാതെ വിവിധ പദ്ധതികളും

താലിബാന്‍ തീവ്രവാദികളുടെ ഭീഷണിയില്‍ ജീവിതം തള്ളിനീക്കേണ്ടി വരുന്ന അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോളിഷ് മെത്രാന്‍സമിതി. അവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ വിശ്വാസീസമൂഹത്തോട് പോളണ്ടിലെ കത്തോലിക്കാ സഭ ആഹ്വാനം ചെയ്യുകയും അഫ്ഗാന്‍ ജനതയ്ക്കായി സെപ്തംബര്‍ അഞ്ച് ഐക്യദാര്‍ഢ്യ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. പോളിഷ് മെത്രാന്‍സമിതി അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സ്റ്റാനിസ്ലോ ഗേഡക്കിയാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്കു വേണ്ടി സാമ്പത്തികസഹായങ്ങള്‍ നല്‍കാനും അദ്ദേഹം ആഹ്വാനം നല്‍കി. ആയുധങ്ങളുടെ പോര്‍വിളി നിശബ്ദമാകാനും സംവാദത്തിന്റെ മേശയില്‍ നിന്ന് പരിഹാരം കാണാനും സമാധാനത്തിന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത കാര്യവും ആര്‍ച്ചുബിഷപ്പ് ഗേഡക്കി ഓര്‍മ്മിപ്പിച്ചു.

“അഫ്ഗാനില്‍ ആയുധങ്ങളുടെ ആരവത്തിന് അറുതി വരാനും സംവാദത്തിലൂടെ പരിഹാരം കാണാനും വേണ്ടി ദൈവിക ഇടപെടലിനായി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം നമുക്കും സ്വീകരിക്കാം. സഹനത്തിലൂടെ കടന്നുപോകുന്ന അഫ്ഗാന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് സാമ്പത്തികസഹായങ്ങള്‍ ലഭ്യമാക്കാനും സഭാംഗങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു” – ആര്‍ച്ചുബിഷപ്പ് സ്റ്റാനിസ്ലോ ഗേഡക്കി പ്രസ്താവനയില്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലും മറ്റ് രാജ്യങ്ങളിലുമായി കഴിയുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കാനുള്ള ധനസമാഹരണവും ഇതോടൊപ്പം ക്രമീകരിക്കും. അഭയാര്‍ത്ഥികള്‍ക്ക് മരുന്ന് അടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നതിനായി പോളണ്ടിലെ കാരിത്താസും ദേശീയതലത്തില്‍ പദ്ധതിക്ക് തുടക്കമിടുകയാണ്. ‘കാരിത്താസ് പാക്കിസ്ഥാനു’മായി ചേര്‍ന്ന് 1500 കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്ന മൂന്നു മാസത്തെ പദ്ധതിയും ഉടന്‍ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.