കരീബിയയിലെ അഗ്നിപർവ്വത സ്‌ഫോടനത്തിൽ പ്രാർത്ഥന ആവശ്യപ്പെട്ട് കത്തോലിക്കാ സമൂഹം

കിഴക്കൻ കരീബിയൻ പ്രദേശത്തുണ്ടായ അഗ്നിപർവ്വത സ്‌ഫോടനത്തിൽ ആഗോള കത്തോലിക്ക സഭാ വിശ്വാസികളോട് പ്രാർത്ഥന ആവശ്യപ്പെട്ട് കരീബിയയിലെ വിശ്വാസ സമൂഹം. ആയിരക്കണക്കിന് ജനങ്ങൾ താമസിക്കുന്ന ദ്വീപുകളായ കരീബിയയിലെ സെന്റ് വിൻസെന്റ്, ഗ്രെനാഡൈൻസ് ദ്വീപുകളില്‍ നിന്നും ജനങ്ങൾ പലായനം ചെയ്യുവാൻ നിർബന്ധിതരായ സാഹചര്യമാണ് ഉള്ളത്.

രാജ്യത്തെ ഒൻപത് ദ്വീപുകളിലായി ഒരു ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഏപ്രിൽ 11 -ന് നടന്ന രണ്ടാമത്തെ അഗ്നിപർവ്വത സ്‌ഫോടനത്തിൽ വൈദ്യുതി തടസ്സവും ജലവിതരണത്തിൽ തകരാറുകളും ഉണ്ടായിരുന്നു. നിരവധി ദിവസങ്ങളോ ആഴ്ചകളോ തുടരുവാൻ സാധ്യതയുള്ള ഈ സ്ഫോടനം ജന ജീവിതം സ്തംഭിപ്പിച്ചു. ഈ അടിയന്തിര സാഹചര്യത്തിൽ അഭയകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഇടങ്ങളിലെ കോവിഡ് പടരുവാനുള്ള സാഹചര്യവും വിദൂരമല്ല. കത്തോലിക്കാ സ്ഥാപനങ്ങളും സ്കൂളുകളും ഇപ്പോൾ പലായനം ചെയ്യുന്നവരുടെ അഭയകേന്ദ്രങ്ങളാണ്. അടിസ്ഥാന പരമായ ആവശ്യങ്ങളുടെ അഭാവം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സംഭാവനകൾ നൽകുവാൻ പ്രാദേശിക സന്നദ്ധപ്രവർത്തകരോട് കിങ്സ്റ്റൻ രൂപത അഭ്യർത്ഥിച്ചു.

തങ്ങളുടെ രാജ്യത്തിനായി പ്രാർത്ഥന തുടരുമ്പോൾ പലായനം ചെയ്യപ്പെട്ടവരെ പ്രത്യേകമായി ഓർമ്മിക്കണമെന്നു കരീബിയൻ തലസ്ഥാനമായ കിങ്സ്റ്റൻ രൂപത ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.