കത്തോലിക്കാ മതബോധനം ശക്തമാക്കേണ്ടതിലേയ്ക്ക് വിരൽചൂണ്ടി പ്യു റിസേർച്ച് സെന്ററിന്റെ ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പഠനം 

കത്തോലിക്കാ വിശ്വാസികളിൽ മൂന്നിൽ രണ്ടു ശതമാനം ആളുകൾക്കും ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിധ്യത്തിൽ വിശ്വാസമില്ല എന്ന പുതിയ പഠനങ്ങൾ കത്തോലിക്കാ സഭയുടെ മതബോധനം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽചൂണ്ടുന്നുവെന്ന് അമേരിക്കയിലെ ഫ്രാൻസിസ്‌ക്കൻ യൂണിവേഴ്‌സിറ്റി പ്രൊഫസർ ജോൺ ബെർഗ്സ്മ.

കത്തോലിക്കാ സഭയിലെ എല്ലാവർക്കും അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം എന്ന് നാം ധരിക്കരുത്. അടിസ്ഥാനകാര്യങ്ങൾ നമ്മൾ ആവർത്തിച്ചു പഠിപ്പിച്ചു കൊണ്ടിരിക്കണം. അവർക്ക് ആവശ്യമായ വിശ്വാസപരിശീലനം നൽകിക്കൊണ്ടിരിക്കണം – ദൈവശാസ്ത്ര അധ്യാപകനായ ജോൺ ചൂണ്ടിക്കാട്ടി. അടുത്തിടെ പ്യു റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ 31 % കത്തോലിക്കർ മാത്രമാണ് വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഈശോയുടെ തിരുശരീര-രക്തങ്ങളായി മാറുമെന്ന് വിശ്വസിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു.

കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളിൽ പ്രധാനപ്പെട്ടതായ ഒന്നാണ് ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിധ്യത്തിലുള്ള വിശ്വാസം. ഈ വിശ്വാസത്തിലുള്ള കുറവ് സഭയെ ചിന്തിപ്പിക്കുകയും ഇത് പരിഹരിക്കുവാൻ എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പലരും, വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഈശോയുടെ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകമായി ഉപയോഗിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, അപ്പവും വീഞ്ഞും ഈശോയുടെ  തിരുശരീര-രക്തങ്ങൾളായി മാറുന്നുണ്ട് എന്ന കൗദാശികസത്യം വിസ്മരിക്കുന്നു. ഈ പഠനം, തന്നെ പ്രകോപിപ്പിക്കുന്നുവെന്നും ഇത് തലമുറകളായി സഭയിൽ നടന്നുവരുന്ന വിശ്വാസപരിശീലനത്തിലെ പോരായ്മയെയാണ് ചൂണ്ടികാണിക്കുന്നതെന്നും ബിഷപ്പ് റോബർട്ട്  ബാരൻ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.