ഫാത്തിമ സന്ദേശങ്ങളിൽ നിന്നും പ്രായോഗികമായി മനസിലാക്കേണ്ട വസ്തുതകൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിമുപ്പത്തിയാറാം ദിനം, സെപ്റ്റംബർ 19, 2022

ഫാത്തിമ സന്ദേശങ്ങളിൽ നിന്നും പ്രായോഗികമായി മനസിലാക്കേണ്ട വസ്തുതകൾ മാനസാന്തരവും പ്രായശ്ചിത്തവും അല്ലെങ്കിൽ ദൈവശിക്ഷയും ആണെന്ന് ആലക്കളത്തലച്ചൻ പറഞ്ഞുതരുന്നു.

ദൈവകോപം ശാന്തമാക്കുന്നതിനും പാപപരിഹാരത്തിനുമായി പരിശുദ്ധ മറിയം സ്പഷ്ടമായി നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്.

ഒന്നാമതായി, പ്രാർത്ഥന, ജപമാലയുടെ ഇടയ്ക്ക് ചെല്ലാനായി പരിശുദ്ധ മറിയം ഇടയകുട്ടികളെ പഠിപ്പിച്ച, ‘ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ’ എന്നു തുടങ്ങുന്ന ഫാത്തിമാ സുകൃതജപത്തിനു പുറമേ പല പരിഹാരജപങ്ങളും മറിയം കുട്ടികളെ പഠിപ്പിച്ചിരുന്നു. വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ഈശോയുടെ ശരീര-രക്തങ്ങളുടെ യോഗ്യതകളെയും നിന്ദാപരിഹാരമായി പരിശുദ്ധ ത്രീത്വത്തിന് കാഴ്ച വയ്ക്കണമെന്ന് മാലാഖയുടെ ഉപദേശത്തിൽ പറയുന്നു.

രണ്ടാമതായി, ലോകസമാധാനത്തിനും രക്ഷക്കുമായുള്ള ഏറ്റവും ശക്തമായ ഉപാധിയായി ജപമാല പ്രാർത്ഥനയെ മാതാവ് എടുത്തുകാട്ടുന്നു. മൂന്നാമതായി, പ്രായശ്ചിത്തം അതായത് പാപികൾക്കു വേണ്ടി പരിഹാരബലിയായി നമ്മളെത്തന്നെ സമർപ്പിക്കണമെന്നും എല്ലാ കാര്യത്തിലും ദൈവചിത്തത്തിനു വിധേയരാകണമെന്നും പരിശുദ്ധ മറിയം നമ്മെ ഓർമ്മിപ്പിക്കുന്നു.

ദൈവകോപം ശമിപ്പിക്കുന്നതിനുള്ള നാലാമത്തെ മാർഗ്ഗമായി പരിശുദ്ധ മറിയം പറഞ്ഞുതരുന്നത്, മാസാദ്യ ശനിയാഴ്ച ഭക്തിയാണ്. ഈശോയുടെ തിരുഹൃദയത്തിന് മാസാദ്യ വെള്ളിയാഴ്ച പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതു പോലെ ആദ്യ ശനിയാഴ്ച മാതാവിന്റെ തിരുഹൃദയത്തിന് പരിഹാരം ചെയ്യാനുള്ള പ്രത്യേക ദിനമായി ആചരിക്കണമെന്ന് ദൈവമാതാവ് ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.