ഒഡീഷയിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റ് എന്ന പദവി സ്വന്തമാക്കി കത്തോലിക്കാ യുവതി

വാണിജ്യ പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യത്തെ വനിതയാണ് അനുപ്രിയ മധുമിത ലക്ര എന്ന 27-കാരി. ഒറീസയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ള കത്തോലിക്കാ വിശ്വാസിയായ അനുപ്രിയ, വിമാനക്കമ്പനിയായ ഇൻഡിഗോ (ഇന്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്) യിൽ ജോലിക്കു കയറിയെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ഇവർ സ്വീകരിക്കുന്നത്. അതിനു കാരണം അനുപ്രിയ അംഗമായ ആദിവാസി സമൂഹത്തിൽ ഭൂരിഭാഗം വനിതകള്‍ ഇപ്പോഴും നിരക്ഷരരാണ് എന്നതാണ്.

പഠിക്കാൻ അല്ലെങ്കിൽ പഠിപ്പിക്കാൻ സാധിക്കാതിരുന്ന അനേകർക്കിടയിൽ നിന്ന് ഉയർന്നു പറക്കുവാൻ സ്വപ്നം കണ്ട ഈ പെൺകുട്ടിയുടെ ജീവിതത്തിന് നിറം പകർന്നത് കോൺവെന്റ് സ്‌കൂളുകൾ നൽകിയ അറിവും വിദ്യാഭ്യാസവുമാണ്. മൽക്കാഗിരി ജില്ലയിൽ ജനിച്ച അനുപ്രിയ, സെന്റ് ജോർജ്ജ് ഇടവകാംഗമാണ്. “ഈ പെൺകുട്ടി അനേകം പെൺകുട്ടികൾക്ക് ജീവിക്കാൻ പ്രചോദനമാവുകയാണ്” – സെന്റ് ജോർജ്ജ് ഇടവകയിലെ വൈദികനായ ഫാ. സൈമൺ ഇലുവതിംഗൽ പറഞ്ഞു.

ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് അനുപ്രിയയുടെ മാതാപിതാക്കൾ അവളുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ തുണയായത്. അതിന് താങ്ങായി നാട്ടുകാരും വീട്ടുകാരും ഉണ്ടായിരുന്നു. “എല്ലാം ദൈവാനുഗ്രഹം. ദൈവം കൂടെയുണ്ടായതു കൊണ്ടു മാത്രമാണ് അവള്‍ക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്” – അനുപ്രിയയുടെ അമ്മ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.