ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പ്രബോധനങ്ങൾ അബോർഷനെ പിന്തുണയ്ക്കുന്ന നേതാക്കൾക്കും ബാധകം: അറീസിലെ ബിഷപ്പ്

ദയാവധത്തേയും ഗർഭച്ഛിദ്രത്തേയും അനുകൂലിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കും കത്തോലിക്കാ സഭ പഠിപ്പിക്കുന്ന മുഴുവൻ പ്രബോധനങ്ങളും ബാധകമാണെന്ന് അറീസിലെ ബിഷപ്പ് മാർ തോമസ് ഓംസ്റ്റഡ്. യേശുവിന്റെ കുരിശിലെ പീഡാസഹനങ്ങൾ നൽകിയ വലിയൊരു നന്മയാണ് ദിവ്യകാരുണ്യം. ഈ ദിവ്യകാരുണ്യത്തെ അടിസ്ഥാനപ്പെടുത്തി ജീവിക്കുന്ന നമുക്ക് ജീവനെ ഹനിക്കുന്നതായ പ്രവർത്തികളെ അംഗീകരിക്കുവാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവെഴുത്തുകൾ അടിസ്ഥാനപ്പെടുത്തി, കത്തോലിക്കാ സഭയുടെ ക്രിസ്തുവുമായുള്ള ഒന്ന് ചേരൽ വിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെയാണ് നടക്കുന്നത്. അതിനാൽ തന്നെ ഹീന പ്രവർത്തനങ്ങളായ ദയാവധത്തെയും അബോർഷനെയും അനുകൂലിക്കുന്ന രാഷ്ട്രീയ നേതാക്കൾ അനുതപിച്ച് പൊതു മാപ്പു പറയുന്നതുവരെ ദിവ്യകാരുണ്യ സ്വീകരണത്തിൽ നിന്നും വിട്ടു നിൽക്കണമെന്നും ബിഷപ്പ് ഓംസ്റ്റഡ് പറഞ്ഞു.

“പെസഹാ കുഞ്ഞാടല്ലാതെ ഹെബ്രായർക്ക് മോചനത്തിനുള്ള മറ്റൊരു മാർഗ്ഗവും ഇല്ലാതിരുന്നതുപോലെ യേശുവിന്റെ ത്യാഗത്തിന്റെ കൃപയിലൂടെയല്ലാതെ രക്ഷയ്ക്ക് മറ്റൊരു മാർഗ്ഗവുമില്ല. വിശുദ്ധ കുർബാനയിൽ സംബന്ധിക്കുമ്പോൾ പിതാവിന്റെ ഹിതത്തോട് കീഴടങ്ങിയ യേശുവിനോടൊപ്പം നാമും പങ്കുചേരുകയാണ്. അതിനാൽ തന്നെ നമ്മുടെ പാപങ്ങളാൽ അവിടുത്തെ ത്യാഗത്തിന്റെ മഹത്വത്തെ ഇല്ലായ്‌മ ചെയ്യുവാൻ നാം അനുവദിക്കരുത്. വിശ്വാസത്തിനു വലിയ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ കുർബാനയിൽ അധിഷ്ഠിതമായി ശരിയായ മനോഭാവത്തോടെ നാം കർത്താവിനെ സ്വീകരിക്കണം. അപ്പോഴാണ് അവനെ അനുകരിക്കുവാനും അനുഗമിക്കുവാനുമുള്ള ശക്തി നമുക്ക് ലഭിക്കുക. വിശ്വാസം ദുർബലമായിരിക്കുന്നവരോട് നാം ക്ഷമയും അനുകമ്പയും പ്രകാശിപ്പിക്കണം. അപ്പോഴാണ് ക്രിസ്തുവിലുള്ള കൂടിച്ചേരൽ നമുക്കും സാധ്യമാകുക”- ബിഷപ്പ് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.